India
ആത്മഹത്യയും കോവിഡ് മരണ കണക്കിൽപ്പെടുത്തിക്കൂടെ?: സുപ്രീംകോടതി
Last updated on Sep 14, 2021, 4:00 am


കോവിഡ് മരണം നിശ്ചയിക്കാൻ കേന്ദ്രം തയ്യാറാക്കിയ പുതിയ മാർഗരേഖ പരിശോധിച്ചു സുപ്രീംകോടതി. കോവിഡ് ബാധിതർ ആത്മഹത്യ ചെയ്താലും അത് കോവിഡ് മരണത്തിന്റെ കണക്കിൽപ്പെടുത്തുന്നത് പരിഗണിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം പരാമർശിച്ചത്.
കോവിഡ് പോസിറ്റീവായി 30 ദിവസത്തിനകം മരിച്ചാൽ ‘കോവിഡ് മരണ’മായി കണക്കാക്കി സർട്ടിഫിക്കറ്റ് നൽകുമെന്ന് മാർഗരേഖയിൽ പറയുന്നു. അപകടം, ആത്മഹത്യ, കൊലപാതകം, വിഷം അകത്തുചെന്നുള്ള മരണം എന്നിവയിൽ അവർ കോവിഡ് രോഗിയാണെങ്കിൽപ്പോലും കോവിഡ് മരണമായി കണക്കാക്കില്ലെന്നാണ് കേന്ദ്രത്തിന്റെ മാർഗരേഖയിൽ പറയുന്നത്. ഈ സാഹചര്യത്തിലാണ് ആത്മഹത്യകൂടി ഉൾപ്പെടുത്തുന്നത് പരിഗണിക്കാൻ കോടതി ആവശ്യപ്പെട്ടത്.
മരണ സർട്ടിഫിക്കറ്റ് ലഭ്യമല്ലാതിരിക്കുകയോ സർട്ടിഫിക്കറ്റിൽ പറയുന്ന മരണകാരണത്തിൽ ബന്ധുക്കൾ തൃപ്തരല്ലാതിരിക്കുകയോ ചെയ്താൽ അത്തരം സാഹചര്യം കൈകാര്യം ചെയ്യാൻ സംസ്ഥാനങ്ങൾ ജില്ലാതല കമ്മിറ്റികളുണ്ടാക്കണമെന്ന് മാർഗരേഖയിൽ പറയുന്നുണ്ട്.


