India
ബാബുല്‍ സുപ്രിയോ പോയത് പാര്‍ട്ടിയ്ക്ക് നഷ്ടമല്ല; സുവേന്ദു അധികാരി
Last updated on Sep 18, 2021, 6:00 pm


ബാബുല്‍ സുപ്രിയോ പോയത് പാര്‍ട്ടിക്ക് നഷ്ടമല്ലെന്ന് ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി.ജനകീയനായ നേതാവോ നല്ല സംഘാടനകനോ അല്ല. പാര്‍ട്ടി വിടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ബിജെപിയെ നേരത്തെ അറിയിക്കണമായിരുന്നു. എങ്കിലും ബാബുല്‍ എന്റെ സുഹൃത്താണെന്നും സുവേന്ദു അധികാരി പറഞ്ഞു.
മോദി മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കപ്പെട്ടതിന് പിന്നാലെ ബിജെപി വിട്ട മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ടിഎംസി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെയും ഡെറിക് ഒബ്രിയാന് എംപിയുടെയും സാന്നിധ്യത്തിലാണ് പാര്‍ട്ടി പ്രവേശം. മമത ബാനര്‍ജി നിര്‍ണായക പോരാട്ടത്തിനിറങ്ങുന്ന ഭവാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബാബുല്‍ സുപ്രിയോയുടെ തൃണമൂല്‍ പ്രവേശം ബിജെപിക്ക് മുന്നില്‍ തിരിച്ചടിയും മമതയ്ക്ക് നേട്ടവുമായാണ് വിലയിരുത്തപ്പെടുന്നത്.
കേന്ദ്രമന്ത്രി സഭയിലേക്ക് വീണ്ടും പരിഗണിക്കാത്തതിലും പശ്ചിമബംഗാളിലെ സംഘടനാ വിഷയങ്ങളിലും അതൃപ്തി പ്രകടിപ്പിച്ചാണ് ബാബുല്‍ ബിജെപി വിട്ടത്. രാഷ്ട്രീയ പ്രവര്‍ത്തനം ഇവിടെ അവസാനിപ്പിക്കുന്നുവെന്നും ബിജെപിയല്ലാതെ മറ്റൊരു സങ്കേതമില്ലെന്നുമായിരുന്നു നേരത്തെ രാജിപ്രഖ്യാപിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞത്. രാഷ്ട്രീയത്തില്‍നിന്നു വിടവാങ്ങാനുള്ള കാരണം മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയതാണെന്നും പരോക്ഷമായി അദ്ദേഹം പറഞ്ഞുവെച്ചിരുന്നു. ബിജെപി വിട്ട് ഒന്നരമാസത്തിന് ശേഷം അദ്ദേഹം തൃണമൂലില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.


