India
image_print

ഭൂമിയിലെ അവസാന നാളുകളിലാണോ നാം ജീവിക്കുന്നത്?

Written by

archanaa chuqwe

ഗോള താപനത്തിന്റെ പ്രത്യാഘാതങ്ങളിലൂടെയാണ് നാം ഇന്ന് കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. വ്യവസായവിപ്ലവപൂര്‍വ കാലഘട്ടത്തെ അപേക്ഷിച്ച്, ആഗോള ശരാശരി താപനിലയില്‍ ഇതിനകം 1.0 ഡിഗ്രി സെന്റിഗ്രേഡിന്റെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. വെറും ഒരു ഡിഗ്രി സെന്റിഗ്രേഡിന്റെ വര്‍ധനനവ് പോലും ആഗോള/പ്രാദേശിക കാലാവസ്ഥകളില്‍ ഉണ്ടാക്കുന്ന താളപ്പിഴകള്‍ നിസ്സാരമായിരിക്കില്ല. വ്യവസായ-നഗരവത്കരണം, വ്യാപകമായ മലിനീകരണം എന്നിവ വികസന സങ്കല്‍പ്പങ്ങളായി മാറുമ്പോള്‍ അന്തരീക്ഷ താപനിലയില്‍ വീണ്ടും വര്‍ദ്ധനവിനുള്ള സാഹചര്യങ്ങള്‍ വര്‍ദ്ധിക്കുകയാണ്.അടുത്തിടെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടക്കുന്ന ദിവസങ്ങളുടെ എണ്ണം ഇരട്ടിയാവുന്നതായാണ് വ്യക്തമാക്കുന്നത്. 1983 നും 2009 നും ഇടയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്ന ദിനങ്ങളുടെ ശരാശരി 14 ആയിരുന്നു. എന്നാല്‍ 2010 നും 2019 നും ഇടയില്‍ ഇത് പ്രതിവര്‍ഷം 26 ദിവസങ്ങളായി ബാധിച്ചതായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.1980- 2009 കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2010-19 സമയത്ത് കൂടിയ താപനില 0.5 ഡിഗ്രി കൂടിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.കഴിഞ്ഞ വേനല്‍ക്കാലത്ത് റെക്കോര്‍ഡ് താപനില ഇറ്റലിയിലും കാനഡയിലുമായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കിഴക്കന്‍ യൂറോപ്പ്, തെക്കന്‍ ആഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ കൂടിയ താപനില ഒരു ഡിഗ്രിയും ആര്‍ട്ടിക് മിഡിയ ഈസ്റ്റ് മേഖലകള്‍ രണ്ടു ഡിഗ്രിയും വര്‍ദ്ധിച്ചിട്ടുണ്ട്. ജൈവ ഇന്ധനങ്ങളുടെ കത്തിക്കല്‍ ആണ് താപനില ഉയരാനുള്ള പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത്.


