India
image_print

ഒമിക്രോണിനെതിരെ അതീവ ജാഗ്രതയില്‍ സംസ്ഥാനം; വിദഗ്ധസമിതി യോഗം ഇന്ന് ചേരും

Written by

archanaa chuqwe

ലോകത്തെ ആശങ്കയിലാക്കി ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ അതീവ ജാഗ്രതയില്‍ സംസ്ഥാനം. വാക്സിനേഷന്‍ വേഗത്തിലാക്കാൻ വിദഗ്ധർ നിര്‍ദേശം നൽകിയ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ വിദഗ്ധസമിതി യോഗം ഇന്ന് ചേരും.നിലവിൽ ജനസംഖ്യയുടെ 96 ശതമാനം പേര്‍ ആദ്യഡോസും 63 ശതമാനം പേര്‍ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, രണ്ടാം ഡോസ് വാക്സീൻ എടുക്കാത്ത 14 ലക്ഷം പേര്‍ ഉണ്ടെന്നത് ആശങ്ക സൃക്ഷ്ടിക്കുന്നുണ്ട്. മൂന്നു മാസത്തോളമായി രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് രോഗികളും മരണവും സംസ്ഥാനത്താണ്.

 

 

അതേസമയം ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം ഒമിക്രോൺ ലോകമെങ്ങും ആശങ്ക ഉയർത്തുന്ന സാഹചര്യത്തിൽ വിദേശത്തുനിന്ന് എത്തുന്നവർക്ക് ആർ.ടി.പി.സി.ആർ. പരിശോധനയും ഏഴുദിവസം ക്വാറന്റീനും സംസ്ഥാനം നിർബന്ധമാക്കിയിട്ടുണ്ട്. നിലവിൽ സംസ്ഥാനത്തുനിന്നുള്ള സാംപിളുകളിൽ പുതിയ വകഭേദങ്ങളുണ്ടാകുന്നുണ്ടോ എന്നറിയാൻ തുടർച്ചയായി ജനിതക ശ്രേണീകരണം നടത്തിവരുന്നുണ്ട്. അതിനാൽ വൈറസ് വകഭേദം അതിവേഗം കണ്ടെത്താനാകുമെന്നതാണ് ആരോഗ്യവകുപ്പിന്റെ ആത്മവിശ്വാസം.
നിലവിൽ മൂന്ന് ലാബുകളിലാണ് കേരളത്തിൽനിന്നുള്ള സാംപിളുകളുടെ ജനിതക ശ്രേണീകരണം നടത്തുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഗവേഷണ യൂണിറ്റിലും രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലും പരിശോധന നടത്തുന്നുണ്ട്. വിമാനത്താവളങ്ങളിൽ ഉൾപ്പടെ പരിശോധന കർശനമാക്കാൻ  ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജാഗ്രത നിർദേശം ലഭിച്ചതിന് പിന്നാലെ വിവിധ സംസ്‌ഥാനങ്ങളും വിദേശ യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഗുജറാത്ത്, മഹാരാഷ്ട്ര, ദില്ലി തുടങ്ങിയ ഇടങ്ങളിൽ എല്ലാം നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഇതിന് പുറമെ മുംബൈ വിമാനത്താവളത്തിൽ ദക്ഷിണാഫ്രിക്കയിൽ  നിന്നും എത്തുന്നവർക്ക് ക്വാറന്‍റീനും ഏർപ്പെടുത്തിയിട്ടുണ്ട്.മുൻപ് കണ്ടെത്തിയ കോറോണവൈറസ് വകഭേദങ്ങളെക്കാളും ഏറ്റവും കൂടുതൽ വ്യാപനശേഷിയുള്ള വകനഭേദമാണ് ഒമിക്രോൺ.യു.എസ്, ആസ്ട്രേലിയ, ജപ്പാൻ, ഇറാൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.പുതിയ വകഭേദത്തിനെ ലോകാരോഗ്യസംഘടന ആശങ്കാജനകമായ വകഭേദങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തുന്നത്.

Leave a Reply

Your email address will not be published.