India
image_print

ഒമിക്രോണ്‍;സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി കര്‍ണാടക

Written by

archanaa chuqwe

ആഗോളതലത്തില്‍ കടുത്ത ആശങ്ക ഉയര്‍ത്തുന്ന ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി കര്‍ണാടക സര്‍ക്കാര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോണ്‍ഫറന്‍സുകള്‍, സെമിനാറുകള്‍, അക്കാദമിക് ഇവന്റുകള്‍ തുടങ്ങി എല്ലാ സാമൂഹിക സാംസ്‌കാരിക പരിപാടികളും രണ്ട് മാസത്തേക്ക് മാറ്റിവെക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.അല്ലെങ്കില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റാനും ആവശ്യപ്പെട്ടിട്ടുണ്ട്.ജനങ്ങള്‍ തിങ്ങി നില്‍ക്കുന്നത് കഴിവതും ഒഴിവാക്കാനും നിര്‍ദേശമുണ്ട്. മെഡിക്കല്‍, പാരാമെഡിക്കല്‍ തുടങ്ങി മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം ഉള്ള എല്ലാ വിദ്യാര്‍ത്ഥികളെയും എല്ലാ ദിവസവും കോവിഡ്-19 ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് പിന്നാലെയാണ് ഔദ്യോഗിക പ്രസ്താവന സര്‍ക്കാര്‍ പുറത്തു വിട്ടത്.കോവിഡ്-19 മാര്‍ഗ്ഗനിര്‍ദ്ദേശം കര്‍ശനമാക്കാനും സംസ്ഥാന അതിര്‍ത്തികളില്‍, പ്രത്യേകിച്ച് കേരള-മഹാരാഷ്ട്ര അതിര്‍ത്തി ജില്ലകളില്‍ ജാഗ്രത വര്‍ദ്ധിപ്പിക്കാനും ദേശീയ പാതകളില്‍ നിയന്ത്രണം വര്‍ദ്ധിപ്പിക്കാനും ഉദ്യോഗസ്ഥരോട് മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

മൈസൂരു, ബംഗളൂരു, ധാര്‍വാഡ് എന്നിവിടങ്ങളില്‍ അടുത്തിടെ കൊവിഡ്-19 ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതിനു ശേഷമാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കോവിഡ് -19 ന്റെ പുതിയ വകഭേദമായ ”ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ രോഗബാധിത രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ ആര്‍ടി-പിസിആര്‍ ടെസ്റ്റ് നടത്തണമെന്നും കര്‍ണാടക സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.ഒപ്പം കോവിഡ് 19 ആര്‍ടി പിസിആര്‍ ടെസ്റ്റ് സര്‍ക്കാര്‍ നിര്‍ബന്ധിതമാക്കി. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടണ്ടതുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം സര്‍ക്കാര്‍ ഓഫീസുകള്‍, മാളുകള്‍, ഹോട്ടലുകള്‍, സിനിമാശാലകള്‍, മൃഗശാലകള്‍, നീന്തല്‍ക്കുളങ്ങള്‍, ലൈബ്രറികള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുമെന്നും കര്‍ണാടക റവന്യൂ മന്ത്രി ആര്‍ അശോക് പറഞ്ഞു.

Leave a Reply

Your email address will not be published.