India
വാക്സിൻ ഇടവേള: ഇളവ് നല്‍കാനാവില്ലെന്ന് ഹൈക്കോടതിയിൽ കേന്ദ്രം
Last updated on Sep 03, 2021, 11:09 am


വാക്സിൻ ഇടവേളയുടെ കാര്യത്തിൽ ഇളവു നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ഇളവ് നൽകണമെന്ന് കിറ്റക്സ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേന്ദ്രം ഇക്കാര്യം കോടതിയെ അറിയിച്ചത്.സ്വന്തമായി പണം മുടക്കി വാക്സിൻ വാങ്ങുന്നവർക്ക് ഇടവേളയുടെ കാര്യത്തിൽ സ്വതന്ത്ര്യമായി തീരുമാനമെടുക്കാനുള്ള അവകാശം നൽകിക്കൂടെ എന്നതായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഇതിൽ ഹൈക്കോടതി കേന്ദ്രസർക്കാരിനോട് നിലാപാട് ആരായുകയായിരുന്നു.
കോവിഷീൽഡ് വാക്സിന്റെ ഇടവേള 84 ദിവസമായി നിശ്ചയിച്ചിരിക്കുന്നത് ശാസത്രീയ പഠനങ്ങളുടേയും വിദഗ്ധ അഭിപ്രായങ്ങളുടേയും അടിസ്ഥാനത്തിലാണ്. രാജ്യത്തിനകത്ത് ആ ഇടവേളകളിൽ മാറ്റം വരുത്താൻ കഴിയില്ലെന്നാണ് കേന്ദ്രസർക്കാർ രേഖാമൂലം അറിയിച്ചിരിക്കുന്നത്.വിദേശത്തേക്ക് അടിയന്തരമായി പോകേണ്ടവർക്ക് മാത്രമാണ് ഇളവ് നൽകാൻ സാധിക്കുകയെന്നും രാജ്യത്തിനകത്തുള്ള തൊഴിൽ മേഖലകളിൽ അടക്കമുള്ളവർക്ക് ഇതിൽ യാതൊരു ഇളവും നൽകാൻ കഴിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി.


