India
image_print

മനുഷ്യത്വത്തിന്റെ ക്യാമറാ കണ്ണുകള്‍; ഡാനിഷ് സിദ്ദിഖി

Written by

webtngi1

Highlights

ഡാനിഷ് സിദ്ദിഖിയുടെ മരണത്തോടെ അഫ്ഗാനിലെ നിലവിലെ പ്രതിസന്ധി കൂടുതല്‍ ശക്തമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്.

 

ഡാനിഷ് സിദ്ദിഖി, ലോക മാധ്യമ ചരിത്രത്തിലെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷി. അഫ്‌നഗാനിസ്ഥാനിലെ ആക്രമണ ദൃശ്യങ്ങള്‍ക്ക് തന്റെ ജീവന്‍ പകരം കൊടുക്കേണ്ടി വന്ന പ്രതിഭാ ശാലിയായ ഫോട്ടോഗ്രാഫര്‍. കാമറക്കണ്ണുകളിലൂടെ ചെയ്യാനാകുന്നതിലും അപ്പുറം നിമിഷങ്ങള്‍ പകര്‍ത്തിയാണ് അദ്ദേഹം വിടപറഞ്ഞിരിക്കുന്നത് എന്ന് നിസ്സംശയം പറയാം.

ഉത്തര്‍പ്രദേശില്‍ 1983 മെയ് 19 നാണ് മൂന്ന് മക്കളില്‍ മൂത്തവനായി ഡാനിഷ് സിദ്ദിഖി ജനിച്ചത്. ഫാ.സൗത്ത് ന്യൂഡല്‍ഹിയിലെ ആഗ്‌നല്‍ സ്‌കൂളില്‍ വിദ്യാഭ്യാസം. പിന്നീട് ഡല്‍ഹി ജാമിയ മിലിയയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം. 2007 -ല്‍ അവിടെ തന്നെയുള്ള എജെകെ മാസ്സ് കമ്യൂണിക്കേഷന്‍ റിസര്‍ച്ച് സെന്ററില്‍ നിന്ന് മാസ്സ് കമ്യൂണിക്കേഷനില്‍ രണ്ടാമത്തെ ബിരുദം. ടെലിവിഷന്‍ റിപ്പോര്‍ട്ടറായി മാധ്യമമേഖലയിലെത്തി, പിന്നീട് ഫോട്ടോ ജേര്‍ണലിസത്തിലേക്കു വഴിമാറി. ഇതാണ് ചുരുക്കിപ്പറഞ്ഞാല്‍ ഡാനിഷിന്റെ വിദ്യാഭ്യാസ കാലഘട്ടവും കരിയര്‍ പ്രവേശനവും. സ്വന്തം അയല്‍ക്കാരന്റെ കയ്യില്‍ നിന്ന് കടം വാങ്ങിയ ക്യാമറയിലാണ് താന്‍ തന്റെ ജീവിതത്തിലെ ആദ്യചിത്രം പകര്‍ത്തിയത് എന്ന് സിദ്ദിഖി തന്നെ പറഞ്ഞിട്ടുണ്ട്.

ബിരുദ പഠനത്തിന് ശേഷം ഇന്ത്യ ടുഡേ ചാനലിന്റെ ലേഖകനായി പ്രവര്‍ത്തിച്ച ശേഷമാണ് ഫോട്ടോ ജേര്‍ണലിസ്റ്റ് ഇന്റേണ്‍ ആയി 2010ല്‍ റോയിട്ടേഴ്‌സില്‍ ചേരുന്നത്. അതൊരു വലിയ വഴിത്തിരിവായിരുന്നു. ഇന്ത്യന്‍ ചീഫ് ഫോട്ടോഗ്രാഫറുടെ അസിസ്റ്റന്റായി കുംഭമേളയിലെ ചിത്രങ്ങളെടുക്കാനായിരുന്നു ആദ്യ ദൗത്യം തന്നെ. തുടര്‍ന്നിങ്ങോട്ട് അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ കടമെടുത്തു പറഞ്ഞാല്‍, ‘തങ്ങള്‍ക്ക് എത്തിച്ചേരാനാകാത്ത ഇടങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ കാണാനും അറിയാനും ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്കായി ചിത്രങ്ങള്‍ പകര്‍ത്തി. അതും എല്ലാ വൈകാരികതകളും ഒത്തു ചേര്‍ന്ന ജീവനുള്ള ചിത്രങ്ങള്‍.

