India
പാലാ ബിഷപ്പിന് പിന്തുണയുമായി സീറോ മലബാര്‍ സഭ
Last updated on Sep 22, 2021, 6:35 pm


നാര്‍ക്കോട്ടിക്ക് ജിഹാദ് വിവാദ പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി സിറോ മലബാര്‍ സഭ രംഗത്ത്. ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് സിറോ മലബാര്‍ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷന് അറിയിച്ചു. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടും നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതമെന്നാണ് സഭയുടെ നിലപാട്. കുറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ തുടര്‍ന്നാല്‍ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
സഭാ വിശ്വാസികള്‍ക്കുള്ള പ്രസംഗമായിരുന്നു പാലാ ബിഷപ്പ് നടത്തിയത് എന്നാല്‍ എളുപ്പം വിറ്റഴിയുന്ന മതസ്പര്‍ദ്ധ വര്‍ഗീയത ലേബലുകള്‍ മാര്‍ കല്ലറങ്ങാട്ടിന്റെ പ്രസംഗത്തിന് നല്‍കിയെന്നും സിറോ മലബാര്‍ സഭ ആരോപിക്കുന്നു. ചില രാഷ്ട്രീയ നേതാക്കള്‍ പ്രസംഗത്തെ രണ്ട് മതവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നമായി ചിത്രീകരിച്ചുവെന്നും സഭ കുറ്റപ്പെടുത്തുന്നു. കേരള സമൂഹത്തിന്റെ നന്മയും സമാധാനവും ഇല്ലാതാക്കുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഫലപ്രദമായ അന്വേഷണം വേണമെന്നും സഭ വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.


