India
image_print

ഭൂമിയെ വിഴുങ്ങുമോ ഇ-മാലിന്യക്കൂമ്പാരം?

Written by

archanaa chuqwe

കാലാവസ്ഥ വ്യതിയാനവും അതിന്റെ പരിണിത ഫലങ്ങളും നാമിന്ന് വലിയതോതില്‍ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ ഇനി ലോകം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പാരിസ്ഥിതിക-ആരോഗ്യ പ്രശ്നമാണ് ഇലക്ട്രോണിക് മാലിന്യങ്ങള്‍.പഴക്കം ചെന്ന് ഉപേക്ഷിക്കപ്പെട്ട കമ്പ്യൂട്ടറുകള്‍, ലാപ്ടോപ്പ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍, മൊബൈല്‍ഫോണ്‍, ടെലിവിഷന്‍, റെഫ്രിജറേറ്റര്‍, സര്‍ക്യൂട്ട് ബോര്‍ഡുകള്‍, സി.എഫ്.എല്‍ ബള്‍ബുകള്‍ തുടങ്ങിയവയെല്ലാം ഇലക്ട്രോണിക് വേസ്റ്റില്‍പെടും. ഫാക്ടറികളില്‍ നിന്നും മറ്റും വന്‍തോതില്‍ ഉപേക്ഷിക്കപ്പെടുന്നവ മാത്രമല്ല, വീടുകളില്‍ നിന്ന് ഉപയോഗശൂന്യമെന്നനിലയില്‍ നാം വലിച്ചെറിയുന്നവയെല്ലാം ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവയാണ്.

 

ലോകമെമ്പാടുമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം അനുദിനം വര്‍ദ്ധിക്കുകയും പുതിയ സവിശേഷതകളുള്ള ഗാഡ്ജെറ്റുകള്‍ വ്യത്യസ്ത കമ്പനികള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.ഇതോടൊപ്പം ഓരോ വര്‍ഷവും മനുഷ്യര്‍ ഉല്‍പാദിപ്പിക്കുന്ന ഇലക്ട്രോണിക് മാലിന്യത്തിന്റെ അളവും അതിവേഗം വളരുകയാണ്.ലോഹങ്ങള്‍, പ്ലാസ്റ്റിക്, ധാതുക്കള്‍ തുടങ്ങിയ പുനരുപയോഗിക്കാനാവാത്ത വസ്തുക്കളുടെ ആഗോള നിര്‍മാര്‍ജനം ഇന്നത്തെ കാലത്ത് വലിയ വെല്ലുവിളിയാണ്. സാധാരണയായി, അത്തരം വസ്തുക്കള്‍ ലാന്‍ഡ്ഫില്ലുകള്‍ അല്ലെങ്കില്‍ കത്തിക്കല്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു.പക്ഷേ മാലിന്യത്തിന്റെ അളവ് വര്‍ദ്ധിക്കുന്നത് മാലിന്യ സംസ്‌കരണം കൂടുതല്‍ ബുദ്ധിമുട്ടാക്കുന്നു.അമേരിക്കയില്‍ പ്രതിവര്‍ഷം മൂന്നുകോടി കമ്പ്യൂട്ടറുകള്‍ ഉപേക്ഷിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. യൂറോപ്പിലാകട്ടെ പ്രതിവര്‍ഷം 10കോടി മെബൈല്‍ഫോണുകള്‍ ഉപയോഗശൂന്യമെന്ന നിലയില്‍ കളയുന്നു. ഒരു വര്‍ഷം ലോകത്ത് അഞ്ചുകോടി ടണ്‍ ഇലക്ട്രോണിക് മാലിന്യങ്ങള്‍ പുറന്തള്ളുന്നുവെന്നാണ് ഏകദേശവിവരം. ഗാര്‍ഹിക ഉപഭോക്താക്കള്‍ വലിച്ചെറിയുന്ന കണക്കില്‍ പെടാത്തവ വേറെയും വരും. ഇവയില്‍ 20ശതമാനം വരെ മാത്രമേ പുനഃരുപയോഗിക്കുന്നുള്ളൂ.മറ്റുള്ളവ മണ്ണിലും വെള്ളത്തിലും മാലിന്യം കലര്‍ത്തി അവശേഷിക്കുന്നു.ഇലക്ട്രോണിക് ഉപകരണങ്ങളുടെ വര്‍ധിച്ച ഉപയോഗവും എന്നാല്‍ അതിനനുസരിച്ച് മാലിന്യശേഖരണ-പുനഃസംസ്‌കരണ പദ്ധതികള്‍ ഇല്ലാത്തതുമാണ് പ്രശ്നം രൂക്ഷമാക്കുന്നത്.

