India
image_print

പുരാവസ്തു തട്ടിപ്പ് കേസ്; അന്വേഷണം തുടരുന്നു

Written by

archanaa chuqwe

വിവാദ പുരാവസ്തു തട്ടിപ്പ് കേസിൽ പരാതിക്കാരുടെ മൊഴിയെടുക്കുന്നത് ഇന്നും തുടരും. ശിൽപ്പി സുരേഷിൻറെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. മോൻസനെ ചേർത്തലയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും.

താൻ നിർമിച്ച വിഗ്രഹങ്ങൾ പുരാവസ്തുവെന്ന പേരിൽ മോൻസൺ വിൽക്കാൻ ശ്രമിച്ചുവെന്ന് കാട്ടി മുട്ടത്തറ സ്വദേശി സുരേഷ് നൽകിയ പരാതിയിലാണ് ഇന്ന് ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തുക. മോൻസൺ 75 ലക്ഷം രൂപ തട്ടിച്ചുവെന്നും ഇതുമൂലം സാമ്പത്തികമായി തകർന്നുവെന്നും സുരേഷ് നൽകിയ പരാതിയിൽ പറയുന്നു. കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ ഇന്ന് മോൻ‌സണെ ചേർത്തലയിലെ വീട്ടിലെത്തിച്ച് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തും.

മോൻസണെ ചോദ്യംചെയ്തതിൽ നിന്ന് വ്യാജരേഖകൾ ചമക്കാൻ‌ സഹായിച്ചവരെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. ഇയാളുടെ ബന്ധുവാണ് ഇതിനായി സഹായം ചെയ്തതെന്നാണ് വിവരം. പരാതിക്കാരുടെ മൊഴിയെടുപ്പും തെളിവ് ശേഖരണവും ഇന്നും തുടരും. ഭൂമി പാട്ടത്തിന് നൽകാമെന്ന പേരിൽ ഒരു കോടി 72 ലക്ഷം രൂപ മോൻസൺ തട്ടിയെടുത്തുവെന്ന് പരാതി നൽകിയ രാജീവിൻറെ മൊഴിയാണ് ഇന്നലെ പ്രധാനമായും രേഖപ്പെടുത്തിയത്.

പരാതിക്കാരുടെ കൈവശമുള്ള ഡിജിറ്റൽ തെളിവുകൾ അടക്കം ശേഖരിക്കുന്ന നടപടികളാണ് മുന്നോട്ട് പോകുന്നത്. മോൻസൺ നേരിട്ടും സഹായികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴിയും നടത്തിയ ഇടപാടുകളുടെ രേഖകളും പരിശോധിച്ച് വരികയാണ്. മോൻസൻറെ വീട്ടിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടക്കുന്ന പരിശോധന ഇന്നും തുടരും.

 

Leave a Reply

Your email address will not be published.