India
image_print

മാറണം സമരരീതികള്‍

Written by

archanaa chuqwe

ഴിഞ്ഞ ദിവസം കൊച്ചി നഗരത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന ഇന്ധനവില വര്‍ദ്ധനവിനെതിരെയുള്ള വഴിതടയല്‍ സമരത്തില്‍ ഗതാഗത തടസ്സം നേരിട്ടതിനെതിരെ നടന്‍ ജോജു ജോര്‍ജ് തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചിരുന്നു.കാറില്‍ നിന്നിറങ്ങിയ ജോജുവും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. തന്റെ കാറിനടുത്തുള്ള വാഹനത്തില്‍ കീമോ തെറാപ്പി ചെയ്യാന്‍ പോകുന്ന ഒരു കുട്ടിയാണുള്ളതെന്നും, തൊട്ടപ്പുറത്തുള്ള കാറില്‍ ഒരു ഗര്‍ഭിണി സ്‌കാനിംഗിനായി പോവുകയാണെന്നും, ഇവരുടെയൊക്കെ വഴി തടഞ്ഞിട്ട് ഇതെന്ത് സമരമാണെന്നും ജോജു ചോദിച്ചു.കോണ്‍ഗ്രസിനെ നാണം കെടുത്താനുള്ള സമരമാണെന്നും ജനജീവിതം ബുദ്ധിമുട്ടിലാക്കരുതെന്നും ജോജു പറഞ്ഞു.

സംഭവത്തിനിടെ ജോജു സഞ്ചരിച്ച കാര്‍ സമരാനുകൂലികള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. ജോജു മദ്യപിച്ചിരുന്നു എന്നും സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നും അവര്‍ ആരോപിക്കുകയും ചെയ്തിരുന്നു.തുടര്‍ന്ന് പൊലീസ് ഇടപ്പെട്ടാണ് നടനെ പ്രതിഷേധക്കാരുടെ ഇടയില്‍ നിന്ന് മാറ്റിയത്. അതിനിടെ വൈദ്യപരിശോധനയില്‍ ജോജു ജോര്‍ജ് മദ്യപിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു.ജോജു ഗുണ്ടയെ പോലെ പെരുമാറി എന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും ആരോപിച്ചു. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ജോജു ജോര്‍ജിനെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നും ആ നടപടി ജനങ്ങളെയും സമൂഹത്തെയും ബോധ്യപ്പെടുത്താന്‍ സാധിക്കുന്ന നടപടി ആയിരിക്കണം അതെന്നും സുധാകരന്‍ പറഞ്ഞു.അക്രമം കാട്ടിയ അക്രമിയുടെ കാറ് തകര്‍ത്തെങ്കില്‍ അത് ജനരോക്ഷത്തിന്റെ ഭാഗമാണെന്നും അതില്‍ അത്ഭുതപ്പെടാനില്ലെന്നും വരെ സുധാകരന്‍ ന്യായീകരിച്ചു. സ്വന്തം നാട്ടില്‍ കാലു കുത്താന്‍ ജോജു ജോര്‍ജിനെ അനുവദിക്കില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ നിലപാട്.നിരവധി കോണ്‍ഗ്രസ് നേതാക്കാള്‍ ജോജുവിനെതിരെ രംഗത്ത് വന്നിരുന്നു.

നടന്‍ പ്രതിഷേധിച്ചതോടെ വന്‍ വിവാദങ്ങളാണ് പിന്നാലെ പൊട്ടിപ്പുറപ്പെട്ടത്.സോഷ്യല്‍ മീഡിയയില്‍ നടനെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം ചര്‍ച്ചകള്‍ കൊഴുത്തു.എന്നാല്‍ ഇതാദ്യമായല്ല കേരളത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി വഴിതടയല്‍ സമരം നടത്തുന്നത്.ഇതിനുമുമ്പും പല പാര്‍ട്ടികളും ഇത്തരത്തില്‍ വഴിതടയല്‍ സമരം നടത്തി ജനജീവിതം ദുഃസഹമാക്കിയിട്ടുണ്ട്. പ്രതിഷേധവുമായി ഒറ്റയ്ക്കും കൂട്ടത്തോടെയുമെല്ലാം പലരും രംഗത്ത് വന്നിട്ടുണ്ട്. നടന്‍ ജോജു ജോര്‍ജ് തെരുവിലിറങ്ങി പ്രതിഷേധിച്ചത് ചര്‍ച്ചയായ സാഹചര്യത്തില്‍ മറ്റൊരു സംഭവം ഇതിനിടയില്‍ പൊങ്ങി വന്നു. 2013 ല്‍ സി.പി.എം. വഴിതടഞ്ഞുകൊണ്ടുള്ള സമരത്തില്‍ പ്രതിഷേധിച്ച യുവതിയുടേതാണത്.സോളാര്‍ സമരത്തിനെതിരെ പ്രതികരിച്ച സന്ധ്യയായിരുന്നു അന്നത്തെ താരം. സി.പി.എം. നേതാക്കളോട് ഇരുചക്രവാഹനത്തിലെത്തിയ യുവതി വഴിതടയല്‍ സമരത്തിനെതിരെ പൊട്ടിത്തെറിക്കുന്നതാണ് വിഷയം. സമരത്തിനെതിരെ പ്രതികരിച്ച സന്ധ്യയെ പ്രശംസിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു.യുവതിക്ക് ഷാഫി പറമ്പില്‍ അടക്കമുള്ള നേതാക്കള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പിന്തുണയും അഭിനന്ദനവും അറിയിച്ചിരുന്നു.അന്ന് ഇത്തരം സമരരീതികളെ ഷാഫി വിമര്‍ശിച്ചിരുന്നു. ഇന്നിപ്പോള്‍ സമാന വിഷയത്തില്‍ ജോജുവിനെതിരായ കോണ്‍ഗ്രസിന്റെ നിലാപാടിനെ ചോദ്യം ചെയ്ത് നിരവധി പേര്‍ രംഗത്തെത്തി.സന്ധ്യയും ജോജുവും ചെയ്തത് ഒന്നുതന്നെയല്ലേയെന്നും ഇന്ന് ജോജുവിന് സല്യൂട്ടും പിന്തുണയും കൊടുക്കുന്നില്ലേ എന്നാണ് ഇവരുടെ ചോദ്യം.