 

ഭൂമിയില്‍ പുനരുപയോഗിക്കാനാവാത്ത ഇലക്ട്രോണിക് മാലിന്യത്തിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുന്നതായി വിദഗ്ദ്ധര്‍ ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നു. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത ഘടനയായ ചൈനയിലെ വന്‍മതിലിനേക്കാള്‍ മാലിന്യക്കൂമ്പാരം മറികടക്കുന്ന അവസ്ഥയിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്.റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2014-2019 കാലയളവില്‍ സൃഷ്ടിക്കപ്പെട്ട ഇ-മാലിന്യത്തിന്റെ അളവ് 21%മാണ് വര്‍ദ്ധിച്ചത്.ഒക്ടോബര്‍ 14 അന്താരാഷ്ട്ര ഇ-വേസ്റ്റ് ദിനത്തില്‍ ഇന്ന് ലോകത്ത് നമ്മള്‍ നേരിടുന്ന ഭീഷണി വിവരിക്കുന്ന ഒരു റിപ്പോര്‍ട്ട് ആഗോളതലത്തിലെ വിദഗ്ധര്‍ പ്രസിദ്ധീകരിച്ചു. 2021 -ല്‍ മനുഷ്യര്‍ ഏകദേശം 57.4 ദശലക്ഷം ടണ്‍ ഇലക്ട്രോണിക് മാലിന്യങ്ങള്‍ ഉപേക്ഷിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് ചൈനയിലെ വന്‍മതിലിന്റെ വലുപ്പത്തേക്കാള്‍ കൂടുതലാണ്.2014നേക്കാള്‍ 21 ശതമാനം കൂടുതലാണ് ഇത്.അതിനാല്‍, ഈ വസ്തുക്കള്‍ ഉപേക്ഷിക്കുന്നതിനുപകരം നന്നാക്കുകയോ പുനരുല്‍പ്പാദിപ്പിക്കുകയോ ചെയ്യണമെന്ന് മാലിന്യ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് ഉപകരണ ഫോറം ആവശ്യപ്പെടുന്നു.

 

കണക്കുകൂട്ടല്‍ അനുസരിച്ച്, തുടര്‍ന്നുള്ള ദിവസങ്ങളിലും സ്ഥിതി സമാനമായി തുടരുകയാണെങ്കില്‍, 2030-ല്‍ 2021-ല്‍ 74 മില്യണ്‍ ടണ്‍ എത്തുമെന്ന് കരുതപ്പെടുന്നു, അതായത് ഇ-മാലിന്യങ്ങള്‍ ഓരോന്നും മൂന്ന് മുതല്‍ നാല് ശതമാനം വരെ വര്‍ദ്ധിക്കുന്നു വര്‍ഷം മാത്രമല്ല, മാലിന്യങ്ങള്‍ സാമ്പത്തികമായും പാരിസ്ഥിതികമായും ലോകത്തെ മുഴുവന്‍ ബാധിക്കും.ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപഭോഗത്തില്‍ 3% വാര്‍ഷിക വര്‍ദ്ധനവ്, ഉപകരണങ്ങളുടെ ആയുസ്സ് കുറയുന്നത്, അത് നന്നാക്കുന്നതിലെ അസൗകര്യം എന്നിവയാണ് വലിയ അളവില്‍ ഇ-മാലിന്യത്തിന്റെ വര്‍ദ്ധനവിന് കാരണം.

 

കേരളത്തിലും സ്ഥിതി സമാനമാണ്.മാലിന്യത്തിന്റെ അളവ് മുന്‍പത്തെക്കാളും കൂടിയിരിക്കുകയാണ്. അവ ശരിയായ രീതിയില്‍ നിര്‍മാര്‍ജനം ചെയ്യപ്പെടാതെ ചുറ്റും മാലിന്യം തള്ളുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.പുതിയ പുതിയ ഉപകരണങ്ങള്‍ വാങ്ങി കൂട്ടാനുള്ള തിരക്കിലാണ് നമ്മള്‍ .എന്നാല്‍ പ്രവര്‍ത്തനരഹിതമായ ഉപകരണങ്ങള്‍ പരമാവധി നന്നാക്കി ഉപയോഗിക്കാന്‍ ആരും തയ്യാറാകുന്നില്ല.മാലിന്യത്തെ നിര്‍മാര്‍ജനം ചെയ്യാനുള്ള സൗകര്യമാണ് സര്‍ക്കാര്‍ ഒരുക്കേണ്ടത്. അശാസ്ത്രീയമായ നിര്‍മാര്‍ജന രീതിയാണ് നാം ഉപയോഗിച്ച് വരുന്നത്. വഴിയില്‍ ഉപേക്ഷിക്കപ്പെടുന്ന മാലിന്യങ്ങള്‍ തരംതിരിക്കാതെ റോഡരികില്‍ തള്ളുന്ന രീതി ഇനിയെങ്കിലും നമ്മള്‍ അവസാനിപ്പിച്ചേ മതിയാവൂ. ഉപയോഗശൂന്യമായ ഇ-മെറ്റീരിയലുകള്‍ കൈമാറാന്‍ പൊതുജനങ്ങളും തയ്യാറായാല്‍ മാത്രമേ പ്രശ്‌നം കുറയ്ക്കാനാകൂ.ഇതിനായുള്ള ശ്രമങ്ങള്‍ വേഗത്തില്‍ എടുക്കണം

Leave a Reply

Your email address will not be published. Required fields are marked *