അധികരിച്ച നഗരവല്‍ക്കരണം, വനമേഖലാ ശോഷണം, അന്തരീക്ഷ മലിനീകരണത്തിന് വഴിപാകുന്ന വികസന കാര്യപരിപാടികള്‍ തുടങ്ങിയവയാണ് അന്തരീക്ഷതാപനം ഉയരുന്ന അവസ്ഥക്ക് മറ്റു പ്രധാന കാരണങ്ങള്‍. താപനകാരികളായ ഹരിതഗൃഹവാതകങ്ങളെ അന്തരീക്ഷത്തിലേക്ക് തള്ളി വിടുന്ന തരത്തിലുള്ള നിലവിലെ വികസന പ്രവര്‍ത്തന ശൈലികള്‍ തുടരുന്ന പക്ഷം 2030 നും 2050 നും ഇടക്കുള്ള കാലഘട്ടത്തില്‍ തന്നെ അന്തരീക്ഷ താപനിലയില്‍ 1.5 ഡിഗ്രി സെന്റിഗ്രേഡ് വര്ധനവുണ്ടാകാനുള്ള സാധ്യതയാണ് നില നില്‍ക്കുന്നത്.ഹരിതഗൃഹവാതക ഉത്സര്‍ജനത്തിനോടൊപ്പം നടക്കുന്ന ഒന്നല്ല താപനം. ഉത്സര്‍ജനം, താപനം എന്നീ പ്രക്രിയകള്‍ക്കിടയില്‍ അല്പം നീണ്ട ഒരു ഇടവേള തന്നെയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി, ഉത്സര്‍ജനം കുറക്കുന്നത് സംബന്ധിച്ചു് പല രാഷ്ട്രങ്ങളും സാവകാശം ആവശ്യപ്പെടുന്നു. ഹരിതഗൃഹവാതക ഉത്സര്‍ജനം നടന്നു കഴിഞ്ഞാല്‍, അതിന്റെ സ്വാധീനം മൂലം നിശ്ചിത കാലപരിധിക്കു ശേഷം മാത്രമാണ് കാലാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നത്. മുന്‍ കാലങ്ങളിലെ ഉത്സര്‍ജനമാണ് ഇപ്പോള്‍ അനുഭവപ്പെടുന്ന താപനത്തിനു നിദാനം. ഇപ്പോള്‍ വന്‍തോതില്‍ നടക്കുന്ന ഉത്സര്‍ജനമായിരിക്കും ഭാവിയില്‍ ആഗോളതാപനില വര്‍ധിപ്പിക്കുക.നിലവില്‍ താപവര്‍ധനാപരിധി 1.5 ഡിഗ്രി സെന്റിഗ്രേഡ് ഭേദിക്കുവാന്‍ പര്യാപ്തമായാ ഉത്സര്‍ജനനിരക്ക് മുന്‍ കാലങ്ങളില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഭാവിയിലെ താപന ആധിക്യം നിയന്ത്രണാധീനമാക്കുവാന്‍ ഉത്സര്‍ജനം ഇപ്പോള്‍ത്തന്നെ പരമാവധി നിയന്ത്രിക്കുകയോ നിര്‍ത്തിവെക്കുകയോ ചെയ്യുകയും അതെസ്ഥിതി തന്നെ തുടരുകയും വേണം. മാത്രമല്ല, അന്തരീക്ഷത്തില്‍ അവശേഷിക്കുന്ന ഉത്സര്‍ജിത അവശിഷ്ടങ്ങങ്ങളുടെ സ്വാധീനം ഇല്ലാതാക്കുവാന്‍ അവ നീക്കം ചെയ്യുകയും വേണം. ഉത്സര്‍ജനം പൂര്‍ണതോതില്‍ നിര്‍ത്തുവാന്‍ എത്രകാലം എടുക്കും എന്നതിനെ ആശ്രയിച്ചിരിക്കും താപനവ്യാപ്തി. ആഗോള താപനത്തിനും കാലാവസ്ഥാ മാറ്റത്തിനും സാമൂഹ്യ സാമ്പത്തിക അവസ്ഥകളുടെ വിവിധ തലങ്ങളില്‍ വ്യാപകവും ആഴത്തിലുള്ളതുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്. സമുദ്ര നിരപ്പ് ഉയരുന്നതിലുണ്ടാകുന്ന വര്‍ദ്ധന തീരദേശവാസികളെ പ്രതികൂലമായി ബാധിക്കുന്നു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം ഭൂമിതന്നെ നഷ്ടപ്പെടുന്നു. ഇന്ന് ലോകത്ത് 460 ലക്ഷം പേരാണ് ഇത്തരത്തിലുള്ള വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. ഇത്തരത്തില്‍ അന്തരീക്ഷ താപനില ക്രമാതീതമായി ഉയര്‍ന്നതിന്റെ ഭാഗമായി ഗ്രീന്‍ലന്‍ഡിലെ ഹിമപാളിയുടെ നെറുകയില്‍ ചരിത്രത്തിലാദ്യമായി മഴ പെയ്തു. 10,551 അടി ഉയരമുള്ള മഞ്ഞുപാളിയില്‍ ഓഗസ്റ്റ് 14-ന് പെയ്ത മഴ മണിക്കൂറുകളോളം നീണ്ടു നിന്നതായി യു.എസ്. സ്‌നോ ആന്‍ഡ് ഐസ് ഡേറ്റാ സെന്റര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് മഞ്ഞുരുകുന്നതിന്റെ തോതുയര്‍ത്തും.വടക്കന്‍ഭാഗത്തുള്ള ഉയരമുള്ള മഞ്ഞുപാളിയില്‍ മഴ പെയ്തതായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

