India
image_print

മിലാനെ അവസാന മിനുട്ടിൽ കീഴടക്കി അത്‍ലറ്റിക്കോ

Written by

archanaa chuqwe

ലാലിഗ ചാമ്പ്യന്മാരായ അത്‍ലറ്റിക്കോ മാഡ്രിഡിന് എസി മിലാനെതിരെ ജയം. ഏഴ് വർഷങ്ങൾക്ക് ശേഷം ചാമ്പ്യൻസ് ലീഗിൽ ഹോം ഗ്രൌണ്ട് മത്സരത്തിനിറങ്ങിയ മിലാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അത്‍ലറ്റിക്കോ പരാജയപ്പെടുത്തിയത്. മത്സരത്തിൽ 60 മിനുട്ടോളം പത്തു പേരുമായി കളിച്ച മിലാൻ അവസാന മിനുട്ടുകളിലാണ് കളി കൈവിട്ടത്.

കളിയുടെ ആദ്യ പകുതിയിലെ 29 ആം മിനുട്ടിൽ ഫ്രാങ്ക് കെസ്സി ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതാണ് മിലാന് വിനയായത്. കളിയുടെ ഇരുപതാം മിനുട്ടിൽ എസി മിലാൻ തന്നെയാണ് ആദ്യ ലീഡെടുത്തത്. ബ്രാഹിം ഡിയസിൻറെ മികച്ച നീക്കത്തിനൊടുവിൽ മറിച്ചുനൽകിയ പന്ത് റാഫേൽ ലിയോ വലയിലെത്തിക്കുകയായിരുന്നു. മിലാനെ മുന്നിലെത്തിച്ച ഗോളിന് പിന്നാലെ പക്ഷേ ടീമിന് ഒരാളെ നഷ്ടപ്പെട്ടു.

രണ്ട് മഞ്ഞക്കാർഡുകൾ വഴങ്ങിയ ഫ്രാങ്ക് കെസി 29ആം മിനുട്ടിൽ ചുവപ്പ് കാർഡ് വാങ്ങി പുറത്താകുകയായിരുന്നു. ഇതിനു ശേഷം എസി മിലാന് കളി പൂർണ്ണമായും ഡിഫൻസിലേക്ക് മാറ്റേണ്ടി വന്നു. എന്നിട്ടും മിലാൻ പതറിയില്ല, തങ്ങളുടെ പ്രതിരോധം കീറിമുറിച്ച് ഒരു നീക്കം നടത്താൻ അവർ അത്‍ലറ്റിക്കോ മാഡ്രിഡിനെ അനുവദിച്ചില്ല. ഒരു ഷോട്ട് പോലും ആദ്യ 80 മിനുട്ടിൽ അത്ലറ്റിക്കോ മാഡ്രിഡിന് ടാർഗറ്റിലേക്ക് അടിക്കാൻ ആയില്ല. ലിയോയുടെ ആദ്യ ഗോളിൻറെ ലീഡ് 84 മിനുട്ട് വരെ വരെ മിലാൻ നിലനിർത്തി.

പിന്നീട് കളി മാറി. അത്ലറ്റിക്കോയുടെ രക്ഷകനായി ഗ്രീസ്‍മാൻ അവതരിച്ചു. 84ആം മിനുട്ടിലെ ഗോളോടെ ഗ്രീസ്‍മാൻ അത്ലറ്റിക്കോയ്ക്ക് സമനില നൽകി. അവിടുന്നങ്ങോട്ട് താളം തെറ്റിയ മിലാൻ അവസാന മിനുട്ടുകളിൽ കളി മറന്നു. ഇൻജുറി ടൈമിലെ അവസാന മിനുട്ടിൽ ഒരു പെനാൽറ്റിയിലൂടെ സുവാരസ് അത്ലറ്റിക്കോ മാഡ്രിഡിനായ് വിജയഗോൾ നേടി. ലീഗിൽ രണ്ട് പരാജയവുമായി മിലാൻ അവസാന സ്ഥാനത്താണ്.
ജയത്തോടെ അത്ലറ്റിക്കോയ്ക്ക് നാല് പോയിൻറായി.

Leave a Reply

Your email address will not be published.