India
image_print

കാബൂളിലെ ഇന്ത്യൻ എംബസിയെ സംരക്ഷിച്ചിരുന്ന കെ9 മൂവർസംഘം തിരിച്ചെത്തി

Written by

archanaa chuqwe

അഫ്ഗാനിലെ കാബൂൾ ഇന്ത്യൻ എംബസിയുടെ കാവൽക്കാറായിരുന്ന മായയും ബോബിയും റൂബിയും ഡൽഹിയിലെത്തി. ഗുജറാത്ത് ജമ്നാനഗറിലെ വ്യോമസേനാ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലെ ഇന്തോ-തിബറ്റൻ ബോഡർ പോലീസിന്റെ ചാവ്ല ക്യാംപിലെത്തിയ മൂവരും ഐടിബിപിയുടെ കമാൻഡോ സമാനപദവി അലങ്കരിക്കുന്ന സ്നിഫർ നായകളാണ്. മൂന്ന് കൊല്ലമായി കാബൂളിലെ ഇന്ത്യൻ എംബസിയെ ധീരതയോടെയും വിശ്വസ്തയോടെയും സംരക്ഷിച്ചിരുന്നത് കെ9 എന്ന ഐടിബിപിയുടെ കനൈൻവിങ്ങിലെ ഈ മൂവർസംഘമാണ്.ഹെഡ് കോൺസ്റ്റബിൾമാരായ കിഷൻ കുമാർ, ബിജേന്ദർ സിങ്, അതുൽ കുമാർ എന്നീ ഉദ്യോഗസ്ഥർക്കായിരുന്നു മൂവരുടേയും മേൽനോട്ടചുമതല. അഫ്ഗാനിലേക്ക് തിരിക്കുന്നതിന് മുമ്പ് ഹരിയാണയിലെ പഞ്ച്കുല എൻടിസിഡി ഭാനു ഡോഗ് ട്രെയിനിങ് സ്കൂളിൽ നിന്ന് ഇവയ്ക്ക് പ്രത്യേക പരിശീലനം ലഭിച്ചിരുന്നു.

എംബസിയിലേക്കെത്തുന്ന റേഷനും മറ്റ് വസ്തുക്കളും ഇവരുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷമാണ് അകത്തേക്ക് കടത്തി വിട്ടിരുന്നത്. കൂടാതെ നിർമാണപ്രവർത്തനങ്ങൾ നടന്നു വന്നിരുന്ന എംബസിക്കുള്ളിലേക്ക് സ്ഫോടകവസ്തുക്കൾ എത്തുന്നില്ലെന്ന് മായയും ബോബിയും റൂബിയും കൃത്യമായി ഉറപ്പുവരുത്തിയിരുന്നു. കാബൂളിലെ ഔദ്യോഗിക ജീവിതത്തിനിടയിൽ നിരവധി സന്ദർഭങ്ങളിൽ സ്ഫോടകവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയുന്നതിലൂടെ എംബസി ഉദ്യോഗസ്ഥരുടെ മാത്രമല്ല എംബസിയിൽ ജോലിക്കെത്തിയിരുന്ന പല അഫ്ഗാൻകാരുടേയും ജീവൻ കാക്കുന്നതിലും ഇവർ പങ്കുവഹിച്ചു. വ്യോമസേനാവിമാനത്തിൽ അഫ്ഗാനിൽ നിന്നുള്ള പ്രത്യേക ഒഴിപ്പിക്കൽ ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയിൽ തിരിച്ചെത്തിയ ഈ ധൈര്യശാലികൾ സുപരിചിതമായ കാഴ്ചകളും മണവും ആസ്വദിച്ച് നിലവിൽ ഏറെ സന്തുഷ്ടരാണ്.

Leave a Reply

Your email address will not be published.