India
image_print

നര്‍ക്കോട്ടിക് ഏതെങ്കിലും മതവിഭാഗത്തെ ബാധിക്കില്ല;മുഖ്യമന്ത്രി

Written by

askshiyas

പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് പ്രസ്താവനയോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നത സ്ഥാനത്തുള്ളവര്‍ ഇത്തരത്തിലുള്ള വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള ചേരിതിരിവ് ഉണ്ടാകാതിരിക്കാന്‍ നോക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമൂഹത്തില്‍ സ്വാധീന ശക്തിയുള്ള ആളാണ് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. നര്‍ക്കോട്ടിക് ജിഹാദ് എന്ന വാക്ക് ആദ്യമായാണ് കേള്‍ക്കുന്നത്. നര്‍ക്കോട്ടികിന്റെ പ്രശ്നം ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തെ ബാധിക്കുന്നതാണെന്ന് കരുതുന്നില്ല. സമൂഹത്തെ ആകെ ബാധിക്കുന്ന പ്രശ്നമാണത്. നര്‍ക്കോട്ടികിനെ തടയാന്‍ കഴിയാവുന്ന വിധത്തില്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. നിയമനടപടികള്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. നര്‍ക്കോട്ടികിന് ഏതെങ്കിലും മതത്തിന്റെ നിറം ഉണ്ടെന്ന് കാണരുത്. അതിനുള്ള നിറം സാമൂഹിക വിരുദ്ധതയുടെ നിറമാണ്. ഒരു മതവും മയക്കു മരുന്നിനെ പ്രോത്സാഹിപ്പിക്കരുത്. ആ നിലപാടാണ് സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടന്‍ രംഗത്തെത്തിയിരുന്നു. ലൗ ജിഹാദിനും നര്‍കോട്ടിക്ക് ജിഹാദിനുമെതിരെ ജാഗ്രത വേണമെന്ന് ഇരിങ്ങാലക്കുട ബിഷപ്പ്. കുടുംബാസൂത്രണത്തിനെതിരെയും ഇരിങ്ങാലക്കുട ബിഷപ്പ് പരാമര്‍ശം നടത്തിയിട്ടുണ്ട്. ക്രൈസ്തവ കുടുംബങ്ങളില്‍ നാല് മക്കളെങ്കിലും വേണമെന്നും അദ്ദേഹം പറഞ്ഞു. രൂപതാ ദിനത്തോടനുബന്ധിച്ച് നടന്ന കുറുബാനയിലാണ് ഇരിങ്ങാലക്കുട ബിഷപ്പ് പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചത്.

പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയെ ന്യായീകരിച്ച് മുന്‍ കെ.സി.ബി.സി. വക്താവും രംഗത്തെത്തിയിരുന്നു. മാര്‍ കല്ലറങ്ങാട്ടിന്റേത് വിശ്വാസികള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശമാണെന്നും മക്കളുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്നും ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട് ചോദിച്ചു.

Leave a Reply

Your email address will not be published.