India
കൊടകര കുഴല്‍പ്പണക്കേസ്; തുടരന്വേഷണവുമായി പൊലീസ്
Last updated on Sep 26, 2021, 4:13 pm


കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യല്‍ നാളെ പുനരാരംഭിക്കും. രണ്ട് പ്രതികളോട് നാളെ തൃശ്ശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകാന്‍ പ്രത്യേക അന്വേഷണ സംഘം നിര്‍ദേശം നല്കി. കവര്‍ച്ചാപ്പണത്തിലെ രണ്ടുകോടി കണ്ടെത്തുകയാണ് ലക്ഷ്യം.
കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരകോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് കണ്ടെത്തിയത്. ഈ തുകയുടെ ഉറവിടം കൂടി കണ്ടെത്തും. 22 പ്രതികളെയും ചോദ്യംചെയ്യാന്‍ അനുമതി തേടി പൊലീസ് ഇരിങ്ങാലക്കുട കോടതിയെ സമീപിച്ചിരുന്നു. ബാക്കി കവര്‍ച്ചാ പണം കണ്ടെത്താന്‍ കേസിലെ മുഴുവന്‍ പ്രതികളെയും വീണ്ടും ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. ബിജെപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചോയെന്നതും അന്വേഷണ പരിധിയില്‍ വരും.
കര്‍ണാടകത്തില്‍ നിന്ന് എത്തിച്ച ബിജെപിയുടെ ഫണ്ട് ആണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്ന പരാതിക്കാരന് ധര്‍മ്മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടക്കുക. പിന്നീട് ധര്മ്മരാജന് ഇത് തന്റെ പണമാണെന്നും തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പണത്തിന്റെ ഉറവിടം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ധര്മ്മരാജന് ഇതുവരെ കഴിഞ്ഞിട്ടില്ല.


