മസ്കിന് വന്‍ തിരിച്ചടി;സാറ്റലൈറ്റ് ഇന്റര്‍നെറ്റ് പദ്ധതി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്

സ്പേസ്എക്സിനു കീഴിലുള്ള സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനദാതാവായ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ തിരിച്ചടി നേരിട്ടുവെന്ന് റിപ്പോര്‍ട്ട്. സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് സര്‍വീസസ് എന്ന കമ്പനിക്ക് ഇന്ത്യയില്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് നല്കാന് ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും ജനങ്ങള്‍ അവരുടെ സേവനത്തിനായി സബ്സ്ക്രൈബ് ചെയ്യരുതെന്നുമാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികോം ഇറക്കിയ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.രാജ്യത്ത് ഇന്റര്‍നെറ്റ് നല്കണമെങ്കില് ലൈസന്‍സ് നിര്‍ബന്ധമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആര്‍ക്കും സ്റ്റാര്‍ലിങ്ക് ഇന്ത്യയുടെ വെബ്സൈറ്റിലെത്തി സേവനങ്ങള്‍ ബുക്കു ചെയ്യാമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ കമ്പനി രാജ്യത്ത് ഇന്റര്‍നെറ്റ് നല്കാന് ലൈസന്‍സ് നേടിയിട്ടില്ലെന്ന് പൊതുജനത്തെ അറിയിക്കാനാണ് കുറിപ്പ് എന്നും ഡോട്ട് അറിയിച്ചിട്ടുണ്ട്.
ഇത് മസ്കിന്റെ കമ്പനിക്ക് കനത്ത തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍.
അതേസമയം തങ്ങളുടെ സബ്സ്ക്രൈബര്‍മാരുടെ എണ്ണം 5000 കടന്നു എന്നായിരുന്നു അടുത്തിടെ സ്റ്റാര്‍ലിങ്ക് ഇന്ത്യയുടെ മേധാവി സഞ്ജയ് ഭാര്‍ഗവ പറഞ്ഞത്. നിലവില്‍ ലൈസന്‍സ് സമ്പാദിച്ചു കഴിഞ്ഞാല്‍ റിലയന്‍സ് ജിയോ, ഭാര്‍തി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ കമ്പനികളുമായിട്ടായിരിക്കും ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതിനായി സ്റ്റാര്‍ലിങ്ക് മത്സരിക്കുക. എയര്‍ടെല്ലിന്റെ കീഴിലുള്ള സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കമ്പനിയായ വണ്‍വെബ് ആയിരിക്കും അവര്‍ക്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് മേഖലയില്‍ നേരിട്ടുള്ള എതിരാളി.സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ഇപ്പോള്‍ 21 രാജ്യങ്ങളില്‍ ലഭ്യമാണ്. ഇതെല്ലാം തന്നെ പബ്ലിക് ബീറ്റാ എന്ന പേരിലാണ് നല്‍കിവരുന്നത്. എന്നാല്‍, ഇന്ത്യയില്‍ തുടങ്ങാന്‍ വന്‍ ശ്രമമാണ് സ്റ്റാര്‍ലിങ്ക് നടത്തി വരുന്നത്. കാരണം, ലോക ബാങ്കിന്റെ ഡേറ്റ പ്രകാരം ഇന്ത്യയില്‍ ഏകദേശം 89.8 കോടി ഗ്രാമീണരാണ് ഉള്ളത്. ഗ്രാമീണ മേഖലയെ ലക്ഷ്യമിട്ടാണ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് പ്രധാനമായും പ്രവര്‍ത്തിക്കുക.