India
രാമക്ഷേത്ര നിര്‍മ്മാണ ഫണ്ട് ഉപയോഗിച്ച് വന്‍ തട്ടിപ്പ്;പരാതിയുമായി പുരോഹിതന്
Last updated on Aug 20, 2021, 8:17 am


രാമക്ഷേത്രത്തിന്റെ പേരില്‍ തട്ടിപ്പുനടത്തിയ രാമക്ഷേത്ര ട്രസ്റ്റിനും ബിജെപി എംഎല്‍എയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി അയോധ്യ മൂവ്മെന്റിന്റെ മുന്‍ നിര നേതാവായിരുന്ന പുരോഹിതന്. ക്ഷേത്രത്തിനായി സമാഹരിച്ച ലക്ഷണങ്ങള്‍ ഉപയോഗിച്ച് വന്‍ തട്ടിപ്പാണ് നടക്കുന്നതെന്നും അയോധ്യ ഹനുമാന് കാവ് ക്ഷേത്രത്തിലെ പുരോഹിതന് കൂടിയായ മഹന്ത് ധരംദാസാണ് പൊലീസില്‍ പരാതി നല്‍കിയത്.
അയോധ്യയിലെ ഗോസായ്ഗഞ്ചിലെ ബിജെപി എംഎല്‍എ ഇന്ദ്ര പ്രതാപ് തി വാരി, അയോധ്യാ മേയര്‍ ഋഷികേശ് ഉപാധ്യയുടെ അനന്തരവന് ഫൈസാബാദ് സബ് രജിസ്റ്റര്‍ എസ്ബി സിങ് എന്നിവര്‍ക്കെതിരെയാണ് ആരോപണം. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസികള്‍ നല്കിയ പണം ഉപയോഗിച്ച് സര്‍ക്കാര്‍ ഭൂമി വാങ്ങല്‍, ധന ദുര്‍വിനിയോഗം അടക്കമുള്ള കുറ്റങ്ങള്‍ ചേര്‍ത്താണ് കേസ്. ക്ഷേത്രത്തിനു വേണ്ടി വാങ്ങിയ 676 ചതുരശ്രമീറ്റര്‍ സ്ഥലത്തിന്റെ ഇടപാടുമായി ബന്ധപ്പെട്ടാണ് വിവാദം ഉയര്‍ന്നത്. ഈ ഭൂമി അയോധ്യ മേയറുടെ അനന്തരവന് ദീപ് നാരായണന് 20 ലക്ഷത്തിനാണ് വിറ്റത്. എന്നാല്‍ ഇതേ സ്ഥലം 2.5 കോടി രൂപയ്ക്കാണ് ദീപ് നാരായണനില്‍ നിന്നും ട്രസ്റ്റ് വാങ്ങിയത്. ഏകദേശം 35 ലക്ഷത്തിനടുത്ത് വിലമതിപ്പുള്ള ഭൂമിയാണ് വന്‍നിരക്കില്‍ ട്രസ്റ്റ് വാങ്ങിയതെന്നാണ് ആരോപണം. കുറ്റക്കാരെ ചുമതലകളില്‍ നിന്നും ഒഴിവാക്കി നിര്‍മാണ ചുമതല പുരോഹിതന്മാര്ക്ക് നല്‍കണമെന്നും ധരംദാസ് ആവശ്യപ്പെട്ടു. ബാബരി കേസ് ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള പ്രധാന അന്യായക്കാരന് ആയിരുന്നു ഇദ്ദേഹം.


