India
കേന്ദ്രം കൊള്ളയടിക്കുന്നത് അഞ്ചര ലക്ഷം കോടി
Last updated on Sep 22, 2021, 9:39 am


സർചാർജും സെസും വഴി സംസ്ഥാനങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ കൊള്ളയടിക്കുന്നത് അഞ്ചര ലക്ഷം കോടി രൂപയെന്ന് റിപ്പോർട്ട്. മൊത്തം നികുതി വരുമാനത്തിന്റെ അഞ്ചിലൊന്നാണ് ഇത്. ഇതിൽ ജിഎസ്ടി നഷ്ടപരിഹാരമായി ഒരുലക്ഷം കോടി രൂപ മാത്രമാണ് സംസ്ഥാനങ്ങൾക്ക് വിഭജിക്കുന്നത്. അടുത്തവർഷംമുതൽ ഇതും നിർത്തലാക്കും.
2011-12 കാലഘട്ടത്തിൽ സെസും സർചാർജും വഴി ആകെ ശേഖരിച്ചത് 92,537 കോടി രൂപയാണ്. 2018-19ൽ ഇത് 4.13 ലക്ഷം കോടിയായി ഉയർന്നു. ഈ സാമ്പത്തിക വർഷം 5.32 ലക്ഷം കോടിയാകുമെന്നാണ് വിലയിരുത്തൽ.
സംസ്ഥാനങ്ങൾക്ക് വിഭജിക്കേണ്ടതില്ലാത്തതിനാൽ മുഴുവൻ തുകയും കേന്ദ്രത്തിന് കൈക്കലാക്കാം.
ഒരുലിറ്റർ പെട്രോളിൽ നികുതിയും സെസുകളുമായി 32.90 രൂപയാണ് കേന്ദ്രത്തിന് ലഭിക്കുന്നത്. അടിസ്ഥാന എക്സൈസ് നികുതി 1.40 രൂപ. റോഡ് അടിസ്ഥാന സൗകര്യ സെസ് 18 രൂപ. പ്രത്യേക അധിക എക്സൈസ് നികുതി 11 രൂപ. കൃഷി, അടിസ്ഥാന സൗകര്യ വികസന സെസ് 2.50 രൂപ. ഇതിൽ 1.40 രൂപയുടെ 42 ശതമാനംമാത്രമാണ് സംസ്ഥാനങ്ങൾക്ക് വിഭജിക്കുന്നത്.