വഴിതടയല്‍ സമരത്തിനെതിരെ വഴിയില്‍ കിടക്കുന്നവര്‍ പ്രതിഷേധിച്ചാല്‍ അവരുടെ വണ്ടി തല്ലിപ്പൊളിക്കുന്നതാണോ ന്യായം. പ്രതിഷേധിക്കാനുള്ള അവകാശം കോണ്‍ഗ്രസിനുള്ളത് പോലെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ജോജുവിനും ഉണ്ട്. ഇത് സിപിഎം ആയിരുന്നു ചെയ്തത് എങ്കില്‍ ജോജുവും അനങ്ങില്ല ഒരുത്തനും അനങ്ങില്ല.ഇന്ധന വില വര്‍ദ്ധനവിനെതിരെ കാള വണ്ടി സമരവും ഹര്‍ത്താലും നടത്തിയിരുന്നവരാണ് ഇപ്പോള്‍ ന്യായികരിക്കാന്‍ എത്തിയിരിക്കുന്നത്.സഖാക്കള്‍ ഇപ്പോള്‍ മാന്യന്മാരായി അഭിനയിക്കുന്നു. അതുപോലെ ഒരു ജനകീയ പ്രശ്നത്തെ എതിര്‍ക്കുന്നവന് വട്ടാണെന്നും കള്ളോ കഞ്ചാവോ അടിച്ചിട്ടായിരിക്കും എന്ന് പറഞ്ഞ് അപമാനിക്കുന്നതാണോ ന്യായം.എന്നു തുടങ്ങി ഒട്ടനവധി ചോദ്യങ്ങളാണ് ഇതോടെ ഉയര്‍ന്ന് വന്നിരിക്കുന്നത്.

 

ഒരു ജനാധിപത്യ രാജ്യത്തു പ്രതിഷേധിക്കാനും പ്രതികരിക്കാനും അവകാശം ഉണ്ട്.എന്നാല്‍ സമര രീതികള്‍ ,സമരം ഉയര്‍ത്തുന്ന യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ഇതൊക്കയാണ് മാറേണ്ടത്.ഏതു രാഷ്ട്രീയ
പാര്‍ട്ടി പ്രതിഷേധിച്ചാലും ജനങ്ങളെ ബുദ്ദിമുട്ടിക്കുന്നതാണ് ഇവിടുത്ത രീതി.സമരങ്ങളില്‍പെട്ട് കഷ്ടപ്പെടുന്ന സാധാരണ ജനങ്ങളുടെ നിസ്സഹായാവസ്ഥയും കണ്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ പലവട്ടം ഉണ്ടായിട്ടും നമ്മള്‍ പഠിച്ചില്ല. സമരത്തിന്റെ പേര് പറഞ്ഞ് പൊതുസമൂഹത്തിലേക്ക് ഇറങ്ങി മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന രീതി പിന്തുടര്‍ന്നു കൊണ്ടിരിക്കുന്നു. ഒരു പാര്‍ട്ടി പ്രവര്‍ത്തകര്‍ സമരം ചെയ്യുമ്പോള്‍ മറ്റു പാര്‍ട്ടി പ്രവര്‍ത്തകര്‍ അവര്‍ ചെയ്യുന്ന ബുദ്ധിമുട്ടികളെക്കുറിച്ച് വിമര്‍ശിച്ച് രംഗത്ത് എത്താറുണ്ട്. എന്നാല്‍ അതേ രീതിതന്നെയാണ് അവരും പിന്തുടരുന്നത്. ആ സമരത്തിന്റെ ചൂട് മാറുമ്പോള്‍ വിമര്‍ശിച്ചവര്‍ തന്നെ ഇതിനെക്കാളും വലിയ സമരങ്ങളുമായി രംഗത്തെത്തും. സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ സമരങ്ങള്‍ നടത്താന്‍ നമുക്ക് ഒരുപാട് വഴികളുണ്ട്. പൊതുജനത്തിനു സഞ്ചരിക്കാന്‍ , പൊതുജനം കൊടുക്കുന്ന നികുതിയില്‍ നിന്നും നിര്‍മിക്കുന്ന റോഡില്‍ , പൊതുജനത്തിന്റ്‌റെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി ചെയ്യേണ്ടതല്ല സമരം.

