India
image_print

അന്തരീക്ഷ മലിനീകരണം;മനുഷ്യായുസിന്റെ ദൈർഘ്യം കുറയുന്നോ?

Written by

askshiyas

നുഷ്യന്റെ പ്രവര്‍ത്തികള്‍ ജീവന് ഭീഷണിയാവുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അന്തരീക്ഷ മലിനീകരണം. അന്തരീക്ഷത്തില്‍ പുകയും വിഷവാതകങ്ങളും മറ്റു രാസപദാര്‍ഥങ്ങളും കലരുന്നതുമൂലം ഉണ്ടാകുന്ന മലിനീകരണമാണ് അന്തരീക്ഷമലിനീകരണം.പുകവലി, ലഹരി, മലിന ജലം ഉപയോഗിക്കല്‍, റോഡ് അപകടങ്ങള്‍, എയ്ഡ്‌സ്, മലേറിയ, യുദ്ധവും ഭീകരവാദവും എന്നിവയാണ് ലോകത്ത് കൂടുതല്‍ ജീവനെടുക്കുന്നത്. ആ പട്ടികയില്‍ ഏറ്റവും മുന്നിലുള്ളത് വായു മലിനീകരണമാണ്.മഹാമാരികള്‍ പെട്ടെന്ന് മനുഷ്യനെ കൊല്ലുമ്പോള്‍ വായു മലിനീകരണം ആളെ കൊല്ലുന്നത് പതിയെ ആയിരിക്കും.എന്നാല്‍ പലപ്പോഴും കാരണം മലിനീകരണം ആണെന്നറിയാതെ തന്നെ ആയിരിക്കും മരണം സംഭവിക്കുന്നത്.വാഹനാപകടവും എയ്ഡ്‌സും മനുഷ്യരെ കൊല്ലുന്നതിനെക്കാള്‍ കൂടുതല്‍ ജീവനെടുക്കുന്നത് വായു മലിനീകരണമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ലോകമെമ്പാടുമായി ഏകദേശം 7 ദശലക്ഷം മനുഷ്യരാണ് പ്രതിവര്‍ഷം അന്തരീക്ഷ മലിനീകരണം മൂലം അകാലചരമമടയുന്നത്. ഇതില്‍ പകുതിയിലധികം ഏഷ്യ-പസഫിക് മേഖലയിലാണ്. 92 ശതമാനത്തോളം വരുന്ന ലോകജനത ശുദ്ധവായു ശ്വസിക്കാന്‍ ഭാഗ്യമില്ലാത്തവരാണ്.ഇന്ത്യയില്‍ ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ ഈ ദുരിതത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. കണക്കുകള്‍ പ്രകാരം വായുമലിനീകരണം മൂലമുള്ള മരണങ്ങളില്‍ 40 ശതമാനവും ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നാണ്.ഇന്ത്യയില്‍, പ്രത്യേകിച്ച് വടക്കേ ഇന്ത്യയില്‍ വേനല്‍, മണ്‍സൂണ്‍, പിന്നെ മലിനീകരണ കാലം എന്നിങ്ങനെയാണ് സീസണുകള്‍. ശൈത്യകാലത്താണ് ഇന്ത്യയിലെ മലിനീകരണം റോക്കറ്റ് പോലെ കുതിച്ചുയരുന്നത്. ഓരോ വര്‍ഷം കഴിയുന്തോറും അത് കൂടുതല്‍ കൂടുതല്‍ വഷളാകുന്നു.ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്നൗവിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മലിനീകരണം. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തേക്കാള്‍ 11 മടങ്ങ് കൂടുതലാണ് അവിടുത്തെ മലിനീകരണം. ഇത് ഇങ്ങനെ തുടരുകയാണെങ്കില്‍ അവിടുത്തെ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യത്തില്‍ 10.3 വര്‍ഷം കുറയും.ഡല്‍ഹി, കൊല്‍ക്കത്ത പോലെയുള്ള മഹാനഗരങ്ങളില്‍ താമസിക്കുന്നവര്‍ക്കും അന്തരീക്ഷ മലിനീകരണം കാരണം എട്ട് വര്‍ഷത്തിലധികം ആയുസ്സ് നഷ്ടപ്പെടുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

