India
നിപ വൈറസ്;കേരളത്തിനു പുറമേ മറ്റ് സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം
Last updated on Sep 08, 2021, 4:51 am


കേരളത്തില്‍ നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്കും നിപയുമായി ബന്ധപ്പെട്ട ജാഗ്രതാ നിര്‍ദേശം നല്കി കേന്ദ്രസര്‍ക്കാര്‍. കര്‍ണാടക, തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രതാനിര്‍ദേശം. നിപയുടെ സാഹചര്യം സംസ്ഥാനങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തണമെന്നും കൊവിഡ് വാക്സിനേഷന് കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ നിരീക്ഷണം ശക്തമാക്കണമെന്നുമാണ് കേന്ദ്ര നിര്‍ദേശം.
കേരളത്തില്‍ നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അടിയന്തര പ്രാധാന്യമില്ലാത്ത കാര്യങ്ങളില്‍ കേരളത്തിലേക്കുള്ള യാത്ര ഒക്ടോബര്‍ വരെ ഒഴിവാക്കണമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.അതേസമയം സംസ്ഥാനത്ത് നിപാ വൈറസുമായി ബന്ധപ്പെട്ട എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളും നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നിലവില്‍ ഗുരുതരമായ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘവും പ്രത്യേക മെഡിക്കല്‍ സംഘം കോഴിക്കോട് എത്തിയിരുന്നു. കേരളത്തിന് എല്ലാ സഹായവും പിന്തുണയും ഉണ്ടാകുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. നിപ റിപ്പോര്‍ട്ട് ചെയ്ത ചാത്തമംഗലം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് പൂര്‍ണമായി അടച്ചിട്ടുണ്ട്. മറ്റ് വാര്‍ഡുകളില്‍ ഭാഗിക നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചര്‍ദ്ദി, പനി അടക്കം ലക്ഷണങ്ങള്‍ ഉള്ളവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നാണ് നിര്‍ദേശം. ഞാറാഴ്ചയാണ് 12 വയസ്സുകാരന് രോഗം ബാധിച്ച് മരിച്ചത്.
രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ്. ഈസാഹചര്യത്തില്‍ നിപാ വൈറസ് ഭീഷണിയും കേരളത്തില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്