2016-ലെ മൊസുള്‍ യുദ്ധം, 2015 ഏപ്രിലിലെ നേപ്പാള്‍ ഭൂകമ്പം, റോഹിംഗ്യന്‍ വംശഹത്യയില്‍ നിന്ന് ഉണ്ടായ അഭയാര്‍ഥി പ്രതിസന്ധി, 2019 -2020 ഹോങ്കോംഗ് പ്രതിഷേധം, 2020 ദില്ലി കലാപം, ദക്ഷിണേഷ്യ- മിഡില്‍ ഈസ്റ്റ്- യൂറോപ്പ് എന്നിവിടങ്ങളിലെ കോവിഡ് പകര്‍ച്ചവ്യാധി തുടങ്ങിയവയെല്ലാം ഡാനിഷിന്റെ കണ്ണുകളിലൂടെ ലോകം കണ്ടു. റോഹിംഗ്യന്‍ ചിത്രങ്ങള്‍ ലോകത്തിന്റെ മനസാക്ഷിയെ പിടിച്ചു കുലുക്കി. സ്വന്തം ജന്മനാട്ടില്‍നിന്ന് അപകടകരമായ തോണിയാത്രയിലൂടെ ബംഗാള്‍ ഉള്‍ക്കടല്‍ കടന്ന് ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള ദ്വീപിലെത്തിയ അവശരായ അഭയാര്‍ഥി. ഈ ചിത്രങ്ങള്‍ അഭയാര്‍ത്ഥി പ്രതിസന്ധി എത്ര ഭീകരമാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. പത്രപ്രവര്‍ത്തനത്തിനുള്ള അമേരിക്കയിലെ ഏറ്റവും വലിയ പുരസ്‌കാരമായ 2018ലെ പുലിറ്റ്സര്‍ സമ്മാനം ആദ്യമായി ഇന്ത്യയിലേക്ക് എത്തിയത് ഈ ചിത്രത്തിനായിരുന്നു.

2020-ലെ ദില്ലി കലാപത്തില്‍ അദ്ദേഹം ക്ലിക്കുചെയ്ത ഒരു ഫോട്ടോ റോയിട്ടേഴ്‌സ് ആ വര്‍ഷത്തെ നിര്‍വചിക്കുന്ന’ ഫോട്ടോഗ്രാഫുകളിലൊന്നായി അവതരിപ്പിച്ചു. ഡല്‍ഹി കലാപത്തില്‍ നിസ്സഹായനായ യുവാവിനെ സായുധരായ സംഘം മര്‍ദിക്കുന്നതിന്റെ നടുക്കുന്ന ദൃശ്യം രാജ്യത്തിനകത്തും പുറത്തും പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. പൗരത്വ നിയമവിരുദ്ധസമരം ചെയ്യുന്ന ജാമിയ മിലിയ വിദ്യാര്‍ഥികള്‍ക്കുനേരെ അക്രമി തോക്കുചൂണ്ടുന്ന ദൃശ്യവും കോവിഡ് ബാധിതരെ കൂട്ടത്തോടെ ദഹിപ്പിക്കുന്നതിന്റെ ദാരുണകാഴ്ചയും ഡാനിഷിലൂടെയാണ് ലോകം കണ്ടത്. കോവിഡ് കാലത്തെ അതിഥി തൊഴിലാളികളുടെ ദുരിതം, കശ്മീര്‍, സിഎഎ സമരം, കര്‍ഷക സമരം തുടങ്ങിയ പ്രധാനപ്പെട്ട സംഭവങ്ങളിലേയ്‌ക്കെല്ലാം ഡാനിഷിന്റെ ക്യാമറ ആരും കാണാത്ത കാഴ്ചകള്‍ തേടിപ്പോയി.

പ്രതിഭാശാലിയായ മാധ്യമ പ്രവര്‍ത്തകനെയാണ് ലോകത്തിന് നഷ്ടപ്പെട്ടിരിക്കുന്നത്. ആയിരം പേജുള്ള റിപ്പോര്‍ട്ടുകളേക്കാള്‍ സാധാരണക്കാരന് മനസ്സിലാകുന്ന, ഏറ്റവും വ്യക്തമായ സന്ദേശങ്ങള്‍ ഇതുപോലെ ഇനിയും ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍, കര്‍മ്മനിരതനായിരിക്കുമ്പോള്‍ തന്നെ വീണു മരിക്കാന്‍ അദ്ദേഹം വിധിക്കപ്പെട്ടു.

ഡാനിഷ് സിദ്ദിഖിയുടെ മരണത്തോടെ അഫ്ഗാനിലെ നിലവിലെ പ്രതിസന്ധി കൂടുതല്‍ ശക്തമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. അമേരിക്കയുടെ പിന്മാറ്റത്തിന് തൊട്ടു പിന്നാലെയാണ് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ശക്തികള്‍ പിടിമുറുക്കിയിരിക്കുന്നത്. ഇറാന്‍ തുര്‍ക്ക്‌മെനിസ്ഥാന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ തങ്ങളുടെ അധീനതയിലായെന്നും അഫ്ഗാന്റെ 85 ശതമാനം പ്രദേശങ്ങളും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും താലിബാന്‍ അവകാശപ്പെട്ടു കഴിഞ്ഞു. വേള്‍ഡ് ട്രേഡ് സെന്റര്‍ അക്രമണത്തിന്റെ 20-ാം വാര്‍ഷികമായ സെപ്തംബര്‍ 11 നുള്ളില്‍ മുഴുവന്‍ അമേരിക്കന്‍ സൈനികരും അഫ്ഗാനിസ്ഥാന്‍ വിടുമെന്നായിരുന്നു പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നത്. എന്നാല്‍ അതിന് മുന്‍പ് തന്നെ അമേരിക്കന്‍ സൈന്യം പിന്മാറ്റം തുടങ്ങിയിരുന്നു.

യുഎസിന്റെ നേതൃത്വത്തിലുള്ള നാറ്റോ ദൗത്യ സംഘം തങ്ങളുടെ അവസാന സൈനികരെയും അഫ്ഗാനില്‍ നിന്ന് സ്വന്തം രാജ്യത്തേക്ക് മാറ്റുന്നതോടെ അഫ്ഗാനിലുടനീളം താലിബാന്‍ ശക്തിപ്രാപിക്കുകയാണ്. പടിഞ്ഞാറ് ഇറാനിയന്‍ അതിര്‍ത്തി മുതല്‍ ചൈനയുടെ അതിര്‍ത്തി വരെയുള്ള രാജ്യത്തിന്റെ വടക്കന്‍ പ്രദേശം ഏതാണ്ട് മുഴുവനായും ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കന്‍ സൈന്യം പിന്മാറിയതിന് തൊട്ട് പിന്നാലെ ഹെറാത്ത് പ്രവിശ്യയില്‍ ഇസ്ലാം ക്വാല, ടോര്‍ഗണ്ടി അതിര്‍ത്തികള്‍ നഷ്ടപ്പെട്ടതായി അഫ്ഗാന്‍ അധികൃതര്‍ തന്നെ സമ്മതിച്ചു കഴിഞ്ഞു. ഇറാനിലേക്കുള്ള ഏറ്റവും വലിയ വ്യാപാര കവാടങ്ങളിലൊന്നാണ് ഇസ്ലാം ക്വാള അതിര്‍ത്തി. 20 മില്യണ്‍ ഡോളറിന്റെ പ്രതിമാസ വരുമാനമാണ് ഈ അതിര്‍ത്തിയില്‍ നിന്നും ലഭിച്ചിരുന്നത്. പല പ്രദേശത്തും അഫ്ഗാന്‍ സൈന്യം ചെറുത്ത് നില്‍പ്പിന് ശ്രമിച്ചില്ലെന്നും താലിബാന്‍ സൈന്യത്തിന് നേരെ വെടി ഉതിര്‍ക്കുക പോലും ചെയ്യാതെ കീഴടങ്ങുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. അത്രമേല്‍ ദുര്‍ബലമാണ് അഫ്ഗാന്റെ സൈനിക ശക്തി.

സാമ്പത്തിക നേട്ടമാണ് താലിബാന് ഇനി ഉണ്ടാകാന്‍ പോകുന്ന അതിശക്തമായ മേല്‍ക്കൈ. കാരണം, ഇറാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ അതിര്‍ത്തികള്‍ ശക്തമായ സാമ്പത്തീക സ്രോതസുകളാണ്. ഇത് താലിബാനിലേക്കുള്ള സാമ്പത്തിക വരവ് ശക്തമാക്കും. അനധികൃത പണ ഇടപാടിന് ഈ സൗകര്യം താലിബാനെ സഹായിക്കും. മാത്രമല്ല ഈ പ്രദേശങ്ങള്‍ ഏറെ ധാതു സമ്പന്നവുമാണ്.

അതേസമയം, താലിബാനെതിരെ പോരാടാന്‍ സഹായിക്കുന്നതിനായി അഫ്ഗാനിസ്ഥാനിലേക്ക് സംഭാവന ചെയ്തതോ വിറ്റതോ ആയ സൈനിക ഉപകരണങ്ങള്‍ വന്‍തോതില്‍ താലിബാന്റെ കൈകളില്‍ തന്നെ എത്തിചേര്‍ന്നതായുള്ള സംശയങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. അമേരിക്കയുടെ പിന്‍ബലമില്ലാതെ താലിബാനെതിരെ പോരാടാന്‍ കഴിയില്ലെന്ന് അഫ്ഗാന്‍ സേനയും ചിന്തിക്കുന്നുണ്ട്. ചില ഇടങ്ങളില്‍ അഫ്ഗാന്‍ സേനകള്‍ നടത്തിയ കീഴടങ്ങല്‍ ഇതിന് തെളിവാണ്.

എന്നാല്‍ പോരാട്ട വീര്യം കെടാത്ത ആളുകള്‍ ഇനിയും അഫ്ഗാനിലുണ്ട്. രാജ്യത്തിന്റെ മധ്യ വടക്കന്‍ പ്രദേശത്ത് സ്ത്രീകള്‍ ആയുധങ്ങളുമായി തെരുവില്‍ പ്രതിഷേധം നടത്തി.താലിബാനെതിരെ പോരാടാന്‍ തങ്ങളും തയ്യാറാണെന്നായിരുന്നു ഈ പെണ്‍പടയുടെ പ്രധാന മുദ്രാവാക്യം. താലിബാനെതിരെ പോരാടാന്‍ ഈ പ്രദേശങ്ങളില്‍ സ്ത്രീകള്‍ക്ക് ഒരു ദിവസത്തെ പരിശീലനം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

താലിബാന്റെ അഫ്ഗാന്‍ മുന്നേറ്റം ഇന്ത്യ അടക്കമുള്ള അയല്‍രാജ്യങ്ങളെ പല തരത്തില്‍ ബാധിക്കുന്നതാണ്. അഫ്ഗാനിസ്ഥാന്റെ ഏതാണ്ട് 85 ശതമാനത്തോളം ഭൂമിയും കീഴടക്കിയ താലിബാന്‍ ചൈനയെ സുഹൃത്തായിട്ടാണ് കാണുന്നതെന്ന് സൌത്ത് ചൈന മോര്‍ണിങ്ങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ചൈന സുഹൃത്ത് രാഷ്ട്രമാണെന്നും അഫ്ഗാന്റെ പുനര്‍നവീകരണത്തിന് ചൈനയെ ക്ഷണിക്കുന്നതായും താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ അവകാശപ്പെട്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്. ലോകത്തിലെ പ്രധാനപ്പെട്ട അഭയാര്‍ത്ഥി പ്രിതസന്ധിയായി അഫ്ഗാനിസ്ഥാനും മാറിയിട്ടുണ്ട്. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, പതിറ്റാണ്ടുകളായി യുദ്ധം മണക്കുന്ന കാറ്റാണ് അഫ്ഗാനിലേത്. ലോകത്തിന്റെ പ്രധാനപ്പെട്ട കച്ചവട കേന്ദ്രങ്ങളില്‍ ഒന്നായ അഫ്ഗാനില്‍ ജനങ്ങള്‍ പ്രതീക്ഷയറ്റ് ജീവിക്കുന്ന ഗതിയിലേയ്ക്ക് മാറിയിരിക്കുന്നു.

ഡാനിഷ് സിദ്ദിഖി തുടങ്ങി വെച്ച ഏറ്റവും ഒടുവിലത്തെ ചര്‍ച്ചകള്‍ ലോക രാജ്യങ്ങള്‍ ശരിയായി പരിഗണക്കുകയും മറ്റൊരു വന്‍ യുദ്ധം ഇല്ലാതാക്കാന്‍ കൂട്ടായി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഇന്ത്യയെ സംബന്ധിച്ചും ഇത് പ്രത്യേകം പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാണ്. താലിബാന്റെ ചൈനീസ് കൂട്ടുകെട്ട് ഇന്ത്യയ്ക്ക് അത്ര ഗുണകരമാകില്ല എന്നുറപ്പ്.

Leave a Reply

Your email address will not be published.