കല്‍ക്കരി കത്തിക്കലാണ് ഏറ്റവും അപകടകരം.ശരാശരി ഓരോ പൗരനും ആയുസ്സ് ഇതുവഴി മാത്രം ആറു വര്‍ഷം വരെ കുറയുമെന്നും പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഫോസില്‍ ഇന്ധനം കത്തിക്കല്‍ വായു മലിനീകരണത്തിന് പുറമെ കാലാവസ്ഥ പ്രതിസന്ധിയും സൃഷ്ടിക്കുന്നുണ്ട്.വായു മലിനമായി തുടര്‍ന്നാല്‍, നിലവിലെ സൂചികകള്‍ പ്രകാരം ഇന്ത്യയില്‍ 5.9 വയസ്സു വരെ ഒരാളുടെ ആയുസ്സില്‍ കുറയാം. രാജ്യത്തിന്റെ വടക്കന്‍ മേഖലകളില്‍ 48 കോടി പേര്‍ കൂടുതല്‍ മലിനമായ വായുവാണ് ശ്വസിക്കുന്നതെന്ന് ഗവേഷണം പറയുന്നു. ലോകത്ത് മറ്റെവിടെയെങ്കിലും ഉള്ളതിന്റെ 10 ഇരട്ടിയാണിത്. അതായത് 243 രാജ്യങ്ങളുടെ കണക്കില്‍ വായു മലിനീകരണത്തില്‍ രണ്ടാമതാണ് ഇന്ത്യ.ബംഗ്ലാദേശുമുണ്ട് തൊട്ടുപിറകില്‍. ഇവിടെ 5.4 വയസ്സും നേപാളില്‍ 3.9 വയസ്സും കുറയുമെന്നുമാണ് കണ്ടെത്തല്‍.

വിവിധ രാജ്യങ്ങളില്‍ വായുമലിനീകരണത്തിന്റെ അളവില്‍ വ്യത്യാസമുണ്ട്. കോവിഡ് വൈറസ് വ്യാപനം മൂലം സര്‍ക്കാറുകള്‍ നടപ്പാക്കിയ ലോക്ഡൗണ്‍ വായു മലിനീകരണത്തോത് കുറച്ചതായും പഠനങ്ങള്‍ പറയുന്നു. കോവിഡ് ലോക്ക്‌ഡൌണ്‍ അഞ്ച് ഇന്ത്യന്‍ നഗരങ്ങളായ ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലെ അപകടകരമായ വായു മലിനീകരണം 54 ശതമാനം വരെ കുറഞ്ഞു.ഇത് 630 പേരെ അകാല മരണത്തില്‍ നിന്ന് രക്ഷിച്ചുവെന്ന് വിദഗ്ദ്ധര്‍ പറയുന്നു.നിലവിലെ ലോക്ക്‌ഡൌണ്‍ സാഹചര്യം, നിയന്ത്രണ സംവിധാനങ്ങളെക്കുറിച്ചും നഗരങ്ങളിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് സാധ്യതകള്‍ തുറന്നിടുന്നതാണ്.ലോക്ക്‌ഡൌണ്‍ രാജ്യമാകെ ചെറിയ ആശ്വാസം നല്‍കിയെങ്കിലും രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണത്തിന്റെ ആഘാതം വളരെ വലുതാണ്. 2020 മാര്‍ച്ച് 25 മുതല്‍ കര്‍ശനമായ കോവിഡ്-19 ലോക്ക്‌ഡൌണ്‍ ഉണ്ടായിരുന്നിട്ടും നൂറുകണക്കിന് ആളുകള്‍ മരണപ്പെടുന്നതിന് ഡല്‍ഹിയിലെ മലിനീകരണം കാരണമായി.അതേസമയം ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന വായുനിലവാരം പുലര്‍ത്തിയാല്‍ കേരളത്തിലുള്ളവര്‍ക്ക് 2.8 വര്‍ഷം കൂടി അധികമായി ജീവിക്കാനാകും.ഓരോ ക്യുബിക് മീറ്റര്‍ വായുവിലും 10 മൈക്രോഗ്രാം ആണ് ലോകാരോഗ്യസംഘടന മുന്നോട്ടുവയ്ക്കുന്ന മലിനീകരണ കണങ്ങളുടെ പരിധി.കേരളത്തിലിത് ക്യുബിക് മീറ്ററില്‍ 38 മൈക്രോഗ്രാമും രാജ്യത്ത് 70.3 മൈക്രോഗ്രാമുമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വായു മലിനീകരണം കേരളത്തില്‍ കുറവാണ്.

