India
image_print

യു.എസിലെ ദുരൂഹ മരണങ്ങള്‍;കാരണം ഇന്ത്യന്‍ നിര്‍മിത പെര്‍ഫ്യൂമെന്ന് കണ്ടെത്തല്‍

Written by

archanaa chuqwe

യു. എസിൽ റിപ്പോർട്ട് ചെയ്ത ബാക്ടീരിയ ബാധയെ തുടർന്നുള്ള ദുരൂഹമായ അസുഖത്തിന് കാരണം ഇന്ത്യൻ നിർമിത പെർഫ്യൂം ആണെന്ന് ആരോഗ്യ ഏജൻസിയായ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ വെളിപ്പെടുത്തൽ. യു.എസിലെ ജോർജിയ, കൻസാസ്, ടെക്സസ്, മിന്നെസോട്ട എന്നിവിടങ്ങളിലാണ് നാല് പേരിൽ ‘ബർകോൾഡേരിയ സ്യൂഡോമല്ലൈ’ എന്ന ബാക്ടീരിയയുടെ സാന്നിധ്യം മൂലമുണ്ടാകുന്ന’മെലിയോയിഡോസിസ്’ എന്ന അസുഖം കണ്ടെത്തിയത്.രണ്ടുപേർ മരിക്കുകയും ചെയ്തിരുന്നു.

 

അസുഖത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇന്ത്യൻ നിർമിതമായ ‘ബെറ്റർ ഹോംസ് ആൻഡ് ഗാർഡൻസ് ലാവെൻഡർ ആൻഡ് ചമോമൈൽ എസൻഷ്യൽ ഓയിൽ ഇൻഫ്യൂസ്ഡ് അരോമാതെറാപ്പി റൂം സ്പ്രേ വിത്ത് ജെംസ്റ്റോൺസ്’ എന്ന് ലേബൽ ചെയ്ത പെർഫ്യൂമിൽ ഇതേ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് സി.ഡി.സി പറയുന്നു.ദക്ഷിണേഷ്യയിൽ കൂടുതലായി കാണപ്പെടുന്നതാണ് രോഗികളിൽ സ്ഥിരീകരിച്ച ബാക്ടീരിയ.ജോർജിയയിൽ അസുഖബാധിതനായ വ്യക്തിയുടെ വീട്ടിലും ഈ പെർഫ്യൂം കണ്ടെത്തിയിരുന്നു. പെർഫ്യൂമിൽ അതേ ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തി. മറ്റുള്ളവരിലും ഇതേ ബാക്ടീരിയയാണോ ഉള്ളതെന്ന് അറിയാൻ കൂടുതൽ ജനിതക പരിശോധന നടത്തിവരികയാണ്‌ സി.ഡി.സി. അതേസമയം ഈ കണ്ടെത്തലോടെ വാൾമാർട്ട് ഈ പെർഫ്യൂമുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ പിൻവലിച്ചതായി വെബ്സൈറ്റിലൂടെ അറിയിച്ചു. വിറ്റ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്.ഈ പെർഫ്യൂം വീടുകളിൽ ഉപയോഗിക്കുന്നവരുണ്ടെങ്കിൽ അത് ഒഴിവാക്കണമെന്നും കുപ്പി രണ്ട് കവറുകളിൽ മൂടി കാർഡ്ബോഡ് പെട്ടിക്കുള്ളിലാക്കി തിരികെ നൽകണമെന്നും സി.ഡി.സി മുന്നറിയിപ്പ് നൽകി.മറ്റിടങ്ങളിലെ രോഗികളും ഇത് ഉപയോഗിച്ചിരുന്നോവെന്നത് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഏജൻസി.

Leave a Reply

Your email address will not be published.