India
image_print

ജയസൂര്യ വിമര്‍ശിച്ച റോഡിലെ കുഴികള്‍ അടയ്ക്കും-മന്ത്രി റിയാസ്

Written by

archanaa chuqwe

വിവാദമായ ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് അറ്റകുറ്റപ്പണി നടത്തി നന്നാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഈ റോഡിന്റെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് ഫോണില്‍ പരാതിപ്പെട്ട ഈരാറ്റുപേട്ട സ്വദേശിക്ക് മന്ത്രി ഇതുസംബന്ധിച്ച ഉറപ്പ് നല്‍കി കഴിഞ്ഞു. പദ്ധതിക്ക് ഇന്ന് സാങ്കേതികാനുമതി നല്‍കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ റോഡുകളെക്കുറിച്ചുള്ള പരാതികള്‍ മന്ത്രിയെ ഫോണില്‍ വിളിച്ച് അറിയിക്കാവുന്ന പരിപാടിയിലാണ് നടപടി. ഈരാറ്റുപേട്ട- വാഗമണ്‍ റോഡിനായി 19.9 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനം വൈകാതെ തുടങ്ങാനാവുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ പ്രതീക്ഷ.

 

നേരത്തെ റോഡുകളെക്കുറിച്ചുള്ള പരാതി പൊതുജനങ്ങള്‍ക്ക് നേരിട്ടുവിളിച്ച് അറിയിക്കാവുന്ന പദ്ധതിയുടെ ഉദ്ഘാടനവേദിയില്‍ മുഖ്യാതിഥിയായി എത്തിയപ്പോഴായിരുന്നു മന്ത്രിയുടെ സാന്നിധ്യത്തില്‍ ഈരാറ്റുപേട്ട- വാഗമണ്‍ റോഡിന്റെ അവസ്ഥയെക്കുറിച്ച് നടന്‍ ജയസൂര്യ വിമര്‍ശനം നടത്തിയത്. റോഡുകളിലെ കുഴികളില്‍ വീണ് ആളുകള്‍ മരിക്കുമ്പോള്‍ കരാറുകാരന് ഉത്തരവാദിത്തം നല്‍കണമെന്നും അറ്റകുറ്റപ്പണിക്ക് തടസ്സമെന്ന വാദം ജനത്തിന് അറിയേണ്ട കാര്യമില്ലെന്നും അങ്ങിനെയെങ്കില്‍ ചിറാപ്പുഞ്ചിയില്‍ റോഡ് കാണില്ലെന്നുമായിരുന്നു ജയസൂര്യ വിമര്‍ശനം ഉന്നയിച്ചത്. സംഭവത്തില്‍ ചിറാപ്പുഞ്ചി ഉള്‍പ്പെട്ട മേഘാലയയില്‍ കേരളത്തേക്കാള്‍ റോഡ് കുറവാണെന്നും മന്ത്രി പ്രതികരിച്ചിരുന്നു. ജയസൂര്യയുടെ വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ പൊതുജനത്തിന്റെ ശബ്ദം കേള്‍ക്കുകയും അതിന് മൂല്യം കൊടുക്കുകയും ചെയ്യുന്ന മന്ത്രിയാണ് റിയാസ് എന്ന് ജയസൂര്യ പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *