India
image_print

കിഫ്ബിയെ ശരിവെച്ച് കേന്ദ്രവും

Written by

askshiyas

കിഫ്ബിക്കെതിരായി നടന്നു വന്ന വ്യാജ പ്രചാരണങ്ങള്‍ പൊളിഞ്ഞടങ്ങുകയാണ്. കടം കണക്കാക്കുന്ന കേരളത്തിന്റെ രീതി തന്നെയാണ് കേന്ദ്രത്തിനും ഉള്ളതെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി കഴിഞ്ഞിരിക്കുകയാണ്. അതായത്, ബജറ്റിനു പുറമെ ഉള്ള കടമെടുപ്പ് പൊതുകടത്തിന്റെ പരിധിയില്‍ വരില്ല. ദേശീയപാതാ അതോറിറ്റി വായ്പ എടുത്തിരിക്കുന്നതും കിഫ്ബി മാതൃകയില്‍ തന്നെയാണ്, അതും 4 ലക്ഷം കോടി രൂപ. ദേശീയ പാതാ അതോറിറ്റി കേന്ദ്ര സര്‍ക്കാരിന്റെ സംരംഭമാണ്. പാര്‍ലമെന്റിന്റെ അംഗീകാരത്തോടെ നിയമ വിധേയമായി രൂപീകരിച്ച സ്ഥാപനമാണ് ദേശീയപാതാ അതോറിറ്റി. ഇത് പോലെ തന്നെ നിയമ വിധേയമായി കേരള സംസ്ഥാന നിയമ സഭയുടെ അംഗീകാരത്തോടെ രൂപീകരിച്ച സ്ഥാപനമാണ് കിഫ്ബിയും.രാജ്യസഭയില്‍ ജോണ്‍ബ്രിട്ടാസ് എംപിയുടെ ചോദ്യങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയത്. ഓരോ പ്രോജക്ടും എത്രത്തോളം വിജയകരമാണ് എന്നും വരുമാനം എത്രത്തോളം ആണ് എന്നും വ്യക്തമാക്കി ആണ് ഇത്തരം സ്ഥാപനങ്ങള്‍ സാധാരണ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും തുക കണ്ടെത്തുന്നത്.

ഈ വര്‍ഷം നവംബര്‍ വരെ ദേശീയ പാതാ അതോറിറ്റിയുടെ മാത്രം കടബാധ്യത മൂന്നു ലക്ഷത്തി മുപ്പത്തിയെണ്ണായിരത്തി അഞ്ഞൂറ്റ് എഴുപത് കോടി ആണ്. ഇത് പോലെയുള്ള മറ്റ് കേന്ദ്ര സര്‍ക്കാരിന്റെ വിവിധ സ്വതന്ത്ര സ്ഥാപനങ്ങളുടെ പട്ടികയും അവയുടെ ബജറ്റിനു പുറത്തുള്ള കടമെടുപ്പും ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയില്‍ നല്‍കിയിട്ടുണ്ട്.
ഇതൊന്നും പൊതുകടത്തില്‍ ഉള്‍പ്പെടില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ രേഖാമൂലം മറുപടി നല്‍കുമ്പോള്‍ കിഫ്ബിയുടെ കടബാധ്യത മാത്രം കേരള സര്‍ക്കാരിന്റെ പൊതു കടത്തിന്റെ ഭാഗമാകുമെന്ന പ്രചരണം വ്യാജമാണെന്ന് വ്യക്തമാകുകയാണ്.

2019-20 സാമ്പത്തിക വര്‍ഷം 10.16 ലക്ഷം കോടി രൂപയായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പൊതുകടം. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം ഇത് വരെ മാത്രം 19. 59 ലക്ഷം കോടി രൂപയാണ്. അതായത്, ഏകദേശം ഇരട്ടിയോളം രൂപ. ഈ വസ്തുതകള്‍ എല്ലാം നിലനില്‍ക്കുന്നതിനിടയ്ക്കാണ് കിഫ്ബിയ്‌ക്കെതിരായ ആക്രമണങ്ങള്‍ അരങ്ങേറുന്നത്.

ഇനി എന്താണ് കിഫ്ബി എന്ന ചെറിയൊരു വിവരണം കൂടി പറയാം,കേരളത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യമിട്ടുളള അടിസ്ഥാന സൗകര്യവികസന പദ്ധതികളിലേക്കാണ് കിഫ്ബി പ്രധാനമായും പണം ചെലവഴിക്കുന്നത്. ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെബ്റ്റ് ഫണ്ട് എന്നിവയിലൂടെയാണ് കിഫ്ബിയുടെ ദീര്‍ഘകാല സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നത്.കേരള മുഖ്യമന്ത്രി ആയിരിക്കും കിഫ്ബി ബോര്‍ഡിന്റെ ചെയര്‍മാന്‍. ധനകാര്യ മന്ത്രി വൈസ് ചെയര്‍മാനും കിഫ്ബി സിഇഒ ബോര്‍ഡിന്റെ മെമ്പര്‍ സെക്രട്ടറിയുമായിരിക്കും. സംസ്ഥാന ചീഫ് സെക്രട്ടറി ബോര്‍ഡ് അംഗമാണ്. പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍, നിയമ സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ധനവിഭവ സെക്രട്ടറി എന്നിവരും കിഫ്ബി കോര്‍പ്പറേറ്റ് ബോര്‍ഡില്‍ അംഗങ്ങളാണ്. വിവിധ മേഖലകളില്‍ പ്രഗത്ഭരായിട്ടുളള ഏഴ് സ്വതന്ത്ര അംഗങ്ങളും ഉണ്ട്, ഇതാണ് കിഫ്ബിയുടെ സ്ട്രക്ചര്‍.

കോര്‍പ്പറേറ്റ് ബോര്‍ഡ് കൂടാതെ കിഫ്ബിക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമുണ്ട്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ചെയര്‍മാന്‍ സംസ്ഥാന ധനമന്ത്രിയാണ്. കമ്മിറ്റി മെമ്പര്‍മാരായി സംസ്ഥാന ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ധനവിഭവ സെക്രട്ടറി എന്നിവരുണ്ടാകും. ഇവരെക്കൂടാതെ കിഫ്ബി സിഇഒയും സര്‍ക്കാര്‍ നിയമിക്കുന്ന മൂന്ന് സ്വതന്ത്ര അംഗങ്ങളും അടങ്ങിയതാണ് കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി.

Leave a Reply

Your email address will not be published.