India
image_print

വീണ്ടും കോവിഡില്‍ വിറച്ച് ജര്‍മ്മനി;മരണം ഒരുലക്ഷം കടന്നു

Written by

archanaa chuqwe

ജര്‍മനിയില്‍ വീണ്ടും കോവിഡ് പടര്‍ന്നു പിടിക്കുന്നു. വ്യാഴാഴ്ചത്തെ ഔദ്യോഗിക കണക്കുപ്രകാരം 75,961 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 1,00,119 ആയി.ജര്‍മനിയില്‍ ഇതുവരെ 55 ലക്ഷം പേര്‍ക്ക് കോവിഡ് ബാധിച്ചതായും മരണനിരക്ക് 0.8 ശതമാനമാണെന്നും കോവിഡ് ഡേറ്റ വിശകലനംചെയ്യുന്ന ഫെഡറല്‍ ഏജന്‍സിയായ റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ചിലപ്രദേശങ്ങളില്‍ പ്രത്യേകിച്ച് കിഴക്കന്‍, തെക്കന്‍ ജര്‍മനിയില്‍ ആശുപത്രികളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ കുറവാണെന്നും അതിനാല്‍ വേണ്ട മുന്‍കരുതല്‍ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ കൂടുതല്‍ മരണങ്ങള്‍ ഉണ്ടാകുമെന്നും പകര്‍ച്ചവ്യാധി വിദഗ്ധര്‍ മുന്നറിയിപ്പുനല്‍കി. ആശുപത്രികളില്‍ രോഗികള്‍ക്ക് കിടത്തിച്ചികിത്സയ്ക്ക് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും ആരോഗ്യവിദഗ്ധര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

അതേസമയം അയല്‍രാജ്യമായ ഓസ്ട്രിയയെപോലെ ദേശീയ ലോക് ഡൗണ്‍ ഒഴിവാക്കണമെങ്കില്‍ കര്‍ശനമായ പ്രാദേശികനിയന്ത്രണങ്ങള്‍ ആവശ്യമായി വരുമെന്ന് ഭരണകക്ഷിപാര്‍ട്ടിയായ എഫ്.ഡി.പി. നേതാവ് ക്രിസ്റ്റ്യന്‍ ലിന്‍ഡ്നര്‍ പറഞ്ഞു. വാക്‌സിന്‍ കൗണ്ടറുകളിലെ തിരക്കൊഴിവാക്കാന്‍ നടപടിയുണ്ടാകണമെന്നും കോവിഡ് വ്യാപിക്കുന്ന സ്ഥലങ്ങളില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്നും പ്രതിപക്ഷപാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ജര്‍മനിയില്‍ ഇതുവരെ 68.1 ശതമാനം പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.യൂറോപ്പില്‍ മുമ്പ് റഷ്യ, യു.കെ., ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലാണ് ഒരു ലക്ഷത്തില്‍ കൂടുതല്‍ കോവിഡ് മരണം റിപ്പോര്‍ട്ടുചെയ്തത്. അതേസമയം യുറോപ്യന്‍ രാജ്യങ്ങളില്‍ വീണ്ടും കോവിഡ് പടരുന്നുപിടിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ജര്‍മ്മന്‍ ആരോഗ്യമന്ത്രി ജെന്‍സ് സാഫിന്‍ രംഗത്ത് എത്തിയിരുന്നു. വരുന്ന ശൈത്യ കാലത്തിനു മുന്‍പ് വാക്‌സിനെടുത്ത് കോവിഡില്‍ നിന്നും സംരക്ഷണം നേടുക അല്ലെങ്കില്‍ മരിക്കാന്‍ തയാറാവുകയെന്നാണ് ജര്‍മ്മന്‍ ആരോഗ്യമന്ത്രി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. യൂറോപ്പില്‍ ദിനം പ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ അടുത്തമാസങ്ങളിലായി ഏഴുലക്ഷത്തോളംപേര്‍കൂടി കോവിഡ് ബാധിച്ച് മരിക്കാനിടയുണ്ടെന്നും ആകെ മരണസംഖ്യ ഇതോടെ 22 ലക്ഷത്തിലെത്തുമെന്നും ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published.