India
image_print

കാമുകിയെ കാണാന്‍ അതിര്‍ത്തി ചാടിക്കടന്ന പാക് യുവാവ് അറസ്റ്റില്‍

Written by

archanaa chuqwe

കാമുകിയെ കാണാന്‍ അതിര്‍ത്തിവേലി ചാടിക്കടന്ന പാകിസ്താനി യുവാവ് അറസ്റ്റില്‍. പാക് അതിര്‍ത്തി ജില്ലയായ ബഹവല്‍പുര്‍ സ്വദേശിയായ മുഹമ്മദ് ആമിര്‍(22) ആണ് ബി.എസ്.എഫിന്റെ പട്രോളിങിനിടെ പിടിയിലായത്. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലെ അതിര്‍ത്തിയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്.ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് പ്രണയത്തിലായ മുംബൈയിലുള്ള കാമുകിയെ കാണാനാണ് അതിര്‍ത്തി കടന്നതെന്ന് യുവാവ് സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞു. യുവാവിന്റെ പക്കല്‍ മൊബൈല്‍ ഫോണും കുറച്ച് കറന്‍സി നോട്ടുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ശ്രീ ഗംഗാനഗര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് ആനന്ദ് ശര്‍മ്മ പറഞ്ഞു.

 

അതേസമയം ഫേസ്ബുക്കില്‍ പരിചയപ്പെട്ട യുവതിയുമായി താന്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പ്രാഥമിക ചോദ്യം ചെയ്യലില്‍ യുവാവ് സമ്മതിച്ചു. മുംബൈയിലേക്ക് പോകുന്നതിന് വിസയ്ക്ക് അപേക്ഷിച്ചെങ്കിലും ഇന്ത്യന്‍ അധികൃതര്‍ അപേക്ഷ നിരസിച്ചതിനാലാണ് അതിര്‍ത്തി ചാടി കടന്ന് മുംബൈയിലെത്താന്‍ ശ്രമിച്ചതെന്നും യുവാവ് പറഞ്ഞു. അതിര്‍ത്തിയില്‍ നിന്ന് 1200 കിലോമീറ്റര്‍ അകലെയുള്ള മുംബൈയിലേക്ക് എങ്ങനെ പോകുമെന്നതിന് ഇയാള്‍ക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. ഇന്ത്യ-പാക് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് അമീര്‍ താമസിക്കുന്ന ഹസില്‍പൂര്‍ തഹ്സില്‍. മുംബൈയിലുള്ള യുവതിയുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.യുവാവ് പറയുന്ന കഥ ശരിയാണെങ്കില്‍ സംശയാസ്പദമായി ഒന്നുമില്ലെങ്കില്‍ ഇയാളെ പാകിസ്താന് കൈമാറുമെന്ന് ആനന്ദ് ശര്‍മ്മ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *