India
image_print

വിവാഹ സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല-ഹൈക്കോടതി

Written by

askshiyas

വിവാഹസമയത്ത് മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി.വിവാഹസമയത്ത് തനിക്കു ലഭിച്ച ആഭരണങ്ങള്‍ ഭര്‍ത്താവില്‍നിന്ന് തിരിച്ചു കിട്ടാന്‍ യുവതി നല്‍കിയ പരാതിയില്‍ ഇവ തിരിച്ചുനല്‍കാന്‍ കൊല്ലം ജില്ലാ സ്ത്രീധന നിരോധന ഓഫീസര്‍ ഉത്തരവിട്ടതിനെതിരേ തൊടിയൂര്‍ സ്വദേശിയായ ഭര്‍ത്താവ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എം.ആര്‍. അനിതയുടെ നിരീക്ഷണം.ആഭരണങ്ങള്‍ സ്ത്രീധനമായി ലഭിച്ചതാണോയെന്നു ഓഫീസര്‍ പരിശോധിച്ച് ഉറപ്പു വരുത്തിയതായി ഉത്തരവില്‍ വ്യക്തമല്ലെന്നും കോടതി വിലയിരുത്തി.

 

അതേസമയം വിവാഹത്തിന് തനിക്കു ലഭിച്ച 55 പവന്‍ ബാങ്ക് ലോക്കറില്‍ വെച്ചിരിക്കുകയാണെന്നും തിരിച്ചുനല്‍കാന്‍ നിര്‍ദേശിക്കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. ഇവ തിരിച്ചുനല്‍കാന്‍ ജില്ലാ സ്ത്രീധന നിരോധന ഓഫീസര്‍ ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ആഭരണങ്ങള്‍ സ്ത്രീധനമല്ലെന്നും ആ നിലയ്ക്ക് ഉത്തരവ് നല്‍കാന്‍ ഓഫീസര്‍ക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ മകളുടെ ക്ഷേമത്തിനായി ആരും ആവശ്യപ്പെടാതെ വിവാഹസമയത്ത് മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ലോക്കറില്‍വെച്ചിട്ടുള്ള ആഭരണങ്ങളും വിവാഹസമയത്ത് വധുവിന്റെ വീട്ടുകാര്‍ തനിക്കു നല്‍കിയ മാലയും തിരിച്ചു നല്‍കാമെന്ന് ഹര്‍ജിക്കാരന്‍ അറിയിച്ചു. യുവതിയും ഇതു സമ്മതിച്ചതിനെത്തുടര്‍ന്ന് ഹര്‍ജി തീര്‍പ്പാക്കി.

Leave a Reply

Your email address will not be published.