India
കോവിഡ്; സംസ്ഥാനത്ത് വ്യാപക പരിശോധന
Last updated on Aug 30, 2021, 6:55 am


കോവിഡ് വ്യാപനത്തോത് കൃത്യമായി കണ്ടെത്താൻ സംസ്ഥാനത്ത് വ്യാപക പരിശോധന നടത്താനൊരുങ്ങി ആരോഗ്യ വകുപ്പ്. സാമൂഹിക സമ്പർക്കത്തിന് സാധ്യതയുള്ള സ്ഥലങ്ങളിൽ രോഗലക്ഷണങ്ങളില്ലെങ്കിലും ആൻറിജൻ പരിശോധന നടത്തും.80 ശതമാനത്തിനു താഴെ ആദ്യ ഡോസ് വാക്സിൻ നൽകിയ ജില്ലകളിലും തദ്ദേശസ്ഥാപന പ്രദേശങ്ങളിലും നിലവിലെ പരിശോധനാ രീതി തുടരും. ജില്ലകളിലെ വാക്സിനേഷൻ നില അടിസ്ഥാനമാക്കി ഇറക്കിയ പുതിയ മാർഗരേഖയിലാണ് ഇക്കാര്യം പറയുന്നത്.80 ശതമാനത്തിനുമുകളിൽ ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയായ ജില്ലകളിലും തദ്ദേശ സ്ഥാപനങ്ങളിലും രോഗലക്ഷണമുള്ള എല്ലാവർക്കും ആർ.ടി.പി.സി.ആർ. പരിശോധന നടത്തും.
80 ശതമാനത്തിന് മുകളിൽ ആദ്യ ഡോസ് എടുത്ത ജില്ലകളിലും തദ്ദേശ സ്ഥാപനങ്ങളിലും നേരിയ തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുള്ളവർക്കാണ് ആർ.ടി.പി.സി.ആർ. പരിശോധന നടത്തുക. കടകൾ, മാളുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ എന്നീ കേന്ദ്രങ്ങളിലായിരിക്കും ആന്റിജൻ റാൻഡം പരിശോധന.രണ്ട് ഡോസ് വാക്സിനെടുത്ത് രണ്ടാഴ്ച കഴിഞ്ഞവരെ രോഗലക്ഷണമില്ലെങ്കിൽ പരിശോധനയിൽനിന്ന് ഒഴിവാക്കും. രോഗം സ്ഥിരീകരിച്ച് രണ്ട് മാസത്തിനകം ഉള്ളവരെയും ഒഴിവാക്കും.


