India
വിരാട് കോലി മാറി നില്‍ക്കണം-രവി ശാസ്ത്രി
Last updated on Jan 27, 2022, 12:34 pm


കളിക്കളത്തിനകത്തും പുറത്തും കഴിഞ്ഞ നാലഞ്ചു മാസമായി ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരുപാട് കാര്യങ്ങള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പ് മുതല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ സമീപകാല നാണക്കേട് വരെ ഇക്കൂട്ടത്തില്‍ പെടും.ടീം ഇന്ത്യയുടെ പ്രകടനം ഭാവനയ്ക്കൊത്ത് ഉയര്‍ന്നിട്ടുമില്ല. ഫീല്‍ഡിലെ നിരാശകള്‍ പോരാഞ്ഞിട്ടല്ലെങ്കില്, കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി ഓഫ് ഫീല്‍ഡ് വിവാദങ്ങള്‍ നിറഞ്ഞതാണ്.വിരാട് കോലിയുടെ ക്യാപറ്റന്‍സി വിവാദവും അക്കൂട്ടത്തില്‍പെടുന്നതാണ്.എന്നാലിപ്പോഴിതാ കോലിക്ക് ഒരു ഇടവേള അഭികാമ്യമാണെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് രവി ശാസ്ത്രി.പാക്കിസ്ഥാന് ക്രിക്കറ്റ് താരം ശുഐബ് അക്തറുമായി അദ്ദേഹത്തിന്റെ യുട്യൂബ് ചാനലിനായി നടത്തിയ സംഭാഷണത്തിലാണ് കോലിക്ക് ഒരു ഇടവേള അഭികാമ്യമാണെന്ന് ശാസ്ത്രി ചൂണ്ടിക്കാട്ടിയത്.
‘ഇപ്പോള്‍ കോലി കടുത്ത സമ്മര്‍ദ്ദം നേരിടുന്നുണ്ട്. ഓരോരുത്തരും അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ഒരു മനുഷ്യനും സമ്പൂര്‍ണനല്ല. ക്രിക്കറ്റിലെ മഹാന്മാരായ താരങ്ങള്‍ പോലും ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നത് നാം കണ്ടിട്ടുണ്ട്. സുനില്‍ ഗാവസ്കറും സച്ചിന് തെന്‍ഡുല്‍ക്കറും എം.എസ്. ധോണിയും അക്കൂട്ടത്തിലുണ്ട്. അദ്ദേഹം 94 ടെസ്റ്റുകള്‍ കളിച്ചു. ഇനിയും 10-15 ടെസ്റ്റുകള്‍ കളിക്കാന്‍ കഴിയുമായിരുന്നു. പക്ഷേ, അതിനു നില്‍ക്കാതെ മാറിക്കൊടുത്തു’ – ശാസ്ത്രി ചൂണ്ടിക്കാട്ടി.’33 വയസ്സായെന്ന സത്യം കോലി മനസ്സിലാക്കുന്നുണ്ടാകും. ഇനിയും കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും സജീവമായി തുടരാന്‍ കോലിക്കാകും. ശാന്തമായി ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു സമയം ഒരു കളിയെക്കുറിച്ച് മാത്രം ചിന്തിച്ച് മുന്നോട്ടുപോയാല്‍ കോലിക്ക് മികവു കാട്ടാം. ഇടയ്ക്ക് 2-3 മാസത്തേക്ക് ക്രിക്കറ്റില്‍നിന്ന് ഇടവേളയെടുക്കുന്നതും നല്ലതായിരിക്കും. ഒരു പരമ്പരയില്‍നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുന്നത് ഉപകാരപ്പെടും’ – ശാസ്ത്രി പറഞ്ഞു.