അന്തരീക്ഷ മലിനീകരണം എങ്ങനെ ഉണ്ടാകുന്നു?

വാഹനങ്ങള്‍ പുറംതള്ളുന്ന പുക, ഗതാഗതം മൂലം റോഡിനിരുവശത്തും നിന്നും ഉയരുന്ന പൊടിപടലങ്ങള്‍, വിവിധതരത്തിലുള്ള കെട്ടിട നിര്‍മാണങ്ങള്‍, വന്‍കിട വ്യവസായങ്ങളില്‍ നിന്നുള്ള പുക, വിവിധ തരം മാലിന്യങ്ങള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന പുക തുടങ്ങിയവയാണ് വായുമലിനീകരണത്തിന്റെ പ്രധാന ഉറവിടം.വാഹനങ്ങളിലെപുക ഇതില്‍ പ്രധാനിയാണ്.ഇന്ന് ലോകമെമ്പാടുമായി 100 കോടിയിലേറെയാണ് മോട്ടോര്‍ വാഹനസംഖ്യ. ഇവ പുറന്തള്ളുന്ന വാതകങ്ങള്‍ മനുഷ്യാരോഗ്യത്തിന് പ്രശ്നങ്ങളുണ്ടാക്കുന്ന സള്‍ഫര്‍, നൈട്രജന്‍ ഓക്സൈഡുകളല്ല, ഹരിതഗൃഹവാതകം എന്നുവിളിക്കുന്ന കാര്‍ബണ്‍ ഡയോക്സൈഡാണ്.നിറവും മണവുമില്ലാത്ത ഈ നിര്‍ഗുണവാതകം മനുഷ്യാരോഗ്യത്തിനല്ല ഭൂമി എന്ന ഗ്രഹത്തിന്റെ ആരോഗ്യത്തിനാണ് ഭീഷണി.നിത്യവും വാഹനങ്ങള്‍ വിസര്‍ജിക്കുന്ന കോടിക്കണക്കിന് ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് ഖനവാതകമായതിനാല്‍ അദൃശ്യമായൊരു ദ്രാവകം പോലെ ഭൗമോപരിതലത്തില്‍ ഒഴുകിപ്പരന്ന് കിടക്കും. കാര്‍ബണ്‍ ഡയോക്സൈഡിന്റെ പ്രശ്നം അത് സൂര്യപ്രകാശത്തിലെ തെര്‍മല്‍ ഇന്‍ഫ്രാറെഡ് കിരണങ്ങളെ വലിച്ചെടുത്ത് സ്വയം ചൂടാവുകയും അങ്ങനെ ഒരു കമ്പിളി പോലെ ഭൂമിയെ ചൂടുപിടിപ്പിക്കുകയും ചെയ്യുമെന്നതാണ്.ആയിരക്കണക്കിന് മീറ്റര്‍ ഉയരത്തില്‍ ഭൂമിയിലെ വലയം ചെയ്താണ് അന്തരീക്ഷത്തെ ചൂടാക്കുന്നത്. ഈ ചൂടുകൊണ്ട് ധ്രുവപ്രദേശങ്ങളിലെ മഞ്ഞുകട്ടകളെല്ലാം ഉരുകി കളയും.

