India
അക്കൗണ്ടിലുള്ളത് 176 രൂപ മാത്രമെന്ന് മോൺസൺ
Last updated on Sep 30, 2021, 7:05 am


പുരാവസ്തു തട്ടിപ്പ് കേസിൽ വീണ്ടും വഴിത്തിരിവ്. തനിക്ക് ആകെയുള്ളത് ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണെന്നും അതിൽ വെറും 176 രൂപ മാത്രമേ ഉള്ളുവെന്നും മോൻസൺ മാവുങ്കൽ. മകളുടെ കല്യാണത്തിന് സുഹൃത്തായ ജോർജിൽ നിന്ന് കടം വാങ്ങിയെന്നും കൂടെയുള്ളവർക്ക് ആറ് മാസമായി ശമ്പളം പോലും നൽകിയിട്ടില്ലെന്നും മോൻസൺ മാവുങ്കൽ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി.
മോൻസണിന്റെ ഭൂമി ഇടപാടുകളും അന്വേഷിക്കാൻ ഒരുങ്ങുകയാണ് ക്രൈം ബ്രാഞ്ച്. കോടികളുടെ കണക്ക് പറഞ്ഞ് ആളുകളെ പറ്റിച്ച മോൻസണിന്റെ അക്കൗണ്ട് വിവരങ്ങൾ കണ്ട് ഞെട്ടിയിരിക്കയാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ. തട്ടിപ്പ് നടത്തിയുണ്ടാക്കിയ പണമെല്ലാം ആർഭാട ജീവിതത്തിനാണ് ഇയാൾ ഉപയോഗിച്ചിരുന്നത്.
അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുൻപുള്ള സമയത്ത് കാര്യമായ ഇടപാടുകൾ ഒന്നും നടക്കാത്തതിനാൽ ഇയാൾ സാമ്പത്തിക പ്രതിസന്ധിയിലായി എന്നാണ് വിവരം. ഇപ്പോഴത്തെ പരാതിക്കാർ ആറ് മാസത്തോളമായി മോൻസണെ പിന്തുടർന്നും കൂടുതൽ തട്ടിപ്പുകൾ ഇയാൾ നടത്താതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതുമാണ് ഇതിന് കാരണം. ഇതോടെയാണ് മകളുടെ കല്യാണം പോലും നടത്താൻ കടം വാങ്ങേണ്ട അവസ്ഥയിലേക്ക് മോൻസൺ എത്തിയതെന്നാണ് വിവരം.


