India
എയർഇന്ത്യ വിൽപ്പന അന്തിമഘട്ടത്തിലേക്ക്: മൂന്നുമാസത്തിനുള്ളിൽ തീരുമാനം
Last updated on Sep 19, 2021, 3:40 pm


എയർ ഇന്ത്യയുടെ പുതിയ ഉടമസ്ഥൻ ആരെന്നു മൂന്നാഴ്ചയ്ക്കകം അറിയാം. എയർ ഇന്ത്യക്കായി ലേലപത്രിക സമർപ്പിച്ചതായി ടാറ്റ സൺസ് വക്താവ് അറിയിച്ചിരുന്നു. പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ ഏറ്റെടുക്കുന്നതിന് സാമ്പത്തികലേലപത്രിക സ്പൈസ് ജെറ്റ് പ്രമോട്ടറായ അജയ് സിങ്ങും സമർപ്പിച്ചു.
സെപ്റ്റംബർ 15-ന് വൈകീട്ട് ആറുവരെയാണ് പത്രിക സമർപ്പിക്കാൻ സമയം അനുവദിച്ചിരുന്നത്. ഇതുനീട്ടില്ലെന്ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യസിന്ധ്യ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ഒന്നിലധികം ലേലപത്രിക ലഭിച്ചതായും ഇതോടെ എയർ ഇന്ത്യ സ്വകാര്യവത്കരണ നടപടികൾ അവസാനഘട്ടത്തിലേക്ക് കടക്കുകയാണെന്നും കേന്ദ്ര നിക്ഷേപ-പൊതു ആസ്തികൈകാര്യവകുപ്പ് സെക്രട്ടറി തുഹിൻ കാന്ത പാണ്ഡേ ട്വിറ്ററിൽ കുറിച്ചു.
സ്പൈസ് ജെറ്റ് ചെയർമാനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സ്പൈസ് ജെറ്റ് സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും വ്യക്തിഗതശേഷി മുൻനിർത്തിയാണ് അജയ്സിങ് ലേലപത്രിക സമർപ്പിച്ചിട്ടുള്ളത്. അതേസമയം, ലേലനടപടികളിൽ ടാറ്റ ഗ്രൂപ്പിനാണ് മുൻതൂക്കമെന്ന് ഈ രംഗത്തുള്ളവർ സൂചിപ്പിക്കുന്നത്.