2030 -ഓടെ മുംബൈ അടക്കമുള്ള ലോകത്തെ പ്രധാന കടലോര നഗരങ്ങളില്‍ മഹാപ്രളയമടക്കമുള്ള കാലാവസ്ഥാദുരന്തങ്ങള്‍ക്ക് ഇതിടയാക്കുമെന്ന് ശാസ്ത്രലോകം ഭയപ്പെടുന്നു.താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലോ അല്പംമാത്രം കുറവോ ആയ സാഹചര്യത്തിലാണ് ഗ്രീന്‍ലാന്‍ഡില്‍ മറ്റിടങ്ങളില്‍ മഴ പെയ്യുക. കഴിഞ്ഞ 2,000 വര്‍ഷങ്ങള്‍ക്കിടെ ഒമ്പതു തവണയാണ് ഇവിടെ താപനില പൂജ്യം ഡിഗ്രിയില്‍നിന്ന് ഉയര്‍ന്നത്. അടുത്തായി 2012-ലും 2019-ലും ഇങ്ങനെയുണ്ടായെങ്കിലും മഴ പെയ്തിരുന്നില്ല.ഓരോ വര്‍ഷവും ഈ സമയത്ത് ഒരു ദിവസം നഷ്ടപ്പെടുന്ന മഞ്ഞിനേക്കാള്‍ ഏഴു മടങ്ങ് അധികം മഞ്ഞാണ് കനത്ത മഴകാരണം നഷ്ടപ്പെട്ടത്. അന്റാര്‍ട്ടിക്ക കഴിഞ്ഞാല്‍ ലോകത്തെ രണ്ടാമത്തെ വലിയ മഞ്ഞുപാളികളായ ഗ്രീന്‍ലന്‍ഡിലെ മഴ ഇവിടെ താപനില ഉയരുന്നതിന്റെ സൂചനയായാണ് കണക്കാക്കുന്നത്.ജനുവരിയില്‍ പ്രസിദ്ധീകരിച്ച യൂറോപ്യന്‍ പഠനപ്രകാരം ഗ്രീന്‍ലന്‍ഡിലെ മഞ്ഞുരുകല്‍ 2100- ആകുമ്പോഴേക്കും സമുദ്രനിരപ്പ് 10 മുതല്‍ 18 സെന്റിമീറ്റര്‍ ഉയരുന്നതിന് കാരണമാകും. 2030 ആകുമ്പോഴേക്കും കൊച്ചിയും മുംബൈയും അടക്കമുള്ള ഇന്ത്യയിലെ 12 കടലോരനഗരങ്ങളില്‍ വെള്ളപ്പൊക്കത്തിനും ഇതു കാരണമായേക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.വെള്ളം ഉയരുന്നതോടെ നിരവധി ചെറു ദ്വീപുരാഷ്ട്രങ്ങളിലേയും വികസ്വര രാജ്യങ്ങളുടെ തീരപ്രദേശങ്ങളിലേയും ജനങ്ങള്‍ മറ്റിടങ്ങളിലേയ്ക്ക് കുടിയേറാന്‍ നിര്‍ബന്ധിക്കപ്പെടും.10 ദശലക്ഷത്തോളം അധികം ജനങ്ങള്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ക്കടിപ്പെടും. തീരപ്രദേശങ്ങളിലുള്ള വെള്ളക്കയറ്റം, കൃഷിയിടങ്ങളിലും കുടിവെള്ള സ്രോതസ്സുകളിലും ഓരുവെള്ള കയറ്റം എന്നിവ മൂലം സ്വന്തം ദേശങ്ങള്‍ ഇട്ടെറിഞ്ഞു അന്യദേശങ്ങളിലേക്ക് പലായനം ചെയ്യേണ്ടിവരുന്ന കാലാവസ്ഥാ അഭയാര്‍ഥികളുടെ എണ്ണത്തിലുണ്ടാകുന്ന പെരുപ്പം ആയിരിക്കും ഒരു പക്ഷെ, നിസ്സാരമെന്നു കരുതപ്പെടുന്ന താപനപരിധി ഇളവിന്റെ ബാക്കിപത്രം.

