India
ഇന്ത്യയിലെ കോവിഡ് മരണം നാലുലക്ഷമല്ല; ഞെട്ടിക്കുന്ന കണക്ക് പുറത്ത്
Last updated on Jul 21, 2021, 8:45 am


ഇന്ത്യയിലെ കോവിഡ് മരണം നാലുലക്ഷമല്ലെന്ന ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്. യു.എസിലെ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡെവലപ്മെന്റിന്റെ ഗവേഷണഫലത്തിലാണ് ഇക്കര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ യഥാര്‍ഥ കോവിഡ് മരണസംഖ്യ 40 ലക്ഷം കവിയുമെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മരണസംഖ്യ 4,14,000 എന്നാണ് റിപ്പോര്‍ട്ട്. റോയിട്ടേഴ്സ് ആണ് പഠനം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
ഇന്ത്യയിലെ അധിക കോവിഡ് മരണങ്ങളെക്കുറിച്ച് മൂന്ന് വ്യത്യസ്ത ഡേറ്റബേസ് ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഇന്ത്യന്‍ ജനസംഖ്യയുടെ പകുതിയോളം ഉള്‍ക്കൊള്ളുന്ന ഏഴ് സംസ്ഥാനങ്ങളിലെ മരണ രജിസ്ട്രേഷന് പഠനത്തിന് ആധാരമാക്കി. രാജ്യാന്തരതലത്തില്‍ പ്രായം അടിസ്ഥാനമാക്കിയുള്ള മരണനിരക്ക്/ഇന്ത്യയിലെ പരിശോധനാവിവരങ്ങള്‍, കഴിഞ്ഞ നാലുമാസത്തിനകമുണ്ടായ മരണങ്ങള് കണ്ടെത്താന്‍ 1,77,000 വീടുകളില്‍ നടത്തിയ ഉപഭോക്തൃ സര്‍വേ എന്നിവയും പഠനത്തിനുപയോഗിച്ചു.ഇതുപ്രകാരം മരണസംഖ്യ 34-47 ലക്ഷം വരെ ഉയരാമെന്നാണു ഗവേഷണത്തിലെ കണ്ടെത്തല്‍. അതായത് ഔദ്യോഗികകണക്കിനെക്കാള് പത്തിരട്ടിയാണ് മരണത്തിലുള്ള വര്‍ധന.
അതേസമയം ഈ മരണങ്ങള് എല്ലാം കോവിഡ് മൂലമാകണമെന്നില്ലെന്ന് ഇന്ത്യയിലെ മുന്‍ സാമ്പത്തികോപദേഷ്ടാവും ഗവേഷണ റിപ്പോര്‍ട്ട് തയാറാക്കിയവരിലൊരാളുമായ ഡോ. അരവിന്ദ് സുബ്രഹ്മണ്യന് വിശദീകരക്കുന്നു. കോവിഡ് അനന്തര ആരോഗ്യപ്രശ്നങ്ങള്‍ മൂലമുള്ള മരണങ്ങളും പഠനത്തില്‍ പരിഗണിച്ചുവെന്നും ഇവര്‍ വ്യക്തമാക്കുന്നുണ്ട്.


