India
പൈപ്പ്ലൈനില്‍ നിന്ന് പെട്രോള്‍ ചോര്‍ത്തല്‍;കള്ളനെത്തേടി ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്
Last updated on Aug 26, 2021, 5:53 am


ദിനംപ്രതി വില വര്‍ധിക്കുന്ന പെട്രോള്‍ മോഷ്ടിക്കാനും കള്ളന്മാര്. രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇത്തരത്തില്‍ പെട്രോള്‍ മോഷണം പോയിട്ടുണ്ട്. ഏറെനാളായി തലവേദന സൃഷ്ടിക്കുന്ന കള്ളന്മാരെ പിടിക്കാന്‍ പുതിയ മാര്‍ഗവുമായി എത്തിയിരിക്കുകയാണ് ഐഒസി. രാജ്യത്ത് 15000 കിലോമീറ്റര്‍ നീളത്തിലാണ് ഐഒസിയുടെ പൈപ്പ്ലൈന് ഉള്ളത്. പലഭാഗത്തും പൈപ്പ്ലൈനില്‍ ദ്വാരമുണ്ടാക്കി പെട്രോള്‍ ചോര്‍ത്തുകയാണ് പതിവ്.എന്നാല്‍ ഡ്രോണ്‍ നിരീക്ഷണം നടത്തി പെട്രോള്‍ ചോര്‍ത്തുന്ന കള്ളന്മാരെ പിടിക്കാനും അപകടങ്ങള്‍ ഇല്ലാതാക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.
2020 -21 ല്‍ മാത്രം കമ്പനി ഇത്തരത്തില്‍ 34 മോഷണങ്ങളാണ് കണ്ടെത്തിയത്. ഇങ്ങനെ 54 പേര് അറസ്റ്റിലായി.ഡല്‍ഹി പാനിപ്പത്ത് സെക്ഷനിലെ 120 കിലോമീറ്റര്‍ ദൂരത്ത് മതുര – ജലന്ധര്‍ പൈപ്പ് ലൈനിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ നിരീക്ഷണം തുടങ്ങിയത്. ഡ്രോണുകളുടെ ലൈവ് ഫീഡില്‍ നിന്നും ചോര്‍ച്ചയും ഇന്ധന മോഷണവും കണ്ടെത്താന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇന്ധനമോഷണം രാജ്യത്തെ ഗുരുതരമായ കുറ്റം കൂടിയാണ്. ജാമ്യമില്ലാ കുറ്റത്തിനോടൊപ്പം 10 വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.