സസ്യ-ജീവി വര്‍ഗ്ഗങ്ങള്‍ ചൂടേറുന്ന തനതു ആവാസമേഖലകള്‍ ഉപേക്ഷിച്ച് ചൂട് കുറഞ്ഞ ഇടങ്ങളിലേക്ക് പലായനം ചെയ്യേണ്ട അവസ്ഥയുണ്ടാകുന്നു. ഇതും കാലാവസ്ഥാ അഭയാര്‍ഥിത്വത്തിന്റെ മറ്റൊരു ഉദാഹരണം തന്നെ.മാത്രമല്ല, തണുത്തുറഞ്ഞ ഇടങ്ങളിലുള്ള ഹിമ-മണല്‍ മിശ്രിതത്തിലെ ഹിമാംശം കൂടുതല്‍ ഭൂപ്രദേശങ്ങളില്‍ വ്യാപകമായി ഉരുകാനിടയാകും. ഈ പ്രക്രിയയില്‍ ഹരിതഗൃഹവാതകമായ മീഥേന്‍ വാതകം വന്‍തോതില്‍ പുറന്തള്ളപ്പെടും. ഇത് ആഗോളതാപനത്തിന് ആക്കം കൂട്ടും. സമുദ്രജലത്തിന്റെ താപനം, അമ്ലത്വവര്‍ധന എന്നിവ മൂലം പല സമുദ്ര ആവാസ വ്യവസ്ഥകളുടെയും സ്വാഭാവിക പരിസ്ഥിതി വ്യതിയാനത്തിന് വിധേയമാകുന്നു. ഇത്തരത്തില്‍ ഭൂമിയുടെ ചൂട് കൂടുന്നത് മനുഷ്യരുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. മലേറിയ, ഡെങ്കി,മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ രോഗങ്ങള്‍ വ്യാപകമാകാന്‍ ഇടയുണ്ട്. കൂടാതെ മഴയുടെ രീതിയില്‍ ഇപ്പോള്‍ തന്നെ മാറ്റം പ്രകടമാണ്. മഴയുടെ പ്രവണത സംബന്ധിച്ച ഗൗരവമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ദീര്‍ഘകാല പ്രവണത പരിശോധിക്കുന്നതി് 1900 മുതല്‍ 2005 വരെയുള്ള വിവരങ്ങള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. തെക്ക് വടക്ക് അമേരിക്കയുടെ കിഴക്കന്‍ പ്രദേശങ്ങളിലും വടക്കന്‍ യൂറോപ്പിലും മദ്ധ്യേഷ്യയിലും മഴ കൂടിയതാണ് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലും തെക്കേ ആഫ്രിക്കയിലും ദക്ഷിണേഷ്യയിടെ ഒരു ഭാഗത്തും മഴ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ ശക്തമായ പേമാരി ഉണ്ടാകുന്ന പ്രതിഭാസമാകട്ടെ വര്‍ദ്ധിക്കുകയാണ്. ചൂടുകൂടിയ അന്തരീക്ഷത്തില്‍ കൂടുതല്‍ നീരാവി ഉണ്ടാകുന്നതാണ് ഇതിന് കാരണം. അതേസമയം കൂടുതല്‍ തീവ്രതയുള്ളതും കൂടുതല്‍ കാലം നിലിനല്‍ക്കുന്നതുമായ വരള്‍ച്ചയും ഇന്ന് വ്യാപകമായിട്ടുണ്ട്. പ്രത്യേകിച്ച് ഉഷ്ണ മേഖലാ പ്രദേശങ്ങളില്‍ ഉയര്‍ന്ന താപനില മഴയുടെയും മഞ്ഞിന്റെയും കുറവ്, സമുദ്രോപരിതലത്തിന്റെ താപ നിലയിലെ മാറ്റം, കാറ്റിന്റെ രീതിയില്‍ വരുന്ന മാറ്റം എന്നിവയെല്ലാമായി ബന്ധപ്പെട്ടാണ് വരള്‍ച്ചയുണ്ടാകുന്നത്.

കാലാവസ്ഥമാറ്റത്തിന്റെ ഏറ്റവും പ്രധാന പ്രത്യാഘാതം കൃഷിയാണ്. മറ്റ് ഘടകങ്ങള്‍ക്ക് ഒപ്പം കാലാവസ്ഥയെകൂടി ആശ്രയിച്ചാണ് കൃഷി നടക്കുന്നത്. ഇന്‍ഡ്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളില്‍ ഗണ്യമായ പ്രത്യാഘാതങ്ങള്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഈ രാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷയെ അത് ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ജലസ്രോതസ്സുകളുടെ ദൗര്‍ലഭ്യത്തിലും മണ്ണിന്റെ ശിഥിലീകരണത്തിനും ജൈവ വൈവിദ്ധ്യത്തിന്റെ നാശത്തിനും എല്ലാം ഇത് ഇടവരുത്തും.

പരിഹാരങ്ങളെന്തൊക്കെ?

സമുദ്ര നിരപ്പുയരുന്നതിന്റെ ഭീഷണി നേരിടേണ്ടി വരുന്ന, സമുദ്ര നിരപ്പിനേക്കാള്‍ താഴ്ന്നു സ്ഥിതി ചെയ്യുന്ന ദ്വീപ് രാഷ്ട്രങ്ങള്‍, കടുത്ത വരള്‍ച്ചാ ദുരിതം നേരിടുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവയെ സംബന്ധിച്ചിടത്തോളം അന്തരീക്ഷ താപവര്‍ധന നിയന്ത്രിക്കുന്ന വിഷയത്തില്‍ അടിയന്തിര നടപടി ആവശ്യമാണ് . ഇതിന്റെ ആദ്യപടിയായി, ലോകത്ത് ഫോസില്‍ ഇന്ധന ജ്വലനത്തെ അമിതമായി ആശ്രയിക്കുന്ന സമ്പത് വ്യവസ്ഥയില്‍ മൊത്തം അഴിച്ചുപണി വേണ്ടി വരും. ഫോസില്‍ ഇന്ധന ഉപഭോഗം ഘട്ടം ഘട്ടമായി കുറയ്കുക, സംശുദ്ധ ഊര്‍ജ ഉപയോഗത്തിലേക്കു ചുവടുമാറുക അത് വഴി ഹരിതഗൃഹവാതക പുറന്തള്ളല്‍ കുറച്ച്, ആഗോള താപവര്‍ദ്ധനവ് പരിമിതപ്പെടുത്തുക എന്ന ലക്ഷ്യങ്ങള്‍ നിറവേറ്റാനായാല്‍ ഇത്തരം പ്രത്യാഘാതങ്ങള്‍ക്ക് അല്‍പമെങ്കിലും ആശ്വാസമായേക്കാം.എന്നാല്‍ കാര്‍ബണ്‍ ഉത്സര്‍ജനം ഗണ്യമായി കുറയ്ക്കുവാന്‍ തക്കവിധം അത്തരം ഊര്‍ജവിനിയോഗ രീതികള്‍ക്ക് ഇനിയും പ്രചാരം ലഭിച്ചിട്ടില്ല. എല്ലാ വിധമേഖലകളിലും ജൈവഊര്‍ജ്ജമടക്കമുള്ള സംശുദ്ധ ഊര്‍ജ ഉപയോഗം വ്യാപകമാക്കേണ്ടതുണ്ട്. കൂടാതെ, കുറച്ചുമാത്രം കാര്‍ബണ്‍ പുറത്തുവിടുന്ന സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കേണ്ടിവരും. നിലവില്‍ ലഭ്യമായ സാങ്കേതികവിദ്യ ഉപയോഗിച്ച് പരമ്പരാഗത വൈദ്യുതി ഉത്പാദനത്തിന് പുറത്തു വിടുന്ന ഹരിത ഗ്രഹ വാതകങ്ങളുടെ അളവ് കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ ചൂണ്ടികാണിക്കുന്നു.