വായുമലിനീകരണത്തില്‍ ലോകത്തിനു വലിയൊരു മുന്നറിയിപ്പാണു സ്‌മോഗ്.വായു മലിനീകരണം സൃഷ്ടിക്കുന്ന, പുകപടലങ്ങള്‍ കലര്‍ന്ന മഞ്ഞിനെയാണ് പുകമഞ്ഞ് അഥവാ സ്‌മോഗ് എന്നു പറയുന്നത്.പുക മൂടല്‍മഞ്ഞ് എന്നിവ ചേരുമ്പോഴാണ് സ്‌മോഗ് ഉണ്ടാവുന്നത്.പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ ലക്ഷകണക്കിന് ടണ്‍ ധാന്യം കൊയ്ത ശേഷം അവശേഷിക്കുന്ന കുറ്റി കത്തിക്കുന്നതിനാല്‍ വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ശൈത്യകാലത്ത് വായുമലിനീകരണം ക്രമാതീതമായി വര്‍ധിക്കാറുണ്ട്. ദീപാവലി കഴിഞ്ഞുള്ള ദിവസങ്ങളില്‍ ഗംഗാ നദീതട മേഖലയില്‍ വായുമലിനീകരണം പതിവാണ്. പടക്കങ്ങളുടെയും വെടിമരുന്നുകളുടെയും ഉപയോഗം വായുമലിനീകരണത്തിന്റെ തോത് കൂട്ടുന്നു.ഇങ്ങനെ അന്തരീക്ഷത്തില്‍ എത്തിച്ചേര്‍ന്ന മാലിന്യങ്ങള്‍ മൂടല്‍മഞ്ഞുമായി ചേര്‍ന്നാണു സ്‌മോഗ് ഉണ്ടായത്. ഡല്‍ഹിയിലെ ചില സ്ഥലങ്ങളില്‍ പര്‍ട്ടിക്കുലേറ്റ് മാറ്ററിന്റെ സാന്നിധ്യം ക്യുബിക് മീറ്ററില്‍ 999 ഗ്രാം വരെ എത്തിയെന്നാണു പഠനങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇത് അനുവദനീയ പരിധിയിലും 16 മടങ്ങോളം കൂടുതലാണ്.

വായു മലിനീകരണത്തിന്റെ മറ്റൊരു വശമാണ് ഗാര്‍ഹിക മലിനീകരണം. ആധുനിക കെട്ടിട മേഖലകളില്‍ ശരിയായ വായുസഞ്ചാരമുള്ള കെട്ടിടനിര്‍മ്മാണത്തിന് ആരും ശ്രദ്ധ കൊടുക്കാറില്ല. ഇത് ഗാര്‍ഹിക വായുമലിനീകരണത്തിന് ഹേതുവാകുന്നു.സിഗരറ്റുകളില്‍ നിന്നും ഉണ്ടാകുന്ന വിഷവാതകം, ഭക്ഷണാവശിഷ്ടങ്ങളിലും മറ്റും ഉണ്ടാകുന്ന കുമിള്‍, പൂപ്പല്‍, എയര്‍ കണ്ടീഷണറുകളില്‍ നിന്ന് പുറന്തള്ളുന്ന അലര്‍ജിക്ക് കാരണമാകുന്ന വാതകങ്ങള്‍, കൃത്രിമ വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ വീട്ടുപകരണങ്ങളില്‍ നിന്നും ഉണ്ടാകുന്ന കാര്‍ബണ്‍ വാതകങ്ങള്‍, കെട്ടിടനിര്‍മ്മാണ സാമഗ്രികളില്‍ നിന്നും ബഹിര്‍ഗമിക്കുന്ന ഫോര്‍മാല്‍ഡിഹൈഡ് വാതകം, ചപ്പുചവറുകള്‍ കത്തുമ്പോള്‍ ഉണ്ടാകുന്ന കാര്‍ബണ്‍ മോണോക്‌സൈഡ്, മേല്‍ക്കൂരകളില്‍ നിന്നും അടുപ്പുകളില്‍ നിന്നും പുറത്തുവരുന്ന രാസാംശം കലര്‍ന്ന വാതകം എന്നിവയെല്ലാം ഗാര്‍ഹിക മലിനീകരണത്തിന് കാരണമാകുന്നു.

