India
മൂഴിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു;ജാഗ്രത പാലിക്കണമെന്ന് ജില്ലാകളക്ടര്‍
Last updated on Sep 25, 2021, 6:23 am


ജലനിരപ്പ് ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് പത്തനംതിട്ട മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ ഏതുനിമിഷവും തുറന്നേക്കാമെന്ന് അധികൃതർ അറിയിച്ചു. കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി മൂഴിയാർ ഡാമിൻറെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴപെയ്യുന്നതിനാലാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നത്. ജലനിരപ്പ് 190 മീറ്റർ എത്തിയപ്പോൾ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ജലനിരപ്പ് 192. 63 മീറ്ററായി ഉയർന്നാൽ ഏതുസമയത്തും ഡാം തുറക്കുമെന്നാണ് അധികൃതർ നൽകിയ മുന്നറിയിപ്പ്. മൂഴിയാർ ഡാമിന്റെ 3 ഷട്ടറുകൾ പരമാവധി 60 സെൻറീമീറ്റർ എന്ന തോതിൽ ഉയർത്തി 101. 49 കുമെക്സ് എന്ന നിലയിൽ ജലം നദിയിലേക്ക് വിടുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുള്ളത്. ഷട്ടറുകൾ ഉയർത്തുമ്പോൾ നദിയിൽ 100 സെൻറീമീറ്റർ വരെ ജലം ഉയർന്നേക്കും. മണിയാർ, പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി ആറന്മുള എന്നിവിടങ്ങളിലും ജാഗ്രത നിർദേശം ഉണ്ട്. പൊതുജനങ്ങൾ നദിയിൽ ഇറങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


