India
കെ സുരേന്ദ്രനെതിരേ വീണ്ടും സുന്ദര
Last updated on Sep 27, 2021, 2:37 pm


കെ. സുരേന്ദ്രനെതിരേ ഗുരുതര വെളിപ്പെടുത്തലുകളുമായി മഞ്ചേശ്വരത്തെ റിബൽ സ്ഥാനാർഥിയായിരുന്ന കെ. സുന്ദര വീണ്ടും രംഗത്ത്. സ്ഥാനാർഥിത്വം പിൻവലിക്കാനായി സുരേന്ദ്രൻ 50 ലക്ഷത്തോളം രൂപ ചെലവിട്ടെന്നാരോപിച്ച സുന്ദര, തനിക്ക് മദ്യഷോപ്പും വീടും നൽകാമെന്ന് വാഗ്ദാനം നൽകിയതായും വെളിപ്പെടുത്തി.
തനിക്ക് വേണ്ടി ചെലവിട്ട തുകയിൽ 47 ലക്ഷം രൂപ പ്രാദേശിക ബി.ജെ.പി നേതാക്കന്മാർ തട്ടിയെടുത്തെന്നും സുന്ദര മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ബി.ജെ.പിക്കാരനായ തന്റെ സുഹൃത്താണ് തുക സംബന്ധിച്ച് വിവരംതന്നതെന്ന് സുന്ദര പറഞ്ഞു. സുരേന്ദ്രൻ നൽകിയ 50 ലക്ഷം രൂപയിൽ രണ്ടര ലക്ഷം രൂപ മാത്രമാണ് തനിക്ക് ലഭിച്ചത്.
ബാക്കി 47 ലക്ഷം രൂപ പ്രദേശിക പാർട്ടി പ്രവർത്തകർ തട്ടിയെടുത്തുവെന്നും സുന്ദര ആരോപിച്ചു. മാർച്ച് 21-ന് വൈകിട്ടാണ് സുന്ദരയെ കാണാനില്ലെന്ന പരാതി ആദ്യമായി ഉന്നയിക്കപ്പെടുന്നത്. ബി.എസ്.പി പ്രവർത്തകർ ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് സുന്ദരയ്ക്കായി പോലീസ് അന്വേഷണം നടന്നു.
ഈ സമയത്ത് സുന്ദര ഉണ്ടായിരുന്നത് ജോഡ്കയിലുള്ള കെ. സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലാണെന്നും സുന്ദര ഇപ്പോൾ വെളിപ്പെടുത്തുന്നു. അവിടെ ബി.ജെ.പി പ്രവർത്തകരുടെ നിയന്ത്രണത്തിൽ കഴിഞ്ഞ സുന്ദരയ്ക്ക് രാത്രിയോടെ ഭക്ഷണവും മദ്യവും എത്തിച്ചു നൽകി. മൊബൈൽ ഫോൺ ബി.ജെ.പി പ്രവർത്തകർ സ്വിച്ച് ഓഫ് ചെയ്ത് വെച്ചിരുന്നു.