 

ദൂഷ്യഫലങ്ങള്‍

വായുമലിനീകരണം മനുഷ്യാരോഗ്യത്തിനെ മാത്രമല്ല ഭൂമി എന്ന ഗ്രഹത്തിന്റെ ആരോഗ്യത്തിനെയും ഇല്ലാതാക്കും. പെട്രോളിയം ഇന്ധനങ്ങള്‍ കത്തുമ്പോള്‍ ഉത്പാദിക്കപ്പെടുന്ന നൈട്രജന്റെയും സള്‍ഫറിന്റെയും ഓക്‌സൈഡുകള്‍ അന്തരീക്ഷത്തിലെത്തി ഓക്‌സിജനും നീരാവിയുമായി ചേര്‍ന്ന് നൈട്രിക്, സള്‍ഫ്യൂറിക് അമ്‌ളങ്ങള്‍ ഉണ്ടാകുകയും അമ്‌ളമഴയായി പെയ്തിറങ്ങുകയും ചെയ്യുന്നു. ഇത് മനുഷ്യനും ജീവജാലങ്ങള്‍ക്കും ഹാനികരമാകുന്നു.അമ്‌ളമഴ ജലാശയങ്ങളുടെ അമ്‌ളത വര്‍ധിപ്പിച്ച് ജലജീവികളുടെ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്നു.അമ്‌ളമഴ നേരിട്ടും മണ്ണിന്റെ രാസഘടനയില്‍ മാറ്റം വരുത്തിയും ഭക്ഷ്യചങ്ങലയില്‍ വ്യതിയാനം വരുത്തിയും സസ്യങ്ങളുടെയും ജീവജാലങ്ങളുടെയും നിലനില്‍പ്പിനു ഭീഷണി ഉയര്‍ത്തുന്നു.കൂടാതെ ഓസോണ്‍പാളിയില്‍ വിള്ളലുകള്‍ വീഴ്ത്തുന്നു. ഇത്
സൂര്യനില്‍ നിന്ന് ഉത്സര്‍ജിക്കപ്പെടുന്ന അപകടകാരികളായ അള്‍ട്രാവയലറ്റ് രശ്മികള്‍ ഭൌമോപരിതലത്തില്‍ പതിക്കാന്‍ ഇടയാക്കും.അത് മനുഷ്യനുജന്തുക്കള്‍ക്കും ഹാനികരമാകുകയും ആഗോള ആവാസ വ്യവസ്ഥയെതന്നെ താറുമാറാക്കുകയും ചെയ്യും.

അടുത്തത് ആഗോള താപനം.ഹരിതഗൃഹവാതകങ്ങള്‍ എന്നറിയപ്പെടുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡ്, മീഥേന്‍, നൈട്രസ് ഓക്‌സൈഡ്, ക്‌ളോറോഫ്‌ളൂറോ കാര്‍ബണുകള്‍, നീരാവി തുടങ്ങിയ വാതകങ്ങള്‍ ഭൂമിയുടെ താപനില വര്‍ധിക്കുവാന്‍ കാരണമായി തീര്‍ന്നിട്ടുണ്ട്.കണക്കനുസരിച്ച് ആഗോള തലത്തില്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ അളവില്‍ 25 ശതമാനം വരെ വര്‍ധനവുണ്ടായിട്ടുള്ളതായും പ്രതിവര്‍ഷം 0.5 ശതമാനം എന്ന കണക്കില്‍ വര്‍ധനവുണ്ടായിക്കൊണ്ടിരിക്കുകയാണെന്നും കണക്കാക്കപ്പെടുന്നു. ഹരിതഗൃഹവാതകങ്ങളുടെ ഈ നിലയിലുള്ള വര്‍ധന തുടര്‍ന്നാല്‍ 2040-ഓടെ ആഗോളതാപനിലയില്‍ 20 മുതല്‍ 50 വരെ വര്‍ധനയുണ്ടാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അന്തരീക്ഷ താപനില ഉയരുന്നത് കാലാവസ്ഥയില്‍ അപ്രതീക്ഷിത മാറ്റങ്ങളുണ്ടാക്കും. ധ്രുവഹിമപാളികളും ഹിമാനികളും ഉരുകി സമുദ്രജലനിരപ്പില്‍ ഗണ്യമായ ഉയര്‍ച്ച ഉണ്ടാകും. പല ദ്വീപുകളും സമുദ്രതീരപ്രദേശങ്ങളും ഇതോടെ കടലിനടിയിലാകും.കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയില്‍ സമുദ്രനിരപ്പ് പത്ത് സെന്റിമീറ്ററെങ്കിലും വര്‍ദ്ധിച്ചു എന്നാണ് കണക്കുകള്‍ പറയുന്നത്.കടല്‍നിരപ്പ് അത്ര ഉയരുമ്പോള്‍ ആ തോതില്‍ കര വെള്ളത്തിനടിയിലാവും. കോടിക്കണക്കിന് മനുഷ്യര്‍ കടലില്‍ മുങ്ങാതിരിക്കാന്‍ തീരദേശങ്ങള്‍ വിട്ട് പലായനം ചെയ്യേണ്ടിയും വരും.ഈ അമിതതാപം മൊത്തം ഭൂമിയുടെ കാലാവസ്ഥാചക്രത്തെയും അട്ടിമറിക്കും.

