India
സംവിധായകൻ ജോണി ആൻറണിയെ അഭിനന്ദിച്ച് ഋഷിരാജ് സിംഗ്
Last updated on Sep 01, 2021, 5:43 am


തന്റെ പ്രകടനം താൻ ഏറെ ആരാധിക്കുന്ന ഒരാൾ മനസ്സുതുറന്ന് അഭിനന്ദിച്ചതിന്റെ സന്തോഷം പങ്കുവെച്ച് അഭിനേതാവും സംവിധായകനുമായ ജോണി ആൻറണി. വലിയ സിനിമാപ്രേമിയായ മുൻ ജയിൽ ഡിജിപി ഋഷിരാജ് സിംഗാണ് അഭിനന്ദനങ്ങളുമായി എത്തിയത്. തന്റെ ചിത്രങ്ങളൊക്കെ അദ്ദേഹം കണ്ടിരുന്നുവെന്നും അദ്ദേഹത്തിന്റെ ഫോൺ കോൾ മുന്നോട്ടുപോകാനുള്ള യാത്രയ്ക്ക് തനിക്ക് ഏറെ പ്രചോദനമായെന്നും ചെറുപ്പം മുതലേ താൻ വീരാരാധനയുടെ കണ്ടിരുന്ന വ്യക്തിയാണ് ഋഷിരാജ് സിംങ്ങെന്നും ജോണി ആന്റണി സോഷ്യൽ മീഡിയയിൽ കുറിച്ചു.
ശിക്കാരിശംഭു, വരനെ ആവശ്യമുണ്ട്, ഗാനഗന്ധർവൻ, ജോസഫ്, ഹോം ,തുടങ്ങിയ ചിത്രങ്ങളെല്ലാം താൻ കണ്ടിട്ടുണ്ടെന്നും ഡയലോഗ് ഡെലിവറിയാണ് നിങ്ങളുടെ അഭിനയത്തിന്റെ ഏറ്റവും ആകർഷകമായ കാര്യമെന്നും മുൻ സംവിധായകനെന്ന നിലയിലും നിങ്ങൾ ഞങ്ങളെ രസിപ്പിച്ചുവെന്നും മലയാളസിനിമയിൽ ആദ്യമായി നിങ്ങളാണ് മമ്മൂട്ടി സാറിനെ നൃത്തം ചെയ്യാൻ പഠിപ്പിച്ചതെന്ന് കേട്ടിട്ടുണ്ടെന്നുമാണ് ഋഷിരാജ് സിംഗ് കുറിച്ചത്.


