India
image_print

വയനാട് ‘സമ്പൂര്‍ണ’ വാക്സിനേറ്റഡ് ജില്ല

Written by

archanaa chuqwe

സമ്പൂര്‍ണ്ണ വാക്‌സിനേറ്റഡ് ജില്ലയായി വയനാട്. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കെല്ലാം തന്നെ വാക്‌സിന്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടത്തിന് പിന്നില്‍. ആദിവാസി ഊരുകള്‍ കേന്ദ്രിക്കരിച്ച് നടത്തിയ മൊബൈല്‍ വാക്‌സിനേഷനും ജില്ലയില്‍ രണ്ട് ദിവസമായി തുടരുന്ന വാക്‌സിനേഷന്‍ മെഗാ ഡ്രൈവും മുന്നോട്ടുപോവുകയാണ്. ടൂറിസം ജില്ല ആയതിനാല്‍ തന്നെ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കി ടൂറിസം കേന്ദ്ര തുറക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ശനി, ഞായര്‍ ദിവസങ്ങളിലായി നടത്തിയ വാക്‌സിനേഷന്‍ ഡ്രൈവില്‍ ഒരു ലക്ഷത്തോളം പേരാണ് പങ്കാളികളായത്.

കോവിഡ് പോസിറ്റീവായവര്‍, ക്വാറന്റൈനിലുള്ളവര്‍, വാക്സിന്‍ നിഷേധിച്ചവര്‍ എന്നിവരെ ഈ വിഭാഗത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 6,16,112 പേര്‍ക്കാണ് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയത്. 2,13,311 പേര്‍ക്കാണ് രണ്ടാം ഡോസ് (31.67 ശതമാനം) വാക്സിന്‍ നല്‍കിയത്. ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വാക്സിനേഷനായി വലിയ പ്രവര്‍ത്തനമാണ് ജില്ലയില്‍ നടത്തുന്നത്. ഓരോ തദ്ദേശസ്വയംഭരണ പ്രദേശങ്ങളും തയ്യാറാക്കിയ വാക്സിനേഷന്‍ പ്ലാന്‍ അനുസരിച്ചാണ് വാക്സിനേഷന്‍ പ്രക്രിയ പുരോഗമിക്കുന്നത്. വാക്സിനേഷന്‍ ഉറപ്പാക്കാന്‍ 28 മൊബൈല്‍ ടീമുകളെയാണ് സജ്ജമാക്കിയത്. ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ ടീമുകള്‍ പ്രത്യേക ദൗത്യത്തിലൂടെയാണ് വാക്സിന്‍ നല്‍കിയത്. കിടപ്പ് രോഗികള്‍ക്ക് വീടുകളിലെത്തി വാക്സിനേഷന്‍ നല്‍കാനായും പ്രത്യേകം ശ്രദ്ധിച്ചു. 636 കിടപ്പ് രോഗികള്‍ക്ക് വീട്ടിലെത്തി വാക്സിന്‍ നല്‍കി.

തദ്ദേശസ്ഥാപനങ്ങൾ,  ട്രൈബൽ വകുപ്പ്,  കുടുംബശ്രീ,  ആശാവർക്കർമാർ, സന്നദ്ധ സംഘടനകൾ, തുടങ്ങിയവരുടെ  കൂട്ടായ പരിശ്രമമാണ് ഈ നേട്ടത്തിന് പിന്നിലെന്നു  ഭരണകൂടം വിശദികരിച്ചു. ആദിവാസി ജനസംഖ്യ കൂടുതലുള്ള പുൽപ്പള്ളി,  നൂൽപ്പുഴ,  വൈത്തിരി പഞ്ചായത്തുകൾ,  നേരത്തെതന്നെ മുഴുവൻ പേർക്കും വാക്സിനേഷൻ നൽകിയിട്ടുണ്ട്. 45 വയസ്സിനു മുകളിൽ എല്ലാവർക്കും വാക്സിനേഷൻ നടത്തിയ ജില്ല എന്ന ബഹുമതി നേരത്തെ തന്നെ വയനാടും  കാസർകോടും പങ്കുവെച്ചിരുന്നു.

Leave a Reply

Your email address will not be published.