India
കരുവന്നൂർ ബാങ്ക് വായ്പ്പാ തട്ടിപ്പ് കേസ്;സിപിമ്മിൽ വീണ്ടും രാജി
Last updated on Aug 18, 2021, 10:10 am


കരുവന്നൂർ ബാങ്ക് വായ്പ്പാ തട്ടിപ്പ് കേസിൽ സിപിഎം പ്രാദേശിക തലത്തിൽ കൂട്ടരാജി. മാടായിക്കോണം സ്കൂൾ സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.വി. പ്രജീഷ്, ബ്രാഞ്ച് അംഗം കെ.ഐ. പ്രഭാകരൻ എന്നിവരാണ് രാജി വച്ചത്. ഇവർ ലോക്കൽ സെക്രട്ടറിക്ക് രാജിക്കത്ത് നൽകി. ഒറ്റയാൾ സമരം നടത്തിയ സുജേഷ് കണ്ണാട്ടിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് ഈ രാജി.
നേരത്തെ ബാങ്ക് വായ്പ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് പാർട്ടി തലത്തിൽ കൃത്യമായ നടപടി എടുത്തിരുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഈ വിഷയത്തിൽ ബ്രാഞ്ച് യോഗങ്ങളിൽ ഉൾപ്പെടെ സുജേഷ് കണ്ണാട്ട് പ്രതിഷേധം ഉയർത്തിയിരുന്നു. തുടർന്ന് ആരോപണം ഉന്നയിച്ച സുജേഷ് കണ്ണാട്ടിനെതിരേ പാർട്ടി തലത്തിൽ നടപടി എടുത്തുകയും പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഈ സാഹചര്യത്തെ തുടർന്നാണ് കൂടുതൽ പേർ സിപിഎമ്മിൽനിന്ന് രാജിവെയ്ക്കുന്നത്.കൂടാതെ വിവിധ ബ്രാഞ്ച് കമ്മറ്റികളിൽ നിന്ന് കൂടുതൽ രാജി ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന വിവരം. ഏകദേശം പത്തോളം പേരാണ് ഇതിനകം രാജിക്കത്ത് നൽകിയിട്ടുള്ളത്.
അതേസമയം കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതികളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്ന ആവശ്യം ഇ.ഡി. അറിയിച്ചിരുന്നു. നിലവില്‍ പിടിയിലായ മൂന്ന് പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കും.


