India
image_print

ഹിറ്റായി സ്‌കോഡ കുഷാഖ് !

Written by

archanaa chuqwe

ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ കോംപാക്ട് എസ്‌യുവി ആയ കുഷാഖ് 2021 ജൂലൈയിലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. മികച്ച ബുക്കിംഗ് നേടി മുന്നേറുകയാണ് വാഹനം. കുഷാക്കിന്റെ ബുക്കിംഗ് 10,000 കടന്നതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയില്‍ സ്‌കോഡ ഓട്ടോയുടെ പ്രവര്‍ത്തനം 20 വര്‍ഷം പൂര്‍ത്തിയായ സന്ദര്‍ഭത്തിലാണ് പുതിയ നാഴികക്കല്ല് പിന്നിടുന്നത്. കൊറോണ മൂലമുണ്ടായ വിപണിയിലെ സമ്മര്‍ദ്ദവും വിതരണത്തിലെ വെല്ലുവിളികളും മറികടന്നാണ് സ്‌കോഡ കുഷാഖിലൂടെ 10000 ബുക്കിങ് പൂര്‍ത്തിയാക്കിയെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍സാക് ഹോളിസ് പറഞ്ഞു.

ജൂണ്‍ 28ന് മോഡല്‍ അവതരിപ്പിച്ചതിന് ശേഷം ഓഗസ്റ്റില്‍ മാത്രം 6,000 ബുക്കിംഗുകള്‍ ഈ മോഡലിന് ലഭിച്ചിട്ടുണ്ട്. രണ്ട് എന്‍ജിന്‍ ഓപ്ഷനൊപ്പം ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനില്‍ ആക്ടീവ്, അംബീഷന്‍, സ്‌റ്റൈല്‍ എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന കുഷാഖിന് 10.49 ലക്ഷം രൂപ മുതല്‍ 17.59 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറും വില. 95 ശതമാനവും പ്രാദേശികമായി നിര്‍മിച്ചതിനാലാണ് കുഷാക്കിനെ ഈ ശ്രേണിയില്‍ തന്നെ ഇത്രയും കുറഞ്ഞ വിലയ്ക്ക് വിപണിയില്‍ എത്തിക്കാന്‍ സാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യ 2.0 പ്രോജക്ടിന്റെ ഭാഗമായി സ്‌കോഡ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ കാറാണ് കുഷാഖ്. സംസ്‌കൃതത്തിലെ കുഷാക് എന്ന വാക്കാണ് ഈ പേരിന് ആധാരം. രാജാവ്, ചക്രവര്‍ത്തി എന്നൊക്കെയാണ് ഈ പേരിന്റെ അര്‍ത്ഥം. ഏറെക്കാലത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് കൊറിയന്‍ ആധിപത്യമുള്ള മിഡ്-സൈസ് എസ്യുവി സെഗ്മെന്റിലേക്ക് യൂറോപ്പിന്റെ കരുത്ത് കാട്ടാന്‍ കുഷാഖ് എത്തിയത്. കുഷാഖിന്റെ മുഖ്യ ലക്ഷ്യം തന്നെ നിലവിലെ വമ്പന്മാരായ ക്രെറ്റയെയും സെല്‍റ്റോസിനെയും മലര്‍ത്തിയടിക്കുക എന്നതാണ്. അതുകൊണ്ടു തന്നെ ഈ വര്‍ഷം എസ്യുവിയുടെ കുറഞ്ഞത് 50,000 യൂണിറ്റുകള്‍ എങ്കിലും വിറ്റഴിക്കാനാണ് സ്‌കോഡ പദ്ധതിയിട്ടിരിക്കുന്നത് എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published.