പ്രകൃതിക്ക് മാത്രമല്ല മനുഷ്യ ശരീരത്തിലെ അസുഖങ്ങള്‍ക്ക് പിന്നിലും ഈ അപകടകാരിയായ അന്തരീക്ഷ മലിനീകരണമുണ്ട്. അടുത്ത് നടന്ന ഗവേഷണങ്ങള്‍ പറയുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം അമിതവണ്ണം, പ്രത്യുല്‍പാദന, ന്യൂറോളജിക്കല്‍, മനുഷ്യകോശങ്ങളിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ്, വീക്കം എന്നീ വിട്ടുമാറാത്ത രോഗങ്ങള്‍ക്കും അര്‍ബുദത്തിനും ഇത് കാരണമാക്കുന്നുണ്ടെന്നാണ്.ശ്വാസകോശ രോഗങ്ങള്‍, ലുക്കീമിയ, മറ്റു ക്യാന്‍സറുകള്‍, ത്വക്ക് രോഗങ്ങള്‍ തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ മനുഷ്യരിലുണ്ടാക്കുന്നു.നാഷണല്‍ ടോക്‌സിക്കോളജി പ്രോഗ്രാം റിപ്പോര്‍ട്ട് അനുസരിച്ച്, ഗര്‍ഭിണിയായ സ്ത്രീക്ക് രക്തസമ്മര്‍ദ്ദത്തില്‍ അപകടകരമായ മാറ്റങ്ങള്‍ക്ക് സാധ്യത വര്‍ദ്ധിപ്പിക്കുന്നു.അന്തരീക്ഷത്തിന്റെ താഴ്ന്ന തലത്തില്‍ സള്‍ഫര്‍ ഡൈഓക്‌സൈഡ്, നൈട്രജന്‍ ഡൈഓക്‌സൈഡ്, ഓസോണ്‍, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിവയുടെ സാന്നിധ്യം പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ഹൃദ്രോഗങ്ങള്‍ ഉള്ളവര്‍ക്കും ആസ്മ, ബ്രോങ്കൈറ്റിസ്, എംഫിസിമ പോലുള്ള ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍ക്കും ദോഷകരമാണ്.ഇതു ശ്വാസകോശത്തിന്റെ പ്രവര്‍ത്തനശേഷി കുറയ്ക്കും. ശ്വാസനാളത്തില്‍ അസ്വസ്ഥതകളും ശ്വാസതടസ്സവും ചുമയുമൊക്കെ ഉണ്ടാക്കും. കണ്ണിനും മൂക്കിനും അസ്വസ്ഥത, ചുമ, ഛര്‍ദി എന്നീ പ്രശ്‌നങ്ങളുമുണ്ടാവും.

അന്തരീക്ഷ മലിനീകരണം എങ്ങനെ നിയന്ത്രിക്കാം?

