India
വാഗ്ദാനം പാലിച്ച് സ്റ്റാലിന്;തമിഴ്നാട്ടില്‍ അബ്രാഹ്മണര്‍ക്ക് ക്ഷേത്രത്തില്‍ നിയമനം നല്കി
Last updated on Aug 16, 2021, 5:10 am


പ്രകടനപത്രികയിലെ വാഗ്ദാനം പൂര്‍ത്തിയാക്കി സ്റ്റാലിന് സര്‍ക്കാര്‍ അബ്രാഹ്മണരായ പൂജാരിമാര്‍ക്ക് ക്ഷേത്രത്തില്‍ നിയമനം നല്കി. ബ്രാഹ്മണേതര ജാതിയിലുള്ള 58 പേര്‍ക്കാണ് തമിഴ്നാട്ടിലെ വിവിധ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമനം നല്കാന് ഉത്തരവായത്. സംസ്കൃതത്തിന് പകരം തമിഴില്‍ പൂജാകര്‍മങ്ങള്‍ നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ കീഴിലുള്ള ക്ഷേത്രങ്ങളിലേക്കാണ് പുതിയ നിയമനം.
വിദഗ്ധ പരിശീലനത്തിന് ശേഷമാണ് പൂജാരിമാരെ നിയമിച്ചത്. പിന്നാക്ക വിഭാഗങ്ങളിലെ 12 പേരും പട്ടികജാതിയിലെ അഞ്ചുപേരും അതീവ ദുര്‍ബല പിന്നാക്കവിഭാഗങ്ങളിലെ ഒന്നും ആറുപേരെയാണ് നിയമിച്ചത്. ഇതില്‍ 24 പേര് സര്‍ക്കാറിന് കീഴിലുള്ള പാഠശാലകളില്‍ നിന്നും 34 പേര് സ്വകാര്യ പാഠശാലകളും ആണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ക്ഷേത്രങ്ങളിലെ മറ്റ് ജോലിക്കായി 138 പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്. നേരത്തെ അന്തരിച്ച കെ കരുണാനിധിയാണ് മുഴുവന്‍ ജാതിയിലുള്ളവര്‍ക്കും പൂജാരിമാരാവാനുള്ള വിപ്ലവകരമായ ചുവടുവെപ്പ് ആദ്യം നടത്തിയത്. തമിഴില്‍ പൂജാകര്‍മ്മങ്ങള്‍ നടത്താനുള്ള നടപടികളും പ്രമുഖ ക്ഷേത്രങ്ങളില്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.


