India
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രന് നോട്ടീസ് നൽകും
Last updated on Sep 14, 2021, 5:26 am


ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് കാട്ടി ഈ ആഴ്ച നോട്ടീസ് നൽകും. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിലാണ് നോട്ടീസ് നൽകുന്നത്.
സുരേന്ദ്രന്റെ സൗകര്യം കൂടി പരിഗണിച്ചാവും ചോദ്യം ചെയ്യലിന് ഹാജരാവാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകുക. നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാർഥിയുടെ പത്രിക പിൻവലിക്കാൻ രണ്ടര ലക്ഷം രൂപ കോഴ നൽകിയ കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് സൂചന
ബി.എസ്.പി സ്ഥാനാർഥി കെ സുന്ദരയുടെ വെളിപ്പെടുത്തലിനെ തുടർന്ന് കാസർകോട് ചീഫ് ജുഡീജ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. ബദിയടുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. മാർച്ച് 22ന് കാസർകോട് താളിപ്പടുപ്പിൽ കെ സുരേന്ദ്രൻ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ വെച്ചാണ് പത്രിക പിൻവലിപ്പിക്കാനുള്ള അപേക്ഷ തയ്യാറാക്കിയത്. കാഞ്ഞങ്ങാട് മുൻസിഫ് കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ സുന്ദരയും അമ്മയും ബന്ധുക്കളും പൊലീസിൽ നൽകിയ മൊഴി ആവർത്തിച്ചിരുന്നു.


