India
ക്രൂഡ് ഓയില്‍ ഒഴുകുന്ന മുഖം;ഗ്രെറ്റയുടെ ചിത്രം പങ്കുവെച്ച് ഗാര്ഡിയന്
Last updated on Sep 26, 2021, 8:05 am


മുഖത്ത് ക്രൂഡ് ഓയില്‍ ഒഴുകുന്ന ഗ്രെറ്റയുടെ ചിത്രം പങ്കുവെച്ച് ബ്രിട്ടിഷ് മാധ്യമമായ ഗാര്ഡിയന്. സാറ്റര്‍ഡേ മാഗസിനിലാണ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെയുടെ മുഖചിത്രം പ്രസിദ്ധികരിച്ചത്. ഗ്രെറ്റയുമായുള്ള ഒരു അഭിമുഖത്തിനായി പകര്‍ത്തിയ മൂന്നു ചിത്രങ്ങളിലൊന്നാണ് മുഖചിത്രമായി വന്നത്. കറുത്ത എണ്ണ തലയില്‍ നിന്നും നെറ്റിയിലൂടെ ഒഴുകിയിറങ്ങുന്ന രീതിയിലാണ് ചിത്രം. ആദ്യമായാണ് ഗ്രെറ്റ ഇത്തരമൊരു ഫോട്ടോഷൂട്ട് നടത്തുന്നത്. മാര്‍കസ് ഓല്സണാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്.ഹാനികരമല്ലാത്ത ചായവും ഒലിവ് എണ്ണയും ചേര്‍ത്ത മിശ്രിതമാണ് ഗ്രെറ്റയുടെ തലയിലൂടെ ഒഴിച്ചത്. വലിയൊരു ത്യാഗമാണ് ഗ്രെറ്റ നടത്തിയത് എന്ന് വിശേഷിപ്പിച്ച ഗാര്ഡിയന് ഗ്രെറ്റ ഇതിന് തയ്യാറായത് എങ്ങനെയാണെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.
പരിസ്ഥിതി പ്രശ്നങ്ങളും തന്റെ നിലപാടുകളും ചര്‍ച്ച ചെയ്യുന്ന അഭിമുഖ സംഭാഷണത്തില്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗത്തിനും ഖനനത്തിനുമെതിരെ ഗ്രെറ്റ നിലപാട് വ്യക്തമാക്കുന്നുണ്ട്.കല്‍ക്കരി, ക്രൂഡ് ഓയില്‍ പോലുള്ളവയുടെ ഉപയോഗത്തിനും ഖനനത്തിനും അവസരം നല്കിയ ലോക നേതാക്കള്‍ക്കെതിരെയും ഗ്രെറ്റ പ്രതികരിക്കുന്നുണ്ട്. ബോറിസ് ജോണ്സണ് കുബ്രിയയിലും കാംബോയിലും കല്‍ക്കരി ഖനികള്‍ക്ക് അനുമതി നല്കിയ സംഭവവും ഗ്രെറ്റ ചൂണ്ടിക്കാട്ടുന്നുണ്ട്. ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത അര്ഡെണിനേയും നിശിതമായി വിമര്‍ശിച്ച ഗ്രെറ്റ നേതാക്കളാരും തന്നെ വിസ്മയിപ്പിക്കുന്നില്ലെന്ന് പറഞ്ഞു.


