India
ശശികലയ്ക്ക് തിരിച്ചടി;നൂറുകോടി വിലമതിക്കുന്ന സ്വത്തുകൂടി ആദായനികുതി വകുപ്പ് കണ്ടുകെട്ടി
Last updated on Sep 08, 2021, 11:19 am


പുറത്താക്കപ്പെട്ട എഐഎഡിഎംകെ നേതാവും അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രിയുമായ ജയലളിതയുടെ അടുത്ത സഹായിയായ വികെ ശശികലയുടെ സ്വത്തുക്കള്‍ ആദായനികുതി വകുപ്പ് കണ്ടുകെട്ടി.ചെന്നൈയ്ക്ക് സമീപം പയ്യാനൂരിലുള്ള 49 ഏക്കര്‍ ഭൂമിയും ബംഗ്ലാവുമാണ് കണ്ടുകെട്ടിയത്. ബിനാമി ഇടപാട് നിരോധന നിയമപ്രകാരമാണ് നടപടി.കഴിഞ്ഞ വര്‍ഷം ആദായനികുതി വകുപ്പ് ശശികലയുടെയും ചെന്നൈയിലെ അവരുടെ സഹായികളുടെയും 65 ഓളം വസ്തുവകകള്‍ കണ്ടുകെട്ടിയിരുന്നു.
2017ല്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഈ ബംഗ്ലാവില്‍ റെയ്ഡ് നടത്തിയിരുന്നു. നേരത്തേ മൂന്ന് തവണയായി ശശികലയുടെ 1900 കോടി രൂപയുടെ സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചിട്ടുണ്ട്. 300 കോടി വിലമതിക്കുന്ന 67 സ്ഥലങ്ങളും ഇതുവരെ കണ്ടുകെട്ടിയതില്‍പ്പെടുന്നു.2014 ലെ മുന്‍ കര്‍ണാടക പ്രത്യേക കോടതി ജഡ്ജി ജോണ്‍ മൈക്കിള്‍ കുന്‍ഹയുടെ ഒരു വിധിയില്‍ ഈ സ്വത്തുക്കള്‍ ജയലളിതയുടെയും ശശികലയുടെയും ശശികലയുടെ ബന്ധുക്കളായ ഇളവരശിയും സുധാകരനും അനധികൃതമായി സമ്പാദിച്ചിട്ടുള്ളതാണെന്ന് കണ്ടെത്തി.1990 -കളില്‍ വസ്തു വാങ്ങിയപ്പോള്‍ ഏകദേശം 20 ലക്ഷം രൂപ വിലയായിരുന്നു.എന്നാല്‍ ഇപ്പോഴത്തെ വില ഏകദേശം 100 കോടി രൂപയാണ്.വികെ ശശികലയ്ക്ക് ഈ വസ്തുവകകള്‍ ഉപയോഗിക്കുന്നത് തുടരാനാകുമെങ്കിലും അവര്‍ക്ക് ഒരു ഇടപാടും നടത്താന്‍ കഴിയില്ല.


