India
ഹരിയാനയിൽ കർഷകരും പൊലീസും തമ്മിൽ സംഘർഷം; പത്ത് കർഷകർക്ക് പരിക്ക്
Last updated on Aug 28, 2021, 11:18 am


ഹരിയാനയിൽ കർഷകരും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ. കർണാലിൽ നടന്ന സംഘർഷത്തിൽ പത്ത് കർഷകർക്ക് പരിക്കേറ്റു.സംഘർഷവുമായി ബന്ധപ്പെട്ട് 50 പേരെ കസ്റ്റഡിയിലെടുത്തെന്നും പരിക്കേറ്റ കർഷകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. വിവാദമായ കാർഷിക നിയമങ്ങൾക്കെതിരേ സമരം ചെയ്യുന്ന കർഷക സംഘടനകൾ മൂന്നാംഘട്ട സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പൊലീസുമായി ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്.
പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ വിളിച്ചുചേർത്ത ബിജെപി ജനപ്രതിനിധികളുടെ യോഗത്തിലേക്ക് കർഷകർ പ്രതിഷേധവുമായി എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇവിടേക്ക് എത്തിയ കർഷകരെ പൊലീസ് തടയുകയായിരുന്നു.നിലവില്‍ കൂടുതല്‍ കര്‍ഷകര്‍ സംഘടിച്ച് സംഭവസ്ഥലത്തേക്ക് എത്തുന്നുണ്ട്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നിലവിൽ കർഷകർ ഡൽഹി-ഹിസാർ ദേശീയപാത ഉപരോധിക്കും.