കല്‍ക്കരിക്കുപകരം പ്രകൃതി വാതകം ഉപയോഗിച്ചും പുറത്തുവരുന്ന കാര്‍ബണ്‍ മറ്റ് രതീകളില്‍ ഉപയോഗപ്പെടുത്തിയും മറ്റും ഹൃസ്വകാല അടിസ്ഥാനത്തില്‍ പ്രശ്ന പരിഹാരത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കാം. 2030ന് മുന്‍പ് തന്നെ കാര്‍ബണ്‍ വാതകത്തെ വേര്‍തിരിച്ചെടുത്ത് മാറ്റാവുന്ന പുതിയ സാങ്കേതിക വിദ്യയോ തിരമാല, സൗരോര്‍ജ്ജം തുടങ്ങിയ ആധുനിക ഊര്‍ജ്ജ സാങ്കേതിക വിദ്യകളോ ലഭ്യമാക്കാവുന്നതാണ്. ജലം, സൗരോര്‍ജ്ജം, കാറ്റ്, ജൈവോര്‍ജ്ജം തുടങ്ങിയ സ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനം ഇന്നത്തെ 18% ശതമാനത്തില്‍ നിന്ന് 30-35 ശതമാനമായി ഉയര്‍ത്താന്‍ കഴിയും.ചെറിയ കാലത്തിനുള്ളില്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറത്തുവിടുന്നത് വന്‍തോതില്‍ കുറയ്ക്കണമെങ്കില്‍ വ്യവസായത്തില്‍ പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട് കൂടുതല്‍ കാര്യക്ഷമമായ വൈദ്യുതോപകരണങ്ങള്‍ ഉപയോഗിക്കണം. ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ വീണ്ടുംവീണ്ടും ഉപയോഗിക്കാന്‍ കഴിയണം, ഹരിത ഗൃഹ വാതകങ്ങള്‍ പുറത്തുവിടുന്ന പ്രധാനപ്പെട്ട മറ്റൊരു മേഖലയാണ് ഗതാഗത മേഖല. ഇവിടെ വിസര്‍ജ്ജിക്കപ്പെടുന്ന വാതകങ്ങളുടെ അളവ് കുറയ്ക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. റോഡുമാര്‍ഗ്ഗത്തില്‍ നിന്ന് റെയില്‍ മാര്‍ഗ്ഗത്തിലേയ്ക്കും ജലപാതകളിലേയ്ക്കും മാറിയേതീരു. മാത്രമല്ല ഗതാഗത ആവശ്യങ്ങള്‍ കുറയും വിധം നഗരാസൂത്രണം നടത്തേണ്ടതുമുണ്ട്. ഗതാഗത മേഖലയില്‍നിന്ന് ഉണ്ടാകുന്നതിനേക്കാളധികം ആഗോളതലത്തില്‍ കാര്‍ബണ്‍ പുറം തള്ളല്‍ ഉണ്ടാകുന്നത് വനങ്ങളുടെ നശീകരണത്തിലൂടെയാണ്. വന നശീകരരണം തടയുന്നതാണ് ഏറ്റവും ചെലവുകുറഞ്ഞ രീതിയില്‍ പുറംതള്ളല്‍ തടയാനുള്ള മാര്‍ഗ്ഗം.

ആഗോളതാപനവും കാലവസ്ഥാ മാറ്റവും ഒഴിവാക്കണമെങ്കില്‍ നമ്മുടെ ശീലങ്ങളും മാറ്റേണ്ടിവരും.വ്യക്തി ജീവിതത്തിലെ ശീലങ്ങള്‍ തീര്‍ച്ചയായും ആഗോളതാപനത്തിന് കാരണമാകുന്നുണ്ട്. കുറഞ്ഞ കാര്‍ബണ്‍ സമ്പദ് വ്യവസ്ഥയ്ക്ക് വേണ്ടി നമ്മുടെ ശീലങ്ങള്‍ മാറ്റിയേ തീരൂ.കാറുകളും മോട്ടോര്‍ വാഹനങ്ങളും വാങ്ങുമ്പോള്‍, എല്ലാമുറിയിലും എയര്‍കണ്ടീഷണറും ടി.വി.യും വേണമെന്ന് ആഗ്രഹിക്കുമ്പോള്‍ നമ്മളും ഇതിനെല്ലാം ഉത്തരവാദിയാകുന്നുണ്ട്.അവ ഉപയോഗിക്കുന്ന ഊര്‍ജ്ജം മാത്രമല്ല അവ നിര്‍മ്മിക്കാന്‍ വേണ്ടിവരുന്ന ഊര്‍ജ്ജവും ചേര്‍ന്നാണ് ഭൂമിയെ പൊള്ളിക്കുന്നത്. അതിനാല്‍ ആഗോളതാപനം യഥാര്‍ത്ഥത്തില്‍ ആരംഭിക്കേണ്ടത് വന്‍ രാഷ്ടങ്ങളില്‍ നിന്നോ വമ്പന്‍ വ്യവസായശാലകളില്‍ നിന്നോ അല്ല, മറിച്ച് ഓരോവ്യക്തിയും അവനവന്റെ പ്രവൃത്തിപഥങ്ങളിലും ഇക്കാര്യം നിഷ്‌കര്‍ഷിക്കേണ്ടതുണ്ട്. വ്യക്തികളെന്ന നിലയില്‍ നാം അന്തരീക്ഷത്തിലേക്ക് ഉപേക്ഷിക്കുന്ന കാര്‍ബണ്‍ അവശേഷിപ്പുകള്‍ പരമാവധി കുറക്കുന്ന തരത്തിലുള്ള ജീവിതചര്യയോടൊപ്പം മലിനീകരണ വിമുക്തിയില്‍ അധിഷ്ഠിതമായ പരിസ്ഥിതി സാക്ഷരതയും നമ്മള്‍ ശീലിക്കണം

Leave a Reply

Your email address will not be published.