India
സംസ്ഥാന ബി.ജെ.പി.യിൽ അഴിച്ചുപണിക്ക് ആഹ്വാനം
Last updated on Sep 23, 2021, 6:48 am


ബൂത്തുതലം മുതൽ അഴിച്ചുപണിയാനൊരുങ്ങി ബി.ജെ.പി. സംസ്ഥാന ഘടകത്തോട് പാർട്ടി കേന്ദ്രനേതൃത്വമാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
സംഘടനയെ കൂടുതൽ ഊർജസ്വലമാക്കാനും ജനങ്ങളിലേക്കിറങ്ങി പ്രവർത്തിക്കാനും നിർദേശമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങളടക്കം അടങ്ങിയ റിപ്പോർട്ട് സംസ്ഥാനാധ്യക്ഷൻ കെ. സുരേന്ദ്രൻ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന് ബുധനാഴ്ച കൈമാറി.
ഇതിന്റെയടക്കം അടിസ്ഥാനത്തിൽ സംഘടനാ പരിഷ്കരണം വേഗത്തിലുണ്ടാവുമെന്നാണ് സൂചന. സുരേഷ് ഗോപിയെ മുൻനിർത്തി സംസ്ഥാനത്ത് പാർട്ടിയെ കൂടുതൽ ജനകീയമാക്കാൻ കേന്ദ്രനേതൃത്വം ആലോചിക്കുന്നതായുള്ള വാർത്തകൾ ബി.എൽ. സന്തോഷുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവർത്തകരെ കണ്ട കെ. സുരേന്ദ്രൻ തള്ളി. ‘സുരേഷ് ഗോപി അധ്യക്ഷസ്ഥാനത്തേക്ക് വരുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടി പറയാനില്ല. അധ്യക്ഷപദം ഏറ്റെടുത്തകാലം മുതൽ മാധ്യമങ്ങൾ തന്നെ മാറ്റാൻ തുടങ്ങിയതാണ്’ -സുരേന്ദ്രൻ പറഞ്ഞു.


