India
അതിവേഗ റെയിൽ പദ്ധതി; സർവേ നമ്പറുകൾ പ്രസിദ്ധീകരിച്ചു
Last updated on Aug 21, 2021, 8:02 am


കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ നീളുന്ന അതിവേഗ റെയിൽ പദ്ധതിക്കായി കോട്ടയം ജില്ലയിൽ 16 വില്ലേജുകളിൽനിന്ന് ഭൂമി ഏറ്റെടുക്കും. മൊത്തം 108.11 ഹെക്ടർ സ്ഥലമാകും ഏറ്റെടുക്കുക. മാടപ്പള്ളി, തോട്ടയ്ക്കാട്, വാകത്താനം, ഏറ്റുമാനൂർ, പനച്ചിക്കാട്, പേരൂർ, പുതുപ്പള്ളി, വിജയപുരം തുടങ്ങിയ വില്ലേജ് പരിധികളിലൂടെയാണ് ജില്ലയിൽ പാത കടന്നുപോകുന്നത്.ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ സർവേ നമ്പറുകൾ റവന്യൂവകുപ്പ് പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഈ സർവേ നമ്പറിലുള്ള ഭൂമിക്കൊപ്പം ഇതിന്റെ സബ് ഡിവിഷനുകളിലെ ഭൂമിയും പാതക്കായി വിട്ടുകൊടുക്കേണ്ടി വരും. ഒരോ സർവേ നമ്പറിലുള്ള സബ് ഡിവിഷനുകളുടെ കണക്ക് ശേഖരിച്ചാൽ മാത്രമേ എത്രപേർക്ക് ഭൂമി നഷ്ടമാകുമെന്ന് വ്യക്തമാകൂ. വീടുകളുടെയും സ്ഥാപനങ്ങളുടെ അന്തിമ കണക്ക് പിന്നീട് ലഭ്യമാകും.
റവന്യൂ വകുപ്പിന്റെ ഉത്തരവ് അനുസരിച്ച് മേഖലകൾ തിരിച്ചാകും ഭൂമി ഏറ്റെടുക്കുക. റെയിൽവേ ബോർഡിൽനിന്ന് അന്തിമാനുമതി ലഭിക്കുന്ന മുറക്കാകും ഏറ്റെടുക്കൽ തുടങ്ങുക. സ്ഥലം ഏറ്റെടുക്കാൻ 2100 കോടി കിഫ്ബി വായ്പക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കാനാവശ്യമായ 205 തസ്തികകൾ ഒരുവർഷത്തേക്ക് സൃഷ്ടിക്കാനും മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട്. ഇതിനുപിന്നാലെയാണ് സ്ഥലമേറ്റെടുക്കൽ നടപടികളിലേക്ക് റവന്യൂ വകുപ്പ് നീങ്ങുന്നത്. ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിക്കാൻ പദ്ധതിയുടെ നടത്തിപ്പിനായി സർക്കാറും റെയിൽവേയും ചേർന്ന് സംയുക്തമായി രൂപവത്കരിച്ച കെ റെയിലും ആവശ്യപ്പെട്ടിരുന്നു.ഭൂമി ഏറ്റെടുക്കാനായി ഒരു സ്പെഷൽ ഡെപ്യൂട്ടി കലക്ടർ ഓഫിസും പാതക്കായി സ്ഥലം ഏറ്റെടുക്കേണ്ടിവരുന്ന 11 ജില്ലകളിലും സ്പെഷൽ തഹസിൽദാർ ഓഫിസും തുറക്കും. എന്നാൽ, പാതക്കെതിരെ പലയിടങ്ങളിലും പ്രതിഷേധം ഉയരുന്നുണ്ട്.


