India
image_print

ക്രിസ്മസ്;മൂന്ന് ഡയറക്റ്റ് റിലീസുകള്‍ ഉള്‍പ്പെടെ ആറ് ചിത്രങ്ങള്‍

Written by

askshiyas

കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം വരുന്നത് ആഘോഷ കാലമായതിനാല്‍ ഈ ക്രിസ്മസിന് ഒടിടി വഴിയാണ് പ്രധാന റിലീസുകള്‍.മൂന്ന് ഡയറക്റ്റ് റിലീസുകള്‍ ഉള്‍പ്പെടെ ആറ് പ്രധാന ചിത്രങ്ങളാണ് ഈ ക്രിസ്മസ്, ന്യൂഇയര്‍ കാലത്ത് പ്രമുഖ ഓവര്‍ ദ് ടോപ്പ് പ്ലാറ്റ്‌ഫോമുകളിലേക്ക് എത്തുക.ടൊവീനോ തോമസ് ചിത്രം മിന്നല്‍ മുരളി ഡിസംബര്‍ 24ന് നെറ്റ്ഫ്‌ലിക്‌സിലും, ദിലീപിനെ നായകനാക്കി നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥന്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ഡിസംബര്‍ 31നുംഎത്തും.അഹമ്മദ് കബീറിന്റെ സംവിധാനത്തില്‍ ജോജു ജോര്‍ജ് നായകനാവുന്ന മധുരത്തിന്റെ റിലീസ് തീയതി സോണി ലിവ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇവയാണ് ഈ ഫെസ്റ്റിവല്‍ സീസണിലെ മലയാളം ഡയറക്റ്റ് ഒടിടി റിലീസുകള്‍.

 

അതേസമയം സൂപ്പര്‍താരങ്ങളുടെ മൂന്ന് ആഫ്റ്റര്‍ തിയറ്റര്‍ റിലീസുകളും ഒടിടിയിലേക്ക് എത്തുന്നുണ്ട്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ്, സുരേഷ് ഗോപി വീണ്ടും ആക്ഷന്‍ ഹീറോ പരിവേഷത്തോടെയെത്തിയ കാവല്‍ എന്നിവയാണ് ഒടിടി പ്രീമിയറുകള്‍. ഇതില്‍ മരക്കാറും കുറുപ്പും രണ്ട് പ്ലാറ്റ്‌ഫോമുകളിലൂടെയാണെങ്കിലും ഒരേ ദിവസമാണ് എത്തുന്നത്. ഡിസംബര്‍ 17 ആണ് രണ്ട് ചിത്രങ്ങളുടെയും ഒടിടി റിലീസ് തീയതി. മരക്കാര്‍ ആമസോണ്‍ പ്രൈം വീഡിയോയിലും കുറുപ്പ് നെറ്റ്ഫ്‌ളിക്‌സിലുമാണ്. കാവലും നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് എത്തുക. കുറുപ്പിലെ നായിക ശോഭിത ധുലിപാലയാണ് ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ കുറുപ്പിന്റെ നെറ്റ്ഫ്‌ലിക്‌സ് റിലീസ് പ്രഖ്യാപിച്ചത്. ദുല്‍ഖര്‍ സല്‍മാനും സണ്ണി വെയ്‌നും ഇന്ദ്രജിത്തും പ്രധാന വേഷങ്ങളിലെത്തിയ കുറുപ്പിന് തിയറ്ററുകളില്‍ ഗംഭീര സ്വീകരണമാണ് ലഭിച്ചിരുന്നത്. ചിത്രം സ്വപ്ന സമാനമായ അന്‍പത് കോടി ക്ലബിലും ഇടം പിടിച്ചു.പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ കുറുപ്പ് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാര്‍ നാലാമനായി എത്തിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം അഞ്ചു ഭാഷകളിലായാണ് പുറത്തിറങ്ങിയത്. വന്‍താരനിര തന്നെ അണിനിരക്കുന്ന ചിത്രം ആന്റണി പെരുമ്പാവൂരാണ് നിര്‍മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published.