ബ്രിട്ടീഷുകാരെ ഓടിക്കാന്‍ അന്നത്തെ സാഹചര്യത്തിന് യോജിച്ചതും ഇന്ന് കാലഹരണപ്പെട്ടതും ആയ സമര രീതികളും, മറ്റു ചില രാജ്യങ്ങളില്‍ പയറ്റി പൊളിഞ്ഞു പോയ വിപ്ലവ സമര മുറകളും ആണ് ഇന്നും ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ പിന്തുടര്‍ന്നു പോരുന്നത്. അതാണ് ഈ കുഴപ്പങ്ങള്‍ക്ക് ഒക്കെ കാരണം. ഈ രീതി മാറേണ്ട കാലം എന്നേ കടന്നിരിക്കുന്നു.പാശ്ചാത്യ രാജ്യങ്ങളില്‍ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ടൗണുകളിലും രാജ്യ തലസ്ഥാനത്തും സ്ഥിരം വേദികള്‍ ഉണ്ട്. അതിനായി ചില മൈതാനങ്ങളും റോഡുകളും ഒക്കെ പ്രത്യേകം മാറ്റി വച്ചിരിക്കുന്നു. അവിടെ മാത്രം ആണ് സമരം അരങ്ങേറുക. അതും മുന്‍കൂട്ടി അറിയിച്ചതിന് ശേഷം. അത് കൊണ്ട് സാധാരണ ജനങ്ങള്‍ സമരം മൂലം ബുദ്ധിമുട്ടില്‍ ആവില്ല. സമരം ചെയ്യുന്നതു ജനങ്ങള്‍ക്ക് എതിരെ അല്ലല്ലോ. അധികാരികളുടെ ശ്രദ്ധ ക്ഷണിക്കല്‍ ആണല്ലോ സമരത്തിന്റെ പ്രധാന ഉദ്ദേശ്യം. അത് കൊണ്ട് അവിടങ്ങളില്‍ ഇത് പോലെ ജനങ്ങള്‍ ഓര്‍ക്കപ്പുറത്തു സമരവും ഹര്‍ത്താലും മൂലം വഴിയില്‍ തങ്ങി നിന്ന് നരകിക്കേണ്ടി വരാറില്ല.

പ്രതിഷേധ പരിപാടികള്‍ക്ക് സ്ഥിരം വേദി മാത്രം ഉപയോഗിക്കുന്ന ഒരു രാഷ്ട്രീയ സംസ്‌കാരം നിലവില്‍ വന്നില്ലെങ്കില്‍ ആരൊക്കെ എത്രയൊക്കെ സമരം എത്ര കാലം ചെയ്താലും ഒരു കാര്യവുമുണ്ടാകില്ല. അതുമല്ലെങ്കില്‍ പൊതുജനത്തെ ബുദ്ധിമുട്ടിക്കാത്ത മറ്റ് വഴികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഡല്‍ഹിയില്‍ കഴിഞ്ഞ ഒരു കൊല്ലം ആയി പലയിടത്തും വഴി തടഞ്ഞു കര്‍ഷക സമരങ്ങള്‍ നടത്തിയിട്ട് ഇത് വരെ ആര്‍ക്കെങ്കിലും എന്തെങ്കിലും ഗുണം ഉണ്ടായോ?. പൊതു ജനത്തെ ബുദ്ധിമുട്ടിക്കുക എന്നല്ലാതെ എന്തെങ്കിലും നടന്നോ? ജന ജീവിതം സ്തംഭിപ്പിച്ചു കൊണ്ടുള്ള സമര സംസ്‌കാരം തന്നെ മാറി ഇല്ലെങ്കില്‍ ഒരു കാലത്തും ഒന്നും നടക്കാന്‍ പോകുന്നില്ല. ഇത് ഇങ്ങനെ തുടര്‍ന്ന് കൊണ്ടിരിക്കും. ഒരു പ്രശ്നത്തിനും ശ്വാശ്വത പരിഹാരം ഉണ്ടാകില്ല. സമരങ്ങള്‍ വെറും രാഷ്ട്രീയ പകപോക്കല്‍ മാത്രം ആകും. അത് കൊണ്ട് നിലവില്‍ ഉള്ള സമര രീതികളെ എല്ലാം എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്.

 

Leave a Reply

Your email address will not be published.