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനായി മലിനീകരണ വാതകങ്ങളുടെയും കണങ്ങളുടെയും ഉദ്വമനം കുറയ്ക്കുന്നതിന് നടപടികള്‍ കൈക്കൊള്ളേണ്ടത് മനുഷ്യ രാശിക്ക് അത്യാവശ്യമാണ്. മലിനീകരണം കുറയ്ക്കുന്നതിന് വായുവിന്റെ ഗുണനിലവാരം വിലയിരുത്തുന്ന ഒരു മോണിറ്ററിംഗ് സംവിധാനം പ്രധാനമാണ്. അന്തരീക്ഷ മലിനീകരണത്തിനെതിരായ കാരണങ്ങള്‍, പരിണതഫലങ്ങള്‍, പ്രതിരോധ നടപടികള്‍ എന്നിവയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ടതും അത്യാവശ്യമാണ്. അന്തരീക്ഷ മലിനീകരണം ഒഴിവാക്കാന്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങളും അത് പ്രയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്ന ഒരു നിയമവ്യവസ്ഥയും സ്ഥാപിക്കേണ്ടതുമുണ്ട്. വലിയ നഗരങ്ങളില്‍ വായു മലിനീകരണത്തിന്റെ ഏറ്റവും സ്വാധീനം ചെലുത്തുന്നത് മോട്ടോര്‍ വാഹനങ്ങളാണ്.പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് പകരം ഇലക്ട്രിക് വാഹനങ്ങള്‍ സ്ഥാപിക്കുക എന്നതും ഒരു ബദല്‍ മാര്‍ഗമാണ്. കൂടാതെ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറച്ച് പൊതുഗതാഗത മാര്‍ഗങ്ങള്‍ ക്ര്യത്യമായി ഉപയോഗിച്ചാല്‍ ഒരു പരിധിവരെ മലിനീകരണം കുറക്കാം.

വനങ്ങള്‍ പരിപാലിക്കുന്നതും പ്ലാന്റ് കവര്‍ വികസിപ്പിക്കുന്നതും വായു മലിനീകരണം കുറയ്ക്കും. നഗരങ്ങളില്‍, മരങ്ങളുള്ള പാര്‍ക്കുകള്‍ക്ക് പുറമേ, ഓക്‌സിജന്‍ നല്‍കുകയും വായു ശുദ്ധീകരിക്കുകയും ചെയ്യുന്നതിലൂടെ പ്രാദേശിക കാലാവസ്ഥയെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന പച്ച മേല്‍ക്കൂരകളുടെ നിര്‍മ്മാണവും ഏറെ ഫലപ്രദമാണ്. വ്യവസായശാലകളില്‍ നിന്നുള്ള വന്‍തോതിലുള്ള വായുമലിനീകരണത്തെ കുറച്ചുകൊണ്ടുവരുന്നതിനുള്ള സാങ്കേതികവും നിയമപരവുമായ നടപടികള്‍ എടുക്കേണ്ടതുണ്ട്.ഇത്തരം വ്യവസായ ശാലകള്‍ പുറത്തേക്കു വിടുന്ന വാതകങ്ങളിലെ അപകടകരമായ വസ്തുക്കള്‍ തിരിച്ചെടുക്കാനുള്ള സംവിധാനം ആവിഷ്‌കരിക്കണം. സൗരോജ്ജ, ജൈവോര്‍ജ്ജ ഉപയോഗം കൂട്ടണം. കാര്യക്ഷമമായ യന്ത്രങ്ങള്‍.വാഹനങ്ങളില്‍ ആന്റി പൊല്യൂഷന്‍ സംവിധാനം തുടങ്ങിയ കാര്യങ്ങളൊക്കെ കൃത്യമായി നടപ്പാക്കിയാല്‍ അന്തരീക്ഷ മലിനീകരണം ഒരു പരിധിവരെ കുറയ്ക്കാം.മാത്രമല്ല ഓരോ വ്യക്തിക്കും അവരവരുടെ ജീവിത ശൈലിയിലെ ചെറിയമാറ്റങ്ങള്‍ പോലും മലിനീകരണം കുറക്കാന്‍ സഹായിക്കും. കൃത്യമായ ജന പങ്കാളിത്തത്തോടുകൂടെ മാത്രമേ വായു മലിനീകരണം നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളൂ.

Leave a Reply

Your email address will not be published.