India
എ.ഡി.ജി.പി.യുടെ പേരിലെ തട്ടിപ്പ്; സംഘത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പലും ബാങ്ക് ഉദ്യോഗസ്ഥരും
Last updated on Jul 25, 2021, 7:27 am


എഡിജിപി വിജയ് സാക്കറെയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ചവര്‍ക്കെതിരെ കൂടുതല്‍ പരാതി. പ്രതികള്‍ ഇത്തരത്തില്‍ ബെംഗളൂരു, ചെന്നൈ, മധുര എന്നിവിടങ്ങളിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേരിലും പണം തട്ടിയതായി റിപ്പോര്‍ട്ടുകളുണ്ട്.തട്ടിപ്പ് സംഘത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പലും ബാങ്ക് ഉദ്യോഗസ്ഥരുമുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രമുഖരുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കിയ ശേഷം ഈ അക്കൗണ്ടില്‍ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് അയച്ച ശേഷം പണം ആവശ്യപ്പെടുന്നതായിരുന്നു രീതി.
ഇന്നലെയാണ് എഡിജിപി വിജയ് സാക്കറെയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര് പിടിയിലായത് ഉത്തര്‍പ്രദേശ് സ്വദേശികളായ നസീര്‍, മുഷ്താഖ് എന്നിവരാണ് പിടിയിലായത്. ഫേസ്ബുക്കിലൂടെ പണം നല്കാന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി ജിയാസ് ജമാലിനാണ് ഇവര്‍ മെസേജ് അയച്ചത്. വ്യാജ ഫേസ്ബുക്ക് വഴി 10,000 രൂപയാണ് ആവശ്യപ്പെട്ടത്. പണം ഗൂഗിള്‍ പേയിലൂടെ നല്‍കാനും നിര്‍ദ്ദേശിച്ചു. ഇതോടെയാണ് സംഭവം തട്ടിപ്പാണെന്ന് സുഹൃത്തിനു മനസിലാകുന്നത്.തുടര്‍ന്ന് അദ്ദേഹം സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു.മെസേജ് അയച്ച ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങളും പണം ആവശ്യപ്പെട്ട ഗൂഗിള്‍ പേ നമ്പരും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്.


