India
image_print

മാര്‍ക്ക് ജിഹാദ് പരാമര്‍ശനം; കേന്ദ്രത്തിന് മന്ത്രി ശിവന്‍കുട്ടിയുടെ കത്ത്

Written by

archanaa chuqwe

 

‘മാര്‍ക്ക് ജിഹാദ്’ പരാമര്‍ശത്തില്‍ പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ കത്ത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്കും ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കുമാണ് മന്ത്രി കത്തയച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള വര്‍ഗീയതയും വംശീയതയും നിറഞ്ഞ പരാമര്‍ശമാണ് ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ കിരോരി മാള്‍ കോളേജിലെ അധ്യാപകനായ രാകേഷ് കുമാര്‍ നടത്തിയതെന്ന് മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ കാരണമായേക്കാവുന്ന പ്രസ്താവനയാണ് ഇത്. പ്രൊഫസര്‍ക്കെതിരെ ക്രിമിനല്‍ നിയമപ്രകാരവും വകുപ്പുതലത്തിലും നടപടി വേണമെന്നുമാണ് മന്ത്രി കത്തില്‍ ആവശ്യപ്പെടുന്നത്.

ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ കോളേജുകളില്‍ മലയാളി വിദ്യാര്‍ഥികള്‍ പ്രവേശനം നേടുന്നത് തടയാനുള്ള സംഘടിത നീക്കമായി മാത്രമേ ‘മാര്‍ക് ജിഹാദ്’ ആരോപണത്തെ കരുതാനാകൂ എന്ന് നേരത്തെ മന്ത്രി പരാമര്‍ശത്തില്‍ പ്രതികരിച്ചിരുന്നു. മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം തേടുന്ന വിദ്യാര്‍ഥികളെ ചെറിയ കാരണങ്ങള്‍ പറഞ്ഞ് പ്രവേശനത്തില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് ജനാധിപത്യ അവകാശങ്ങളുടെ നിഷേധമാണ്.

കൊവിഡ് മഹാമാരിക്കാലത്ത് കൃത്യമായി ബോര്‍ഡ് പരീക്ഷകളില്‍ പങ്കെടുത്ത് മാര്‍ക്കും ഗ്രേഡും കരസ്ഥമാക്കിയിട്ടുള്ളവരാണ് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍. ‘മെറിറ്റേതര’ കാരണങ്ങള്‍ പറഞ്ഞ് അവരെ ആരെങ്കിലും മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് തീര്‍ത്തും തെറ്റാണെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *