India
കെ സി വേണുഗോപാലിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രമേയം
Last updated on Sep 14, 2021, 12:59 pm


എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ പ്രമേയം പാസാക്കി യൂത്ത് കോണ്‍ഗ്രസ്. വേണുഗോപാല്‍ കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് ആക്ഷേപം. തിരുവനന്തപുരം യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയാണ് പ്രമേയം പാസാക്കിയിരിക്കുന്നത്. സംഘടനയെ കൈപ്പിടിയില്‍ ഒതുക്കാന്‍ കെ.സി. വേണുഗോപാല്‍ ശ്രമിക്കുന്നു എന്നും ഇവര്‍ ആരോപിച്ചു.യൂത്ത് കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്യാന്‍ കെ.സി. വേണുഗോപാല്‍ ശ്രമിക്കുന്നുവെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. താഴെത്തട്ടിലേക്ക് കെ.സി. വേണുഗോപാല്‍ ഇടപെടുന്നത് അനുചിതമാണെന്നും പരാതി.
അതേസമയം, വര്‍ക്കല നെടുമങ്ങാട് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ദേശീയ നേതൃത്വം മരവിപ്പിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ.യുടെ മകന് അര്ജുന് രാധാകൃഷ്ണനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവായി ദേശീയ നേതൃത്വം നിയമിച്ചതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. പ്രതിഷേധത്തിനിടെ കേരളത്തിലെ വക്താക്കളുടെ നിയമനം അഖിലേന്ത്യ പ്രസിഡന്റ് ബി.ശ്രീനിവാസ് ഉടന്‍ ഇടപെട്ട് മരവിപ്പിച്ചെങ്കിലും പ്രതിഷേധം കെട്ടടങ്ങിയില്ല.
ഡി.സി.സി പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയെ തള്ളിപ്പറഞ്ഞതിനുള്ള പ്രതിഫലമായാണ് കെ.സി. വേണുഗോപാല്‍ തിരുവഞ്ചൂരിന്റെ മകന് നേരിട്ട് നിയമനം നല്‍കിയതെന്നാണ് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല വിഭാഗങ്ങളുടെ ആരോപണം.
കേരളത്തിലെ മുഴുവന്‍ സംഘടന കാര്യങ്ങളിലും കെ.സി. വേണുഗോപാല്‍ അനാവശ്യമായി കൈകടത്തുന്നു എന്ന കടുത്ത പരാതി ശക്തമായി ഉയര്‍ത്താനാണ് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല വിഭാഗങ്ങളുടെ തീരുമാനം. കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും ചുമലില്‍ കെട്ടിവച്ച് ഇരുവരെയും ദുര്‍ബ്ബലരാക്കാനുള്ള ശ്രമങ്ങളെ സംയുക്തമായി ചെറുക്കാനാണ് ഇരു ഗ്രൂപ്പുകളുടെയും തീരുമാനം.


