India
എന്താണ് ഓസോണ്‍ പാളിയിലെ ദ്വാരത്തിന് കാരണമായത്?
Last updated on Sep 16, 2021, 8:04 am


ഇന്ന് രാജ്യാന്തര ഓസോണ്‍ ദിനം.ഏകദേശം 40 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ശാസ്ത്രജ്ഞര്‍ മനുഷ്യ പ്രവര്‍ത്തനങ്ങള്‍ ഓസോണ്‍ പാളി ശോഷിക്കുന്നതായും അന്റാര്‍ട്ടിക്കയില്‍ ഒരു ദ്വാരം രൂപപ്പെട്ടതായും കണ്ടെത്തി. പതിറ്റാണ്ടുകള്‍ക്ക് ശേഷം, 1980 കളിലെ ഓസോണ്‍ ദ്വാരം അതിന്റെ ഭയാനകമായ കാഴ്ചപ്പാടില്‍ നിന്ന് ഒരുപാട് മുന്നോട്ട് പോയി. അന്തരീക്ഷത്തിലെ ഓസോണ്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി നയരൂപകര്‍ത്താക്കളും ശാസ്ത്രജ്ഞരും തമ്മില്‍ ഇപ്പോഴും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഓസോണ്‍ പാളിയെ നശിപ്പിച്ച് ക്ലോറോ ഫ്ളൂറോ കാര്ബണുകള് എന്നറിയപ്പെടുന്ന രാസസംയുക്തങ്ങള്‍ അപകടകരമായ തോതില്‍ ഉയരുന്നതിന് തടയിട്ട് ഓസോണ്പാളിക്ക് ജീവനും ആരോഗ്യവും കൊടുത്ത രാജ്യാന്തര ഉടമ്പടി ആയിരുന്നു മോണ്ട്രിയല് പ്രോട്ടോക്കോള്‍. യു എന്നിന്റെ നേതൃത്വത്തില്‍ ഏറ്റവും വിജയകരമായ ഉടമ്പടിയെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. 1930 റഫ്രിജറേറ്ററു കളിലെ ശീതീകരണത്തിന് വേണ്ടിയാണ് ക്ലോറോ ഫ്ളൂറോ കാര്ബണുകള് നിര്‍മ്മിച്ചു തുടങ്ങിയത്. എന്നാല്‍ അതിന്റെ ദോഷഫലങ്ങളെക്കുറിച്ച് അന്ന് ശാസ്ത്രസമൂഹത്തിന് അറിവുണ്ടായിരുന്നില്ല. 1970 ലാണ് സി എഫ്സികള്‍ ഓസോണിന് വലിയ രീതിയില്‍ ബാധിക്കുന്നുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയത്. ലോക പരിസ്ഥിതി സംഘത്തിന്റെ ഗതിയെ തന്നെ മാറ്റിയ ഈ പഠനത്തിന് 1995 ല്‍ നോബല്‍ സമ്മാനം ലഭിച്ചിരുന്നു.
1985 ലാണ് പിന്നീട് ഈ മേഖലയില്‍ ഏറ്റവും ശ്രദ്ധേയമായ പഠനം നടന്നത്. ബ്രിട്ടീഷ് അന്റാര്‍ട്ടിക്ക സര്‍വ്വേ ശാസ്ത്രജ്ഞനായ ജോ ഫാര്‍മാന്‍, ബ്രയാന്‍ ഗാര്‍ഡ്നര്‍, ജോണ്‍ ഷാങ്ക്ലിന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു പഠനം നടത്തിയത്. അന്റാര്‍ട്ടിക്കക്ക് മുകളില്‍ ഓസോണ്‍ വലിയ രീതിയില്‍ കുറഞ്ഞിരിക്കുന്നുവെന്നായിരുന്നു പഠനം. ഒരു ഓസോണ്‍ ദ്വാരം എന്നപേരില്‍ ഈ പഠനം ലോകശ്രദ്ധ നേടി. അത് സാധാരണ ജനങ്ങളില്‍ പോലും ആശങ്ക സൃഷ്ടിച്ചു. ഇത് ഗൗരവമായി കണ്ടുകൊണ്ട് 1989 സെപ്റ്റംബര്‍ 16 ന് മോണ്ട്രിയല് പ്രോട്ടോക്കോള്‍ നടപ്പില്‍ വരുത്തി. ലോകരാജ്യങ്ങള്‍ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയാണ് ഈ പ്രോട്ടോക്കോള്‍ പാലിക്കാമെന്ന് തീരുമാനമെടുത്തത്. ഈ ദിനത്തിന്റെ വാര്‍ഷികമായി ആണ് എല്ലാ വര്‍ഷവും ഓസോണ്‍ ദിനം ആചരിക്കുന്നത്. അതോടെ റഫ്രിജറേറ്ററില്‍ ഹൈഡ്രോഫ്ളൂറോ കാര്‍ബണ്‍ എന്ന മറ്റൊരു രാസ സംയുക്തമായിരുന്നു ഉപയോഗിച്ചത്. എന്നാല്‍ ഇതൊരു ഹരിതഗൃഹവാതകമാണെന്ന് താമസിക്കാതെ കണ്ടെത്തുകയും ഇതിന്റെ ഉപയോഗം കുറയ്ക്കാനും ഉല്പാദനം കുറക്കാനുള്ള തിരുത്തല്‍ 2016ല്‍ മോണ്ട്രിയല് പ്രോട്ടോക്കോളില്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഇത് നടപ്പില്ആക്കിയതോടെയാണ് ഓസോണ്പാളിയുടെ ആരോഗ്യം വീണ്ടും ശരിയായ രീതിയില്‍ മുന്നോട്ടുപോകുന്നതെന്നും 2050 -2070 കാലഘട്ടത്തില്‍ ഇത് പൂര്‍ണമായും ആശ്വാസകരമായ നിലയിലേക്ക് പോകുമെന്നുമാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.


